സാധനങ്ങൾ കാണാനില്ലേ ? തെരച്ചിലിന് അസ്ത്ര

Thursday 16 May 2024 1:12 AM IST

തിരുവനന്തപുരം: 'സാധനങ്ങൾ എവിടെയെങ്കിലും മറന്നുവച്ചോ?..' കണ്ടെത്താൻ അസ്ത്ര സഹായിക്കും. ഗൂഗിളിന്റെ വാർഷിക കോൺഫറൻസിനോട് അനുബന്ധിച്ച് ഇന്നലെ ബ്രിട്ടീഷ്-അമേരിക്കൻ എ.ഐ റിസർച്ച് ലാബ്, ഡീപ് മൈൻഡാണ് പ്രോജക്ട് അസ്ത്ര എന്ന എ.ഐ അസിസ്റ്റന്റിനെ അവതരിപ്പിച്ചത്. ഗൂഗിളിന്റെ ചാറ്റ്ബോട്ട് ജെമിനിയുടെ 1.5 മോഡലാണ് ഇതിലുള്ളത്.

വീട്ടിലെ ഓരോ വസ്തുവിന്റെയും സ്ഥാനം എവിടെയെന്ന് വീഡിയോയിലൂടെയും ക്യാമറയിലൂടെയും അസ്ത്രയ്ക്ക് പറഞ്ഞുകൊടുക്കണം. അത് നഷ്ടമായാൽ ഏറ്റവും ഒടുവിൽ കണ്ടത് എവിടെയെന്ന് അസ്ത്ര പറയും. അശ്രദ്ധ മാറാനുള്ള കുറുക്കുവഴികളും പറഞ്ഞുതരും. കണ്ണാടിയും ഐഡി കാർഡും എപ്പോഴും മറക്കുന്നവർക്ക് അസ്ത്ര പ്രയോജനമാകും. ചുറ്റുപാടും നോക്കി സ്ഥലം തിരിച്ചറിയാനും സാധിക്കും.

ചിത്രം,സന്ദേശം,ശബ്ദം,വീഡിയോ എന്നീ രൂപങ്ങളിൽ ഉത്തരം നൽകും. കുറച്ച് വസ്തുക്കൾ കാണിച്ചാൽ അതുവച്ച് കഥ മെനയാനും പാട്ടെഴുതാനും കഴിവുണ്ട്. എക്സൽ ഷീറ്റ്, പ്രസന്റേഷൻ എന്നിവ തയാറാക്കാം. മൈക്രോഫോണും ക്യാമറയും ഘടിപ്പിച്ച സ്മാർട്ട് ഗ്ലാസിലൂടെയും അസ്ത്രയോട് കമാൻഡുകൾ പറയാം. ഉദാഹരണത്തിന് ഗ്ലാസ് ധരിച്ച് 'സെക്രട്ടേറിയറ്റ് എവിടെയാണെന്ന് 'മൈക്കിലൂടെ ചോദിച്ചാൽ ലൊക്കേഷൻ മാപ്പ് ഗ്ലാസിൽ പ്രത്യക്ഷപ്പെടും. വർഷങ്ങളായി ഗൂഗിൾ നി‌ർമ്മിക്കാൻ ശ്രമിക്കുന്ന ഗൂഗിൾ സ്മാർട്ട് ഗ്ലാസിലേയ്ക്കുള്ള തുടക്കമാണിതെന്ന് അഭ്യൂഹമുണ്ട്. ഗൂഗിൾ ഇത് സ്ഥിരീകരിച്ചിട്ടില്ല.

ഒരുമുഴം മുന്നേ മൈക്രോസോഫ്റ്റ്

മനുഷ്യനെപ്പോലെ പെരുമാറുന്ന ചാറ്റ്ബോട്ട്, ചാറ്റ് ജി.പി.ടി 4ഒ തിങ്കളാഴ്ച മൈക്രോസോഫ്റ്റിന്റെ ഓപ്പൺ എ.ഐ പുറത്തിറക്കിയത് അസ്ത്രയുടെ പ്രഖ്യാപനം മുന്നെ കണ്ടിട്ടാണെന്ന് സാങ്കേതിക വിദഗ്ദ്ധർ പറയുന്നു. ചാറ്റ് ജി.പി.ടി ഉപഭോക്താക്കൾക്ക് 4ഒ സൗജന്യമാണെങ്കിലും അസ്ത്രയുടെ ഉപയോഗത്തെപ്പറ്റി കമ്പനി ഒന്നും പറഞ്ഞിട്ടില്ല. നിർമ്മിതബുദ്ധി(എ.ഐ) സംയോജിപ്പിച്ച പുതിയ സെർച്ച് എൻജിൻ ഉൾപ്പെടെയുള്ള വിപ്ലവകരമായ ഫീച്ചറുകളാണ് ഗൂഗിൾ കോൺഫറൻസിൽ അവതരിപ്പിച്ചത്.

കോൺഫറൻസിലെ മറ്റ്

എ.ഐ ടൂളുകൾ

വാചകത്തെ ചിത്രങ്ങളാക്കാൻ- ഇമേജൻ-3

വാചകത്തെ വീഡിയോ ആക്കാൻ- വീയോ

Advertisement
Advertisement