ഡ്രഡ്ജർ അഴിമതി: പ്രത്യേക സംഘത്തെ നിയോഗിച്ചു

Thursday 16 May 2024 1:50 AM IST

തിരുവനന്തപുരം: ഡ്രഡ്ജർ അഴിമതി കേസിൽ മുൻ ഡി.ജി.പി ജേക്കബ് തോമസിനെതിരായ വിജിലൻസ് അന്വേഷണം നിശ്ചിത സമയത്ത് പൂർത്തിയാക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. വിജിലൻസ് തിരുവനന്തപുരം സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രണ്ടിലെ എസ്.പി വി.അജയകുമാർ, വിജിലൻസ് സ്‌പെഷ്യൽ സെൽ ഡിവൈ.എസ്.പി അനിൽ ജോസ്, സ്‌പെഷ്യൽ യൂണിറ്റ് ഒന്ന് ഇൻസ്‌പെക്ടർ അഭിലാഷ് .കെ.വി എന്നിവരെ ഉൾപ്പെടുത്തിയാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. സുപ്രീംകോടതി അനുവദിച്ച കാലപരിധിക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് പ്രത്യേക സംഘം.
ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ചട്ടം ലംഘിച്ച് ഡ്രഡ്ജർ വാങ്ങിയതിൽ 14.96 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു ആരോപണം. ഇത് തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്ന് അന്വേഷിച്ചിരുന്നു. എന്നാൽ,​ ഇത് ഹൈക്കോടതി റദ്ദാക്കിയതോടെ സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയും അന്വേഷണം തുടരാൻ സുപ്രീംകോടതി ഉത്തരവിടുകയുമായിരുന്നു.

Advertisement
Advertisement