കേരള സർവകലാശാല നാലു വർഷ ബിരുദ കോഴ്സിന് അപേക്ഷിക്കാം

Friday 17 May 2024 1:47 AM IST

തിരുവനന്തപുരം: കേരള സർവകലാശാല പഠന വകുപ്പുകളിലും അഫിലിയേറ്റഡ് കോളേജുകളിലും നാലു വർഷ ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മൂന്നാം വർഷം ബിരുദം നേടി എക്‌സിറ്റ് ഓപ്ഷനിലൂടെ കോഴ്സ് പൂർത്തിയാക്കാം. ഇവർ പി.ജി നേടാൻ 2 വർഷം പിന്നീട് പഠിക്കണം. നാലുവർഷം പൂർത്തിയാക്കുന്നവർക്ക് ഓണേഴ്സ് വിത്ത് റിസർച്ച് ഡിഗ്രി ലഭിക്കും.

പഠനവകുപ്പുകളിൽ 16 മേജർ,51 മൈനർ കോഴ്സുകളുണ്ടാകും. കോളേജുകളിൽ 63മേജർ, 200ലേറെ മൈനർ കോഴ്സുകളുണ്ട്. ഇംഗ്ലീഷ്, സംസ്കൃതം,ഹിന്ദി,ഫ്രഞ്ച്,ലാറ്റിൻ,ജർമ്മൻ,റഷ്യൻ,ഹീബ്രു,സിറിയക്,ഹിന്ദി,മലയാളം,തമിഴ് ഭാഷകളിൽ കോഴ്സുകൾ. കോളേജുകളിൽ കോഴ്സ് തിരഞ്ഞെടുക്കാൻ കോഴ്സ് ബാസ്‌കറ്റുകൾ. അഭിരുചിക്കനുസരിച്ച് മൈനർ വിഷയങ്ങൾ തിരഞ്ഞെടുക്കാം. സമർത്ഥർക്ക് രണ്ടര വർഷം (6സെമസ്റ്റർ) കൊണ്ട് ഡിഗ്രിയും മൂന്നര വർഷം (7സെമസ്റ്റർ) കൊണ്ട് ഓണേഴ്സും നേടാം.

ഓണേഴ്സ് നേടുന്നവർക്ക് ഒരു വർഷം കൊണ്ട് ബിരുദാനന്തര ബിരുദം നേടാം. ഓണേഴ്സുണ്ടെങ്കിൽ പി.ജിയില്ലാതെ ഗവേഷണത്തിനും നെറ്റിനും അപേക്ഷിക്കാൻ യോഗ്യത നേടാം. ഇത് യു.ജി.സി മാനദണ്ഡത്തിന് വിധേയമായിരിക്കും. എല്ലാ കോഴ്സുകൾക്കുമൊപ്പം വാല്യു ആഡഡ് കോഴ്സുകളും നൈപുണ്യ വികസന കോഴ്സുകളും. ആദ്യ രണ്ട് സെമസ്റ്ററിനു ശേഷം മൈനർ,മേജർ മാറാം. കോളേജ്, സർവകലാശാല മാറാം. നൈപുണ്യ വികസനത്തിന് സമ്മർ ഇന്റേൺഷിപ്പ്.

പ്രവേശനത്തിന് ജൂൺ 7ന് വൈകിട്ട് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. 20 ഓപ്ഷൻ വരെ തിരഞ്ഞെടുക്കാം. കോളേജ് വിവരങ്ങൾ അതത് വെബ്സൈറ്റിലുണ്ട്. അപേക്ഷയുടെ പ്രിന്റൗട്ടും ഫീസടച്ചതിന്റെ രസീതും പ്രവേശന സമയത്ത് കോളേജിൽ ഹാജരാക്കണം. 600 രൂപയാണ് ഫീസ്. പട്ടിക വിഭാഗത്തിന് 350 രൂപ. വെബ്സൈറ്റ്- https://admissions.keralauniversity.ac.in ഹെൽപ്പ് ലൈൻ- 8281883052, 8281883053 ഇ-മെയിൽ ach@keralauniversity.ac.in.

Advertisement
Advertisement