പന്തീരാങ്കാവ് കേസ്: പൊലീസിനെ വിമർശിച്ച് വനിത കമ്മിഷൻ

Thursday 16 May 2024 12:03 AM IST

തിരുവനന്തപുരം: പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി വനിത കമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവി. ശാരീരിക പീഡനമേൽപ്പിക്കാൻ ഭർത്താവിന് അവകാശമുണ്ടെന്ന് കരുതുന്ന പൊലീസുദ്യോഗസ്ഥർ സേനയ്ക്ക് അപമാനമാണ്. പന്തീരാങ്കാവ് കേസിൽ പെൺകുട്ടിയുടെ ആരോപണം ശരിയാണെന്ന് സ്‌റ്റേഷൻ ഹൗസ് ഓഫീസറുടെ മറുപടിയിൽ നിന്നു വ്യക്തമായി.

കമ്മിഷൻ ചൊവ്വാഴ്ചതന്നെ പരാതി രജിസ്റ്റർ ചെയ്തു. സ്‌റ്റേഷനിൽ പരാതിയുമായി ചെന്നപ്പോഴുള്ള എസ്.എച്ച്.ഒയുടെ സമീപനത്തെക്കുറിച്ചും പരാതിയുണ്ട്. എസ്.എച്ച്.ഒയെ ഫോണിൽ വിളിച്ച് സംസാരിച്ചു. പെൺകുട്ടി ഗുരുതര ശാരീരിക പീഡനങ്ങൾക്കിരയായിട്ടുണ്ട്. പെൺകുട്ടിയോട് ഭർത്താവുമായി ഒത്തുപോകണമെന്ന് പൊലീസ് നിർദ്ദേശിച്ചതായി ആരോപണമുണ്ട്.

പരാതി കിട്ടിയതിനെത്തുടർന്ന് പെൺകുട്ടിയെ ഫോണിൽ വിളിച്ചു. പെൺകുട്ടിക്കു നിയമപരവും ധാർമ്മികവുമായ പിന്തുണ നൽകും.


കെട്ടുകണക്കിന് സ്വർണാഭരണങ്ങൾ അണിഞ്ഞുവേണം പെൺകുട്ടികൾ ഭർത്തൃഗൃഹത്തിലേക്ക് പ്രവേശിക്കാനെന്ന ധാരണ അപമാനകരമാണ്. 1961ൽ സ്ത്രീധന നിരോധന നിയമം വന്നെങ്കിലും പാരിതോഷികമെന്ന പേരിൽ നൽകുകയാണ്. ഇത് നിയമത്തിന്റെ പരിധിയിൽ വരുന്നില്ല. ഇതുമൂലമാണ് നിയമം ദുർബലമാകുന്നത്. ഈ സാഹചര്യത്തിൽ നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്തണം.

Advertisement
Advertisement