പ്രിമിയ‌ർ ലീഗ് ക്ലൈമാക്സ് ഞായറാഴ്ച

Thursday 16 May 2024 3:58 AM IST

ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ടോട്ടൻഹാം ഹോട്ട്‌സ്പറിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി മാഞ്ചസ്റ്റർ സിറ്റി വീണ്ടും പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. 37 മത്സരങ്ങളിൽ നിന്ന് 88 പോയിന്റാണ ്സിറ്റിക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള ആഴ്സനലിന് ഇത്രയും മത്സരങ്ങളിൽ നിന്ന് 86 പോയിന്റും.

ഞായറാഴ്ച നടക്കുന്ന അവസാന റൗണ്ട് പോരാട്ടങ്ങളായിരിക്കും വിജയിയെ തീരുമാനിക്കുക. ടോട്ടൻഹാമിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ നോർവീജിയൻ സ്ട്രൈക്കർ ഏർലിംഗ് ഹാളണ്ടാണ് ഇരട്ടഗോളുകളുമായി സിറ്റിയുടെ വിജയ ശില്പിയായത്. 51-ാം മിനിട്ടിൽ കെവിൻ ഡി ബ്രുയിനെയുടെ അസിസ്റ്റിൽ നിന്നാണ ്ഹാളണ്ട് സിറ്റിയുടെ ഗോൾ അക്കൗണ്ട് തുറന്നത്. തുടർന്ന് രണ്ടാം പകുതിയുടെ അധികസമയത്ത് ടോട്ടനത്തിന്റെ പെട്രൊ പോറെ ഡോകുവിനെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി ഹാളണ്ട് സിറ്റിയുടെ ജയമുറപ്പിച്ചു.

ക്രോസ് ബാറിന് കീഴിൽ രണ്ടാം പകുതിയിൽ പകരക്കാരായെത്തിയ സ്റ്റെഫാൻ ഒർട്ടേഗയുടെ മിന്നൽ സേവുകളും സിറ്റിയുടെ വിജയത്തിൽ നിർണായകമായി. 85-ാം മിനിട്ടിൽ സൺ ഹ്യൂഗ് മിന്നിന്റെ ഗോളെന്നുറപ്പിച്ച വൺ ഓൺ വൺ ശ്രമം നിർവീര്യമാക്കിത് അവിശ്വസനീയമായിരുന്നു. ടോട്ടനത്തിന്റെ ക്രസ്റ്റ്യൻ റൊമീറോയുമായി കൂട്ടിയിടിച്ച് പരിക്കേറ്റ എഡേഴ്സണ് പകരക്കാരനായാണ് സ്റ്റെഫാൻ ഗോൾവല കാക്കാൻ എത്തിയത്.

കിരീടപ്പോരാട്ടം

പ്രിമിയർ ലീഗ് കിരീടം നേടാൻ സിറ്റിയ്ക്ക് 84ഉം ആഴ്സനലിന് 16 ശതമാനവുമാണ് ചാൻസ്. സിറ്റിയുടെ ടോട്ടനത്തിനെതിരായ മത്സരത്തിന് മുമ്പ് ഇത് 60-40 ആയിരുന്നു.

ഞായറാഴ്ച വെസ്റ്റ് ഹാമിനെതിരെയാണ് മാഞ്ചസ്റ്റർ സിറ്റുയുടെ അവസാന മത്സരം. ആഴ്സനലിന് എവർട്ടണാണ് എതിരാളികൾ. രണ്ട് മത്സരവും ഇന്ത്യൻസമയം രാത്രി 8.30 മുതലാണ്.

Advertisement
Advertisement