കൊടുംചൂടിൽ നിന്ന് മലയാളികൾക്ക് ആശ്വാസം, കാത്തിരുന്ന മൺസൂൺ ഉടനെത്തും; തീയതി പുറത്തുവിട്ട് കാലാവസ്ഥാ വകുപ്പ്

Thursday 16 May 2024 10:31 AM IST

തിരുവനന്തപുരം: രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളും കൊടും ചൂടിൽ വലയുകയാണ്. ആന്റി സൈക്ലോണും എൽനിനോ പ്രകിഭാസവും കാരണം കേരളത്തിലെ ഭൂരിഭാഗം ജില്ലകളും ചുട്ടുപൊള്ളുകയാണ്. ചില സ്ഥലങ്ങളിൽ മഴ ലഭിച്ചെങ്കിലും ചൂടിനെ പൂർണമായി കുറയ്‌ക്കാൻ ഇതിന് സാധിച്ചിട്ടില്ല. ഇക്കാരണത്താൽതന്നെ 2024ലെ മൺസൂണിനായി ജനങ്ങൾ കാത്തിരിക്കുകയാണ്.

ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ മൺസൂൺ മേയ് 31ന് കേരളത്തിൽ എത്താൻ സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ഈ തീയതിക്ക് നാല് ദിവസം മുമ്പോ നാല് ദിവസം കഴിഞ്ഞോ മൺസൂൺ ആരംഭിച്ചേക്കാമെന്നും കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

കഴിഞ്ഞ മൂന്ന് വർഷമായി വേനൽക്കാലത്തിന്റെ തുടക്കത്തിൽ തന്നെ തീവ്രമായ ഉഷ്‌ണ തരംഗം അനുഭവപ്പെടുകയാണ്. ചില സ്ഥലങ്ങളിൽ പത്ത് മുതൽ 20 ദിവസം വരെ നീണ്ടുനിൽക്കുന്ന ഉഷ്‌ണ തരംഗങ്ങൾ ഉണ്ടായി. കിഴക്കൻ ഇന്ത്യയിലെ പല പ്രദേശങ്ങളിലും ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂടാണ് രേഖപ്പെടുത്തിയത്.

അതേസമയം, ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ഉണ്ടായതിനെത്തുടർന്ന് തിങ്കളാഴ്‌ച വരെ കേരളത്തിന്റെ മദ്ധ്യ, തെക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിക്കും. വടക്കൻ ജില്ലകളിൽ നേരിയ മഴയുണ്ടാവും. തീരദേശ മേഖലയിൽ മഴ കുറവായിരിക്കും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.

തെക്കൻ കേരള തീരത്ത് ഇന്നും നാളെയും മത്സ്യബന്ധനം പാടില്ല. ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.