ശുചീകരണഫണ്ട് 12 വർഷം മുമ്പുള്ളത്, മഴക്കാലശുചീകരണം വെള്ളത്തിലായി

Friday 17 May 2024 12:00 AM IST

തിരുവനന്തപുരം: ഓരോ വാർഡിനും ലക്ഷത്തിലേറെ രൂപ വേണ്ടിവരുന്നതാണ് മഴക്കാലപൂർവ്വ ശുചീകരണം. സർക്കാർ അനുവദിക്കുന്നത് 12 വർഷംമുമ്പുള്ള 30,000 രൂപ മാത്രം.വെള്ളപ്പൊക്കത്തിൽനിന്നും പകർച്ചവ്യാധികളിൽനിന്നും ജനങ്ങളെ രക്ഷിക്കാനുള്ള പ്രവൃത്തികൾ വെള്ളത്തിലാവുന്നതിന് മുഖ്യ കാരണവും ഇതാണ്.13 മുതൽ 23വരെ വാർഡുകളാണ് പഞ്ചായത്തിൽ ഉണ്ടാവുക. അതിനനുസരിച്ച് അഞ്ചു മുതൽ എട്ടു ലക്ഷംവരെ രൂപയാണ് വേണ്ടിവരിക. ഫണ്ടുവിനിയോഗത്തിലെ തട്ടിപ്പും കെടുകാര്യസ്ഥതയുംകൂടി ചേരുമ്പോൾ പ്രശ്നം സങ്കീർണമാകുന്നു.

തലസ്ഥാനജില്ലയിലെ പ്രമുഖ ഗ്രാമപഞ്ചായത്താണ് നെല്ലനാട്. ഇവിടെ ടൗൺ വാർഡായ വെഞ്ഞാറമൂട് ശുചിയാക്കുന്നതിന് കുറഞ്ഞത് 70,000 രൂപ വേണം.കഴിഞ്ഞ വർഷം 16 വാർഡിനുംകൂടി അനുവദിച്ചത് 3,20,000 രൂപ.ഇത്തവണയും അതേതുകയാണ്. തനതുഫണ്ട് കൂടുതലുള്ള പഞ്ചായത്തായതിനാലാണ് ഇത്രയും സാധിച്ചത്. ആധുനിക യന്ത്രസാമഗ്രികൾ, കൂലി തുടങ്ങിയവ ഇരട്ടിയിലെറെ വർദ്ധിച്ചു. 12 വർഷം മുൻപ് 300 മുതൽ 400 രൂപവരെയായിരുന്നു തൊഴിലാളികളുടെ കൂലി.ഇപ്പോൾ 800 മുതൽ 1200 വരെയായി.

സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിൽ 60 ശതമാനവും വരുമാനം കുറവുള്ളവയാണ്. എന്നാൽ, 87 മുൻസിപ്പാലിറ്റികളും ആറ് കോർപ്പറേഷനുകളും തനത് വരുമാനത്തിൽ പിന്നിലല്ല. എന്നിട്ടും, പലയിടത്തും ശുചീകരണം അവതാളത്തിലാണ്.

നഗരസഭയിൽ നടക്കുന്നത്

100 വാർഡുള്ള തലസ്ഥാന നഗരസഭയ്ക്ക് 2023 ൽ മഴക്കാല പൂർവ ശുചീകരണത്തിന് 1.5 കോടി രൂപ ചെലവാക്കാനായി. ഈ വർഷം രണ്ടു കോടിയാണ് വകയിരുത്തിയിട്ടുള്ളത്. ശുചീകരണം യഥാസമയം നടന്നില്ല.വി.കെ. പ്രശാന്ത് മേയറായിരിക്കെ 2019ൽ വാർഡിന് ഒരു ലക്ഷമെന്ന കണക്കിൽ ഒരുകോടിയാണ് അനുവദിച്ചത്. അന്ന് ജോലികൾ നല്ലനിലയിൽ നടന്നു.ഓടകളിൽ നിന്ന് കോരുന്ന മാലിന്യം ഓടയ്ക്കരികിൽ ഇടുകയും അടുത്ത മഴയിൽ ഓടകളിലേക്കു ഒലിച്ചിറങ്ങുയും ചെയ്യുന്ന രീതിയാണ് പലയിടത്തും നടക്കുന്നത്. സംസ്ഥാനത്തെ മിക്ക നഗരസഭകളുടെയും മുൻസിപ്പാലിറ്റികളുടെയും അവസ്ഥ ഇതാണ്.

30,000 ഇങ്ങനെ

2012 ലാണ് 30,000 രൂപ അനുവദിച്ചത്. 10,000 രൂപ ശുചിത്വമിഷൻ, 10,000 രൂപ എൻ.എച്ച്.എം, 10,000 രൂപ തദ്ദേശ സ്ഥാപനത്തിന്റെ ഫണ്ട്. എൻ.എച്ച്.എമ്മിന്റെ ഫണ്ട് രണ്ടു വർഷമായി ലഭിക്കാറില്ല.

''സംസ്ഥാനത്ത് മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ആദ്യഘട്ടം പൂർത്തിയായി. മേയ് 20 ന് മുൻപ് ബാക്കിയുള്ളവ പൂർത്തിയാക്കും.

എം.ബി. രാജേഷ് ,തദ്ദേശ വകുപ്പ് മന്ത്രി

Advertisement
Advertisement