ഓൺലൈനി​ൽ വി​ല്പന നടത്തി​ കച്ചവടം പൊടി​പൊടി​ക്കാൻ കയർ കോർപറേഷൻ

Friday 17 May 2024 1:38 AM IST
കച്ചവടം പൊടി​പൊടി​ക്കാൻ കയർ കോർപറേഷൻ

ആലപ്പുഴ: കയർ ഉത്പന്നങ്ങളുടെ വിപണനം മെച്ചപ്പെടുത്താൻ ബഹുരാഷ്ട്ര കമ്പനിയായ വാൾമാർട്ടുമായി ധാരണയിലെത്തി പൊതുമേഖലാ സ്ഥാപനമായ കയർ കോർപ്പറേഷൻ. ജൂൺമാസത്തിൽ വാൾമാർട്ടിലൂടെ ഓൺലൈൻ വില്പന തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. വാൾമാർട്ടിന്റെ അനുബന്ധസ്ഥാപനമായ സാംസ് ക്ളബുമായും ധാരണയിലെത്തിയിട്ടുണ്ട്.

രാജ്യാന്തര ഓൺലൈൻ പ്ളാറ്റ്ഫോമുകളായ ആമസോൺ, ഫ്ളിപ് കാർട്ട് എന്നീ കമ്പനികളുമായും കോർപറേഷൻ ആശയവിനിമയം നടത്തിക്കഴി​ഞ്ഞു. കൊവിഡിന്റെ ആദ്യകാലത്ത് കയർ ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ വലിയ തിരിച്ചടി നേരിട്ടിരുന്നില്ലെങ്കിലും പിന്നീട് പാശ്ചാത്യ രാജ്യങ്ങളിൽ കയർ ഉത്പന്നങ്ങൾ ഉപേക്ഷിച്ചു തുടങ്ങി.

കൊവിഡിന് ശേഷം കയർ ഉത്പന്നങ്ങൾ വാങ്ങാൻ ആളുകൾ കുറഞ്ഞതോടെയാണ് വിപണി തിരിച്ചുപിടിക്കാൻ ഓൺലൈൻ പ്ളാറ്റ് ഫോമുകളുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.

ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈനുമായി സഹകരിച്ച് കയർ കോർപ്പറേഷൻ ഉത്പന്ന വൈവിദ്ധ്യവത്കരണവും നടപ്പാക്കി.

1,400 തരം ഉത്പന്നങ്ങൾ ഓൺലൈൻ പ്ളാറ്റ് ഫോമിൽ

1,400 ഡിസൈനുകളിലുള്ള ഉത്പന്നങ്ങളാണ് ഓൺലൈൻ പ്ളാറ്റ് ഫോമിലൂടെ വില്പനയ്ക്ക് എത്തുന്നത്. വാൾ മാർട്ടുമായി ധാരണയിലെത്തുന്ന സംസ്ഥാനത്തെ ആദ്യ പൊതുമേഖലാ സ്ഥാപനമാണ് കയർ കോർപറേഷൻ.

ഫോം മാറ്റിംഗ്സ് ലാഭത്തിൽ

കഴിഞ്ഞ 18 വർഷമായി നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനമായ ഫോംമാറ്റിംഗ്സ് ഇത്തവണ ലാഭത്തിലായി. കഴിഞ്ഞ സാമ്പത്തിക വർഷം 14കോടിയായിരുന്നു വിറ്റു വരവ്. മൂന്ന് ലക്ഷം രൂപയാണ് ലാഭം.

വൈവിദ്ധ്യമാർന്ന ഉത്പന്നങ്ങൾ ഓൺലൈൻ പ്ളാറ്റ് ഫോമിൽ വില്പന നടത്തി​ വി​റ്റുവരവ് കൂട്ടുകയാണ് ലക്ഷ്യം.

ജി.വേണുഗോപാൽ, ചെയർമാൻ, കയർകോർപ്പറേഷൻ

"ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ഫോം മാറ്റിംഗ്സ് കയർ കോർപ്പറേഷനിൽ ലയിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. എട്ട്മാസത്തിനുള്ളിൽ ലയനം സാദ്ധ്യമാകും.

ഡോ. പ്രതീഷ് ജി.പണിക്കർ, മാനേജിംഗ് ഡയറക്ടർ, കയർ കോർപ്പറേഷൻ

Advertisement
Advertisement