വേർപിരിഞ്ഞ് 14ാംവർഷം വീണ്ടും ഒന്നിച്ച് ദമ്പതികൾ

Friday 17 May 2024 1:45 AM IST

ആലപ്പുഴ : 14 വർഷം മുമ്പ് കുടുംബ കോടതിയിൽ അവസാനിച്ച വിവാഹബന്ധം വീണ്ട‌ും കൂട്ടിച്ചേർത്ത് ദമ്പതികൾ. തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസിലെ റിട്ട. നഴ്സിംഗ് അസിസ്റ്റന്റ് ആലപ്പുഴ കളർകോട് സ്വദേശി സുബ്രഹ്മണ്യന്റെയും (58) വാടയ്ക്കൽ അങ്കണവാടിയിലെ ഹെൽപ്പറായ കുതിരപ്പന്തി രാധാനിവാസിൽ കൃഷ്ണകുമാരിയുടെയും (49) പുനഃസമാഗമത്തിനാണ് ഇന്നലെ ആലപ്പുഴ കുടുംബകോടതി സാക്ഷ്യം വഹിച്ചത്. സാക്ഷിയായി ഏക മകൾ 16കാരി അഹല്യ എസ്. നായരും. ഇത്തവണത്തെ പത്താംക്ളാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അഹല്യയ്ക്ക് ഇരട്ടിമധുരമായി അച്ഛന്റെയും അമ്മയുടെയും കൂടിച്ചേരൽ.

2006 ആഗസ്റ്റ് 31നായിരുന്നു ഇരുവരുടെയും വിവാഹം. 2008ൽ മകൾ ജനിച്ചു. നിസാര പ്രശ്‌നത്തിൽ വഴക്കിട്ട ഇരുവരും അകന്നു ജീവിക്കാൻ തുടങ്ങിയതോടെ കേസ് കോടതിയിലെത്തി. 2010 മാർച്ച് 29ന് നിയമപരമായി വിവാഹബന്ധം വേർപെടുത്തി. മകളുടെ ചെലവിനായി ജീവനാംശം ആവശ്യപ്പെട്ട് 2020ൽ കൃഷ്ണകുമാരി ആലപ്പുഴ കുടുംബ കോടതിയിൽ ഹർജി നൽകി. പ്രതിമാസം 2000രൂപ വീതം നൽകാനായിരുന്നു വിധി. ഇതിനെതിരെ സുബ്രഹ്‌മണ്യൻ നൽകിയ അപ്പീൽ തള്ളിയ ഹൈക്കോടതി, പ്രശ്‌നം രമ്യമായി പരിഹരിക്കാൻ നിർദ്ദേശിച്ചതാണ് വഴിത്തിരിവായത്.

ഇരുവരും പുനർവിവാഹിതരായിട്ടില്ലാത്തതിനാൽ കുട്ടിയുടെ സംരക്ഷണം കണക്കിലെടുത്ത് ഒരുമിച്ച് താമസിക്കാനുള്ള നിർദ്ദേശം കോടതി മുന്നോട്ടുവച്ചു. ഇരു കക്ഷികളും അഭിഭാഷകരും ഇത് അംഗീകരിച്ചതോടെ പുനർവിവാഹം രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. കളർകോട്ടെ വാടക വീട്ടിലാകും തിങ്കളാഴ്ച് മുതൽ കുടംബത്തിന്റെ താമസം. സുബ്രഹ്മണ്യനു വേണ്ടി അഭിഭാഷകരായ ആർ.രാജേന്ദ്രപ്രസാദ്, എസ്.വിമി, ജി.സുനിത എന്നിവരും, കൃഷ്ണകുമാരിക്കു വേണ്ടി അഡ്വ.സൂരജ്.ആർ മൈനാഗപ്പള്ളിയും ഹാജരായി.

Advertisement
Advertisement