ഒന്നാംവർഷ ഹയർ സെക്കൻഡറി ഓൺലൈൻ അപേക്ഷാ സമർപ്പണം മെയ് 16 മുതൽ 25 വരെ

Wednesday 15 May 2024 11:57 PM IST

തിരുവനന്തപുരം:ഒന്നാംവർഷ ഹയർ സെക്കൻഡറി ഓൺലൈൻ അപേക്ഷാ സമർപ്പണം മെയ് 16 വൈകീട്ട് 4 മുതൽ 25 വൈകിട്ട് അഞ്ച് വരെ നടക്കും. ഇതിനായി സംസ്ഥാനത്തെ എല്ലാ സർക്കാർ, എയിഡഡ് ഹൈസ്‌കൂളുകളിലും ഹയർ സെക്കൻഡറി സ്‌കൂളുകളിലും വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിലും സഹായകേന്ദ്രങ്ങൾ ഉണ്ടാകും. മെയ് 29നാണ് ട്രയൽ അലോട്ട്‌മെന്റ്. ആദ്യ അലോട്ട്‌മെന്റ് ജൂൺ അഞ്ചിനും രണ്ടാം അലോട്ട്‌മെന്റ് ജൂൺ 12നും മൂന്നാം അലോട്ട്‌മെന്റ് ജൂൺ 19നും നടക്കും. ജൂൺ 24ന് ക്ലാസുകൾ ആരംഭിക്കും.

അതേസമയം പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് മലപ്പുറത്തിന്റെ പേര് പറഞ്ഞ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടക്കുന്നുവെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും സീറ്റ് ഉറപ്പാക്കും എന്നും മന്ത്രി വ്യക്തമാക്കി.

മലപ്പുറം ജില്ലയിൽ നേരത്തെ അനുവദിച്ചിരുന്ന സീറ്റുകൾ 53,236 ആണ്. ഇതിൽ 22,600 സീറ്റുകൾ സർക്കാർ മേഖലയിലും 19,350 സീറ്റുകൾ എയിഡഡ് മേഖലയിലും 11,286 സീറ്റുകൾ അൺ എയിഡഡ് മേഖലയിലും ആണ് ഉള്ളത്. അഡീഷണൽ ബാച്ച് അനുവദിക്കുക വഴി ലഭ്യമാക്കിയ സീറ്റുകൾ 6,105 ആണ്. ഇതിൽ സർക്കാർ മേഖലയിലെ 4545 സീറ്റുകളും എയ്ഡഡ് മേഖലയിലെ 1560 സീറ്റുകളും ഉൾപ്പെടുന്നു. മാർജിനിൽ സീറ്റ് വർദ്ധനവ് വഴി ലഭ്യമാക്കിയ സീറ്റുകൾ 11,635 ആണ്. ഇതിൽ 6,780 സീറ്റുകൾ സർക്കാർ മേഖലയിലും 4855 സീറ്റുകൾ എയിഡഡ് മേഖലയിലും ആണ്.

പ്ലസ് വൺ പ്രവേശനം സുഗമമാക്കാൻ ഇത്തവണ നേരത്തെ മന്ത്രിസഭാ തലത്തിൽ തന്നെ ചർച്ചചെയ്ത് തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നു. ഇതിനുപുറമെ വേറെ ഏതെങ്കിലും സാഹചര്യം ഉരുത്തിരിഞ്ഞു വരുന്നുണ്ടെങ്കിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അപ്പപ്പോൾ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

Advertisement
Advertisement