രണ്ടാഴ്ചയ്ക്കിടെ ഒരു ലക്ഷം പേർക്ക് പകർച്ചവ്യാധി, അപൂർവ രോഗങ്ങളും ബാധിക്കുന്നു

Friday 17 May 2024 12:00 AM IST

തിരുവനന്തപുരം: രണ്ടാഴ്ചയ്ക്കിടെ പകർച്ചവ്യാധികൾ ബാധിച്ചത് ഒരു ലക്ഷത്തോളം പേർക്ക്. 10 മരണം. അഞ്ചുമാസത്തിനിടെയുണ്ടായ മരണം 91. അപൂർവ രോഗങ്ങളിലും പകർച്ചവ്യാധികളിലും വിറയ്ക്കുകയാണ് കേരളം. അപൂർവ രോഗങ്ങളായ മസ്തിഷ്‌ക ജ്വരം (അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്), വെസ്റ്റ്നൈൽ പനി എന്നിവയും റിപ്പോർട്ട് ചെയ്യുന്നു.അപൂർവ രോഗങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും അതേക്കുറിച്ച് കൃത്യമായ പഠനം നടക്കുന്നില്ല.

കൊടുംചൂടിനു പിന്നാലെയുണ്ടായ വേനൽമഴയും മാലിന്യനീക്കം തടസപ്പെട്ടതുമടക്കം പകർച്ചവ്യാധികൾ വ്യാപിക്കാൻ ഇടയായി. കാലവർഷംകൂടി വരുന്നതോടെ രോഗവ്യാപനം കൂടുമോ എന്നാണ് ആശങ്ക. മലപ്പുറത്ത് അഞ്ചു വയസുകാരി മസ്തിഷ്‌ക ജ്വരം ബാധിച്ച് ഗുരുതരാവസ്ഥയിലാണ്. ജർമ്മിനിയിൽ നിന്ന് മരുന്നെത്തിക്കാൻ ശ്രമം നടക്കുന്നു. വെസ്റ്റ്നൈൽ പനി കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് റിപ്പോർട്ട് ചെയ്തത്. ഒരാഴ്ചയ്ക്കിടെ ബാധിച്ചത് ഒൻപതുപേർക്ക്.

ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, എലിപ്പനി, എച്ച്-1എൻ-1, ചിക്കൻപോക്സ്, ഹെപ്പറ്റെറ്റിസ്, മലമ്പനി, കുരങ്ങുപനി, ജലജന്യരോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണവും കൂടുന്നു. രോഗവ്യാപനം തടയാൻ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം ഉന്നതതല യോഗം ചേർന്നിരുന്നു. നടപടി തുടങ്ങി.

മസ്തിഷ്ക ജ്വരം

നേഗ്ലെറിയ ഫൗലേറി അമീബയാണ് രോഗത്തിന് കാരണം. തലച്ചോറ് തീനിയെന്നും വിളിക്കും. ഒഴുക്കു നിലച്ച വെള്ളത്തിലാണ് ഏറെയുമുള്ളത്. നീന്തുമ്പോൾ മൂക്കിലെ അസ്ഥികൾക്കിടയിലൂടെ തലച്ചോറിലെത്തും. തലച്ചോറിനെയും ആവരണങ്ങളെയും നാഡീവ്യൂഹത്തെയും ആക്രമിച്ച് സെല്ലുകളെ നശിപ്പിക്കും. നേരിട്ടുള്ള മരുന്നില്ല. ഏതാനും മരുന്നുകളുടെ സംയുക്തമുപയോഗിച്ച് ചികിത്സ. 97%ത്തിന് മുകളിലാണ് മരണനിരക്ക്.

വെസ്റ്റ് നൈൽ പനി

1937ൽ ഉഗാണ്ടയിൽ ആദ്യമായി കണ്ടെത്തി. ക്യൂലക്സ് കൊതുകാണ് പരത്തുന്നത്. കേരളത്തിൽ ആദ്യം റിപ്പോർട്ട് ചെയ്തത് 2011ൽ ആലപ്പുഴയിൽ. രോഗം ബാധിച്ച് 2019ൽ കോഴിക്കോട് ആറുവയസുകാരൻ മരിച്ചു.

രോഗ വ്യാപനം കൂടുന്നത്

1.വർദ്ധിച്ച ജനസാന്ദ്രത

2.ജീവിത ശൈലീമാറ്റം

3.കാലാവസ്ഥ വ്യതിയാനം

4.വ്യത്യസ്ത ഭൂപ്രകൃതി

രണ്ടാഴ്ചയ്ക്കിടെ രോഗം ബാധിച്ചവർ

പകർച്ചപ്പനി...................................78,718

മുണ്ടിനീര്.........................................1,567

ചിക്കൻപോക്സ്...................................971

ഡെങ്കിപ്പനി........................................328 ‌

മഞ്ഞപ്പിത്തം.....................................294

മലേറിയ...............................................20

എലിപ്പനി.............................................70

എച്ച്-1 എൻ-1.....................................37

ഷിഗെല്ല..................................................4

വെസ്റ്റ്നൈൽ.......................................9

(സർക്കാർ ആശുപത്രികളിലെ കണക്ക്)

5 മാസം, 91 മരണം

പകർച്ചപ്പനി........................3

മലേറിയ...............................3

ഡെങ്കിപ്പനി........................16

എലിപ്പനി............................39

ഹെപ്പറ്ററ്റിസ് എ.................13

ഹെപ്പറ്ററ്റിസ് ബി..................3

ചിക്കൻപോക്സ്...................10

എച്ച്-1എൻ-1......................4

Advertisement
Advertisement