ലോ​കാ​യു​ക്ത​യി​ൽ സ്ഥി​രം​നി​യ​മ​ന​ങ്ങ​ൾ​ക്കാ​യി സ്പെ​ഷ്യ​ൽ​റൂ​ൾ​ ​'​വേ​ണ്ട​പ്പെ​ട്ട​വ​ർ​ക്ക് " ഇ​ഷ്ട​ലാ​വ​ണ​മാ​വും

Thursday 16 May 2024 1:17 AM IST

#നാലുവർഷമായി ഡെപ്യൂട്ടേഷനിൽ

തുടരുന്നവർക്ക് നിയമനം

തിരുവനന്തപുരം: അധികാരം വെട്ടിക്കുറച്ചതിലൂടെ പല്ലുകൊഴിഞ്ഞ ലോകായുക്തയെ ഇഷ്ടക്കാർക്ക് സുഖജോലിക്കുള്ള ലാവണമാക്കി മാറ്റാൻ സ്പെഷ്യൽ റൂൾ കൊണ്ടുവരുന്നു. നിലവിൽ ജീവനക്കാരെല്ലാം വിവിധ വകുപ്പുകളിൽ നിന്നു ഡെപ്യൂട്ടേഷനിൽ വന്നവരാണ്. ഇതിനുപകരം ലോകായുക്ത സർവീസ് കൊണ്ടുവരാനാണ് സ്പെഷ്യൽറൂൾ. നാലു വർഷമായി ഡെപ്യൂട്ടേഷനിലുള്ളവരെ ലോകായുക്ത സർവീസിൽ സ്ഥിരപ്പെടുത്തുകയാണ് ആദ്യപടി. സ്പെഷ്യൽ റൂളുണ്ടാക്കുന്നതിലൂടെ കൂടുതൽ തസ്തികകൾ അംഗീകരിപ്പിക്കാനാണ് നീക്കം. ഇതോടെ സർക്കാരിന്റെ ഇഷ്ടക്കാർക്ക് ലോകായുക്തയിൽ സ്ഥിരംനിയമനം കിട്ടും.

കർണാടക ലോകായുക്തയിൽ 1800തസ്തികകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇതിനെ ന്യായീകരിക്കുന്നത്.

ഇവിടെ 91തസ്തികകളാണ് നിലവിലുള്ളത്

ശമ്പളത്തിനായി 8.03കോടി രൂപയാണ് ബഡ്ജറ്റ് വിഹിതം.

കോർട്ട്ഓഫീസർ, സെക്ഷൻഓഫീസർ, സീനിയർഗ്രേഡ് അസിസ്റ്റന്റ്, ഓഫീസ്അറ്റൻഡന്റ്, അറ്റൻഡർമാർ,അന്വേഷണഏജൻസിയിലെ എ.ഡി.ജി.പി, എസ്.പി, രണ്ട് ഡിവൈ.എസ്.പിമാർ, മൂന്ന് ഇൻസ്പെക്ടർമാർ, 3സി.പി.ഒമാർ എന്നീ തസ്തികകളാണ് നിലവിലുള്ളത് .സ്പെഷ്യൽറൂൾ വരുന്നതോടെ പൊലീസിൽ നിന്നുള്ള ഡെപ്യൂട്ടേഷൻ ഒഴികെ ബാക്കിയെല്ലാം ലോകായുക്താ സർവീസിന്റെ ഭാഗമാവും.

താത്കാലികക്കാരെ സ്ഥിരപ്പെടുത്താം.

ജില്ലാജഡ്ജി രജിസ്ട്രാറും സബ്‌ജഡ്ജി ഡെപ്യൂട്ടി രജിസ്ട്രാറുമായി അർദ്ധജുഡിഷ്യൽ അധികാരം ലോകായുക്തയ്ക്കുണ്ടായിരുന്നു. ജഡ്ജിമാരെയെല്ലാം ഹൈക്കോടതി തിരിച്ചുവിളിച്ചതോടെ വിരമിച്ചവരെ ചുമലയേൽപ്പിക്കണം. ലോകായുക്ത, രണ്ട് ഉപലോകായുക്തമാർ എന്നിവർക്ക് പേഴ്സണൽ സ്റ്റാഫുകളുണ്ടെങ്കിലും അവരുടെ കാലാവധി തീരുന്നതോടെ സ്റ്റാഫും പുറത്താവുന്ന കോ-ടെർമിനസ് വ്യവസ്ഥയിലാണ് നിയമനം.

ജുഡിഷ്യൽ കമ്മിഷൻപോലായി

പൊതുപ്രവർത്തകരുടെ അഴിമതി തെളിഞ്ഞാൽ പുറത്തുപോകണമെന്ന് വിധിക്കാനുള്ള അധികാരം ഇല്ലാതാക്കിയതോടെ, ലോകായുക്ത ജുഡിഷ്യൽ അന്വേഷണ കമ്മിഷന്റെ നിലവാരത്തിലായി. ശുപാർശകൾ സർക്കാരിന് അംഗീകരിക്കാം, തള്ളാം.

ഭേദഗതിപ്രകാരം ലോകായുക്തയാവാൻ റിട്ട. സുപ്രീംകോടതി ജഡ്ജിയോ റിട്ട. ഹൈക്കോടതി ചീഫ്ജസ്റ്റിസോ വേണ്ട. പകരം റിട്ട.ഹൈക്കോടതി ജഡ്ജിമതി. സർക്കാരിന്റെ ഇഷ്ടക്കാരെ നിയമിക്കാം. ജഡ്ജിമാർക്ക് സേവനത്തിന് 70വയസ് പ്രായപരിധിയുണ്ടാക്കി.

ഏകാംഗ ലോകായുക്ത

ലോകായുക്തയായിരുന്ന ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റിസ് ബാബുമാത്യു പി.ജോസഫ് എന്നിവർ വിരമിച്ചതോടെ ശേഷിക്കുന്നത് ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ-അൽ-റഷീദ് മാത്രം. കേസുകളുടെ എണ്ണം അഞ്ച് വർഷം കൊണ്ട് അഞ്ചിലൊന്നായി ചുരുങ്ങി.

8.57കോടി

ലോകായുക്തയ്ക്കുള്ള ബഡ്ജറ്റ് വിഹിതം

കേസുകൾ താഴേക്ക്

2016-------1264

2017-------1673

2018-------1578

2019-------1057

2020-------205

2021-------227

2022-------305

2023-------197