വേഗത്തിൽ തൊഴിൽ നേടാൻ പോളിടെക്നിക്,​ ഐ.ടി.എ കോഴ്സുകൾ

Friday 17 May 2024 1:10 AM IST

തിരുവനന്തപുരം : പത്താം ക്ളാസിന് ശേഷം വേഗത്തിൽ തൊഴിൽ നേടാഗ്രഹിക്കുന്നവർക്കുള്ള കോഴ്സുകളാണ് വൊക്കേഷണൽ ഹയർ സെക്കൻ‌ഡറി പോളിടെക്നിക്,​ ഐ.ടി.എ,​ രംഗത്തുള്ളത്. സംസ്ഥാനത്ത് പോളിടെക്‌നിക്കിൽ 9,​990 സീറ്റും ഐ.ടി.ഐകളിൽ 61,​429 സീറ്റുമുണ്ട്. വി.എച്ച്.എസ്.ഇയിൽ 48 തരം കോഴ്സുകളും 33030 സീറ്റുകളുമാണുള്ളത്.

https:\\Itiadmissions.kerala.gov.in എന്ന പോർട്ടൽ വഴി ഐ.ടി.ഐയിലും https://www.polyadmission.org/ ൽ പോളിടെക്നികിനും അപേക്ഷിക്കാം. വി.എച്ച്.എസ്.ഇക്ക് www.vhseportal.kerala.gov.in \ www.admission.dge.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ കാൻഡിഡേറ്റ് ലോഗിൻ ക്രിയേറ്റ് ചെയ്ത് അപേക്ഷിക്കാം.

48 കോഴ്സുകളുമായി

വി.എച്ച്.എസ്.ഇ

2021 വർഷം മുതൽ കേരളത്തിലെ എല്ലാ വി.എച്ച്.എസ്.ഇകളിലും ദേശീയ നൈപുണ്യ വികസന ചട്ടക്കൂട് ( എൻ.എസ്.ക്യു.എഫ് ) പദ്ധതി പ്രകാരമുള്ള ജോബ് റോളുകളാണ് തൊഴിലധിഷ്ഠിതവിഷയമായി പരിശീലിപ്പിക്കുന്നത്. ഇവ വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് ദേശീയാംഗീകാരമുള്ള എൻ.എസ്.ക്യു.എഫ് തൊഴിൽ \ സ്കിൽ സർട്ടിഫിക്കറ്ര് ലഭിക്കും. കോഴ്സുകളെ സംബന്ധിച്ച വിവരങ്ങൾ മേൽപ്പറഞ്ഞ സൈറ്റുകളിൽ ലഭിക്കും. ഫോർവീലർ സർവീസ് ടെക്‌നീഷ്യൻ, അസിസ്റ്റന്റ് ഓഫ്‌സെറ്ര് പ്രിന്റിംഗ് ഓപറേറ്റർ, ഫാബ്രിക് ചെക്കർ, ഗ്രാഫിക് ഡിസൈനർ, ജൂനിയർ സോഫ്റ്റ് വെയർ ഡെവലപർ, ഒപ്റ്റിക്കൽ ഫൈബർ ടെക്‌നീഷ്യൻ, ബ്യൂട്ടി തെറാപിസ്റ്റ്, ഡയറി പ്രോസസിംഗ് എക്യുപ്‌മെന്റ് ഓപ്പറേറ്റർ, ഷിഫ് ആൻഡ് സീഫുഡ് പ്രോസസിംഗ് ടെക്‌നീഷ്യൻ, ഫിറ്റ്‌നെസ് ട്രെയിനർ, ഗാർഡനർ, ഓർണമെന്റൽ ഫിഷ് ഫാർമർ, സ്മോൾ പൗൾട്രി ഫാർമർ, സെൽഫ് എംപ്ളോയ്‌ഡ് ടെയ്‌ലർ, ക്രാഫ്‌ട് ബേക്കർ തുടങ്ങി 48 തരം കോഴ്സുകളാണുള്ളത്.

പഠനമാദ്ധ്യമം ഇംഗ്ളീഷാണെങ്കിലും മലയാളം, തമിഴ്‌, കന്നട ഭാഷകളിലും പരീക്ഷയെഴുതാം.

യോഗ്യത - എസ്.എസ്.എൽ.സി (കേരള), സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ടി.എച്ച്.എൽ.സി എന്നിവയിലേതെങ്കിലും വിജയിച്ചവരും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് തത്തുല്യ ഔപചാരിക വിദ്യാഭ്യാസ വിജയികൾക്കും അപേക്ഷിക്കാം.എസ്.എസ്.എൽ.സി (കേരള) പഠിച്ചവർക്ക് ഓരോ പേപ്പറിനും ഡി പ്ളസോ തത്തുല്യ സ്‌കോറോ വേണം. മറ്റപേക്ഷകർക്ക് ഉന്നതപഠനത്തിന് അതത് ബോർഡുകളുടെ മിനിമം സ്കോറുണ്ടായിരിക്കണം

യോഗ്യതാ പരീക്ഷ പാസാകാൻ മൂന്നിൽ കൂടുതൽ അവസരം വേണ്ടിവന്നവർക്ക് അപേക്ഷിക്കാനാവില്ല.

കുറഞ്ഞ പ്രായ പരിധി 2024 ജൂൺ ഒന്നിന് 15 വയസ്സ്. സംസ്ഥാന പൊതുപരീക്ഷാ ബോർഡിൽനിന്ന് എസ്.എസ്.എൽ.സി പാസായവർക്ക് കുറഞ്ഞ പ്രായപരിധിയില്ല. എന്നാൽ ജൂൺ ഒന്നിന് 20 വയസ്സോ മുകളിലോ പ്രായമായവർക്ക് അപേക്ഷിക്കാനാവില്ല. പട്ടികജാതി - പട്ടികവർഗ വിദ്യാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ പരമാവധി രണ്ടു വർഷം ഇളവുണ്ട്.മെരിറ്ര് സീറ്രുകളിൽ നിശ്ചിത ശതമാനം പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണമുണ്ട്. ഭിന്നശേഷി വിഭാഗങ്ങൾക്ക് (40 ശതമാനത്തിൽ കുറയാത്ത വൈകല്യം തെളിയിക്കുന്ന മെഡിക്കൽ ബോ‌ർഡ് സർട്ടിഫിക്കറ്റ് നിർബന്ധം)​ എല്ലാ ബാച്ചിലും ഒരു സീറ്റ് അധികം അനുവദിച്ചിട്ടുണ്ട്. തമിഴ്,​ കന്നട ഭാഷാ ന്യൂനപക്ഷങ്ങൾക്ക് അഞ്ച് ശതമാനം സംവരണമുണ്ട് .

Advertisement
Advertisement