ബി.എസ്‌സി നഴ്‌സിംഗ്,പാരാമെഡിക്കൽ: അപേക്ഷ ജൂൺ 15 വരെ

Friday 17 May 2024 1:30 AM IST

തിരുവനന്തപുരം: സർക്കാർ,സ്വാശ്രയ കോളേജുകളിൽ നഴ്‌സിംഗ്,എം.എൽടി,പെർഫ്യൂഷൻ ടെക്‌നോളജി,ഒപ്‌റ്റോമെട്രി,ബി.പി.ടി, ബി.എ.എസ്.എൽ.പി,ബി.സി.വി.ടി,ഡയാലിസിസ് ടെക്‌നോളജി,ഒക്യൂപേഷണൽ തെറാപ്പി,മെഡിക്കൽ ഇമേജിംഗ് ടെക്‌നോളജി, റേഡിയോതെറാപ്പി ടെക്‌നോളജി,ന്യൂറോ ടെക്‌നോളജി എന്നീ ബി.എസ്‌സി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ജൂൺ 15വരെ അപേക്ഷിക്കാം.

www.lbscentre.kerala.gov.in വെബ്സൈറ്റിൽ അപേക്ഷാഫീസടയ്ക്കാം. ചെലാൻ ഡൗൺലോഡ് ചെയ്‌ത് ഫെഡറൽ ബാങ്കിലും 17 മുതൽ ജൂൺ 12 വരെ ഫീസടയ്ക്കാം. ജനറൽ,എസ്.ഇ.ബി.സി എന്നീ വിഭാഗത്തിന് 800 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാഫീസ്. വിശദമായ പ്രോസ്‌പെക്ടസ് വെബ്സൈറ്റിലുണ്ട്.

ബി.എസ്‌സി നഴ്‌സിംഗിനും ബി.എ.എസ്.എൽ.പി ഒഴികെയുള്ള മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്കും പ്ലസ്ടു,തത്തുല്യ പരീക്ഷ പാസായിരിക്കണം. ഫിസിക്‌സ്,കെമിസ്ട്രി,ബയോളജി എന്നിവയ്ക്ക് മൊത്തത്തിൽ 50 ശതമാനം മാർക്കോടെ വിജയിച്ചവർക്ക് അപേക്ഷിക്കാം. ഫിസിക്‌സ്,കെമിസ്ട്രി,ബയോളജി ഓരോന്നും പ്രത്യേകം പാസായിരിക്കണം. ബി.എ.എസ്.എൽ.പി കോഴ്‌സിന് ഫിസിക്‌സ്,കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്‌സ്/കമ്പ്യൂട്ടർസയൻസ്/സ്റ്റാറ്റിസ്റ്റിക്‌സ്/ഇലക്‌ട്രോണിക്‌സ്/സൈക്കോളജി എന്നിവയ്ക്ക് മൊത്തത്തിൽ 50 ശതമാനം മാർക്കോടെ പ്ലസ്ടു വിജയിക്കണം. ഫിസിക്‌സ്,കെമിസ്ട്രി,ബയോളജി ഓരോന്നും പ്രത്യേകം വിജയിച്ചിരിക്കണം.

വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ കേരള ഹയർ സെക്കൻഡറി പരീക്ഷക്ക് തത്തുല്യ യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്. സാമൂഹ്യവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗക്കാർക്കും ഭിന്നശേഷി വിഭാഗക്കാർക്കും 5 ശതമാനം മാർക്ക് ഇളവ് അനുവദിക്കും. പട്ടികജാതി/പട്ടികവർഗ വിദ്യാർത്ഥികൾ യോഗ്യതാപരീക്ഷ ജയിച്ചാൽ മതി. ഒ.ഇ.സി അപേക്ഷകർക്ക് പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകൾ നൽകിയാലും മാർക്കിളവിന് യോഗ്യതാ പരീക്ഷയിൽ എസ്.ഇ.ബി.സി അപേക്ഷകർക്ക് അനുവദിക്കുന്ന സൗജന്യമേ ലഭിക്കൂ.

ഡിസംബർ 31ന് 17 വയസ് പൂർത്തീകരിച്ചിരിക്കണം. ബി.എസ്‌സി നഴ്‌സിംഗ് കോഴ്‌സിനുള്ള ഉയർന്ന പ്രായപരിധി 35 വയസാണ്. നിശ്ചിത പ്രായപരിധിയിൽ ഇളവ് അനുവദിക്കില്ല. പാരാമെഡിക്കൽ കോഴ്‌സുകൾക്ക് ഉയർന്ന പ്രായപരിധിയില്ല. ബി.എസ്‌സി(എം.എൽ.ടി), ബി.എസ്‌സി (ഒപ്‌റ്റോമെട്രി) കോഴ്‌സുകളിലെ സർവീസ് ക്വാട്ടയിലേക്കുള്ള അപേക്ഷാർത്ഥികൾക്ക് ഉയർന്ന പ്രായപരിധി പരമാവധി 46 വയസാണ്. കൂടുതൽ വിവരങ്ങൾ 0471-2560363,364 എന്നീ നമ്പറുകളിലും www.lbscentre.kerala.gov.in വെബ്‌സൈറ്റിലും ലഭ്യമാണ്.

Advertisement
Advertisement