കൊല്ലത്ത് എ.ടി.എം, ഓൺലൈൻ തട്ടിപ്പ്, വീട്ടമ്മയുടെ അക്കൗണ്ടിലെ 4.8 ലക്ഷം കവർന്നു

Sunday 21 July 2019 1:50 AM IST

കൊല്ലം: കൊല്ലം കടപ്പാക്കട സ്വദേശിയായ വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് എ.ടി.എം, ഓൺലൈൻ തട്ടിപ്പിലൂടെ 4,80,000 രൂപ കവർന്നു. കടപ്പാക്കട ഭാവന നഗർ 76ൽ ലീന സത്താറിന്റെ കൊല്ലം എസ്.ബി.ഐ മെയിൻ ബ്രാഞ്ചിലെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായത്. ചികിത്സാ ആവശ്യത്തിനായി ഡൽഹിയിലായിരുന്ന ലീന മേയ് 27ന് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം നഷ്‌ടമായ വിവരം അറിഞ്ഞത്. 29ന് കൊല്ലത്തെ ബാങ്ക് ശാഖയിൽ നേരിട്ടെത്തി പരാതി നൽകി. പണം നഷ്‌ടപ്പെട്ട് ഏറെ ദിവസങ്ങൾ കഴിഞ്ഞ് പരാതി നൽകിയതിനാൽ നഷ്‌ടപരിഹാരം നൽകാനാവില്ലെന്ന നിലപാടിലാണ് ബാങ്ക് അധികൃതർ.

രാജസ്ഥാൻ, ബീഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ വിവിധ എ.ടി.എമ്മുകളിൽ നിന്ന് വ്യാജ എ.ടി.എം കാർഡുകൾ ഉപയോഗിച്ചാണ് പകുതിയോളം തുക പിൻവലിച്ചത്. ഓരോ തവണ പണം എടുത്തപ്പോഴും സന്ദേശം ലീനയുടെ മൊബൈൽ ഫോണിൽ ലഭിച്ചിരുന്നു. പക്ഷേ, ചികിത്സാ ആവശ്യങ്ങൾക്കായി ആശുപത്രിയിലായിരുന്നതിനാൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. ഇതിനാൽ പണം നഷ്ടമാകുന്നതിന്റെ വിവരങ്ങൾ അറിഞ്ഞില്ല.

ജൂൺ 7ന് കൊല്ലം ഈസ്റ്റ് പൊലീസിൽ പരാതി നൽകി. പ്രാഥമിക അന്വേഷണത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്ന് ബോദ്ധ്യപ്പെട്ടതോടെ അന്വേഷണം സംസ്ഥാന ഹൈടെക് സെല്ലിന് കൈമാറി. നഷ്‌ടപ്പെട്ട തുക തിരികെ ലഭിക്കാൻ ബാങ്കിംഗ് ഓബുഡ്സ്‌മാനെ സമീപിച്ചിരിക്കുകയാണ് പരാതിക്കാരി.

 9 ദിവസം, 24 ഇടപാടുകൾ

മേയ് 14 മുതൽ 22 വരെ 24 ഇടപാടുകളിലൂടെയാണ് പണം കവർന്നത്. 11 തവണ എ.ടി.എമ്മുകളിലൂടെ പണം എടുക്കുകയും 13 തവണ ഓൺലൈൻ വഴി മൂന്ന് അക്കൗണ്ടുകളിലേക്ക് ട്രാൻസ്‌ഫർ ചെയ്യുകയുമായിരുന്നു. ഗ്രാമങ്ങളിലും നഗരങ്ങളിലും ഉള്ള വിവിധ എ.ടി.എമ്മുകളിൽ നിന്ന്‌ 4000, 8000, 20000, 40000 രൂപ ക്രമത്തിലാണ് പണം പിൻവലിച്ചത്.

 ദൃശ്യങ്ങൾ പരിശോധനയിൽ

പണം പിൻവലിച്ച എ.ടി.എം കൗണ്ടറുകളിലെ സുരക്ഷാ കാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കുകയാണ്. ലീനയുടെ അക്കൗണ്ടിൽ നിന്ന് പണം ട്രാൻസ്‌ഫർ ചെയ്‌ത അക്കൗണ്ടുകളുടെ ഉടമകളുടെ വിവരങ്ങളും ശേഖരിച്ചു. തട്ടിപ്പിനായി ഉപയോഗിച്ച അക്കൗണ്ടുകൾ തുടങ്ങാൻ വ്യാജ തിരിച്ചറിയൽ കാർഡുകളാണ് ഉപയോഗിച്ചതെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. ഉത്തർപ്രദേശ്, ബീഹാർ പൊലീസ് സേനകളുടെ സഹായവും തേടിയിട്ടുണ്ട്.