എന്നാൽ വിട്ടോ,​ തൃശൂരെ വെള്ളേപ്പങ്ങാടിക്ക്...

Thursday 16 May 2024 4:44 AM IST

തൃശൂർ: നഗരത്തിൽ ആകാശത്തോളം തലയുയർത്തി പുത്തൻപള്ളി. കീഴെ ഓരം ചേർന്ന് വെള്ളേപ്പങ്ങാടി എന്നു വിളിപ്പേരുള്ള എരിഞ്ഞേരി അങ്ങാടി. സാമൂഹിക മാദ്ധ്യമങ്ങളിൽ 'വെള്ളേപ്പം' നിറഞ്ഞോടുമ്പോൾ നൂറ്റാണ്ടിനോടടുത്ത കൊച്ചങ്ങാടിയും വൈറലാണ്.

തൂവെള്ള നിറത്തിൽ കടലാസിന്റെ കനമുള്ള,​ അപാര രുചിയുള്ള വെള്ളേപ്പം. വീട്ടിൽ ഇറച്ചിക്കറി വച്ചാൽ,​ തൃശൂരുകാർക്ക് എരിഞ്ഞേരി വെള്ളേപ്പം കൂടിയുണ്ടെങ്കിലേ തൃപ്തിവരൂ. രാവിലെയും വൈകിട്ടും പാഴ്സൽ വാങ്ങാൻ തിരക്കാണ്. കല്യാണ സദ്യയിലും ഇഷ്ട വിഭവം. ഇരുപതിനായിരത്തിലേറെ വെള്ളേപ്പം പാഴ്‌സൽ പോയ കല്യാണങ്ങളുണ്ട്. കൊവിഡു കാരണം ഇടയ്ക്ക് അപ്പക്കച്ചവടം കുറഞ്ഞെങ്കിലും, സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായതോടെ അങ്ങാടിക്ക് വീണ്ടും പെരുമയായി.

പന്ത്രണ്ട് വീടുകളുടെ മുന്നിലാണ് വെള്ളേപ്പം ഉണ്ടാക്കുന്നത്. നൂറ് വർഷത്തോളം പഴക്കം. ഇപ്പോഴുള്ളത് മൂന്നാം തലമുറ. പണ്ട് വീടുവീടാന്തരം കൊണ്ടുനടന്ന് വിൽക്കുകയായിരുന്നു.

മൂന്ന് വീട്ടമ്മമാരാണ് ആദ്യം വെള്ളേപ്പം വിൽപ്പന തുടങ്ങിയത്. അവരുടെ മക്കളും പേരക്കുട്ടികളും അപ്പച്ചട്ടി തന്നെ ജീവനോപാധിയാക്കി. മുൻപ് മണ്ണടുപ്പിൽ മൺചട്ടിയിൽ ചുട്ട വെള്ളേപ്പം ഇപ്പോൾ ഇരുമ്പ്ചട്ടിയിൽ ഗ്യാസടുപ്പിലാണ് തയ്യാറാക്കുന്നത്. പുലർച്ചെ മുതൽ പാതിരാവരെ തിരക്കാണ്. കാറ്ററിംഗുകാരും ചെറിയ തട്ടുകടക്കാരും ഫൈവ്സ്റ്റാർ ഹോട്ടലുകാരും വെള്ളേപ്പം വാങ്ങുന്നു. മറ്റ് ജില്ലകളിലേക്കും കൊണ്ടുപോകുന്നു. അൽഫാമും കുഴിമന്തിയും വിൽക്കുന്ന ഫാസ്റ്റ്ഫുഡുകാർക്കും വെള്ളേപ്പം പ്രിയമാണ്. ആറ് രൂപയാണ് ഒരു വെള്ളേപ്പത്തിന്റെ വില.

പൊടിക്കൈ രഹസ്യം

അപ്പം ഉണ്ടാക്കാൻ ചില പൊടിക്കൈകളുണ്ട്. അരിപ്പൊടി വറുക്കാൻ പാകമുണ്ട്. അരിപ്പൊടി യീസ്റ്റും പഞ്ചസാരയും ചേർത്ത് തലേന്ന് വച്ചാൽ എട്ടുമണിക്കൂർ കഴിഞ്ഞ് രാവിലെ ചുടാമെന്നേ ഇവർ പറയൂ. രുചിക്കൂട്ടിലെ പൊടിക്കൈ രഹസ്യം. എത്രകഴിച്ചാലും മടുക്കില്ല. പഞ്ചസാര ചേർത്ത തേങ്ങാപ്പാലിൽ മുക്കി വെള്ളേപ്പം കഴിച്ചവരാണ് മുൻ തലമുറക്കാർ. പച്ചക്കറി - ഇറച്ചി സ്റ്റ്യൂവും മീൻകറിയും ഒപ്പം കഴിക്കാം.


കൊവിഡിന് മുൻപ് പതിനായിരക്കണക്കിന് വെള്ളേപ്പം വിറ്റുപോയിട്ടുണ്ട്. എങ്കിലും പല നാടുകളിൽ നിന്നുള്ളവർ വരുന്നു. വീണ്ടും നല്ല തിരക്കായി.

റോസിലി
വെള്ളേപ്പങ്ങാടിയിലെ കച്ചവടക്കാരി.

Advertisement
Advertisement