കുറ്റപത്രം സമർപ്പിച്ച കേസുകളിൽ ഇ.ഡിക്ക് അറസ്റ്റ് ചെയ്യാനാവില്ല

Friday 17 May 2024 12:00 AM IST

ന്യൂഡൽഹി : കുറ്റപത്രം സമർപ്പിച്ച കേസുകളിൽ ഇ.ഡിക്ക് പ്രതിയെ നേരിട്ട് അറസ്റ്റ് ചെയ്യാനാകില്ലെന്നും, കസ്റ്റഡി ആവശ്യമെങ്കിൽ പ്രത്യേക കോടതിയുടെ മുൻകൂർ അനുമതി അനിവാര്യമെന്നും സുപ്രീംകോടതി.

കള്ളപ്പണം വെളുപ്പിക്കൽ കേസിലെ കുറ്റപത്രം പ്രത്യേക കോടതി സ്വീകരിക്കുകയും, പ്രതി സമൻസ് കൈപ്പറ്റി ഹാജരാകുകയും ചെയ്ത കേസുകൾക്കാണ് നിർദ്ദേശം ബാധകം. കുറ്റപത്രത്തിൽ പേരുള്ള പ്രതിയെ നേരിട്ട് അറസ്റ്റ് ചെയ്യാനാവില്ല. തുടരന്വേഷണത്തിന് കസ്റ്റഡി ആവശ്യമെങ്കിൽ ഇ.ഡി പ്രത്യേക അപേക്ഷ വിചാരണക്കോടതിയിൽ സമർപ്പിക്കണമെന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു.

 കസ്റ്റഡി അപേക്ഷയിൽ പ്രത്യേക കോടതി പ്രതിയുടെ ഭാഗവും കേൾക്കണം

 ഉത്തരവ് എന്താണെങ്കിലും കാരണങ്ങൾ രേഖപ്പെടുത്തണം

 കസ്റ്റഡി അനിവാര്യമാണെന്ന് കോടതിക്ക് ബോദ്ധ്യപ്പെട്ടാൽ അനുവദിക്കാം

 തുടരന്വേഷണം നടത്തുന്ന കേസുകളിൽ, കുറ്റപത്രത്തിൽ പേരില്ലാത്തവരുടെ അറസ്റ്റാകാം

ജാമ്യത്തിന്റെ ഇരട്ടവ്യവസ്ഥകൾ ബാധകമല്ല

അന്വേഷണ കാലയളവിൽ അറസ്റ്റിലാകാത്ത, കുറ്റപത്രത്തിൽ പേരുള്ള പ്രതിക്ക് വിചാരണക്കോടതി സമൻസ് അയയ്ക്കണം. വാറന്റ് അയയ്ക്കരുത്. കോടതിയിൽ ഹാജരാകുന്ന പ്രതി കസ്റ്റഡിയിൽ അല്ലാത്തതിനാൽ ജാമ്യാപേക്ഷ സമർപ്പിക്കേണ്ട. വിചാരണയിൽ പ്രതിയുടെ സാന്നിദ്ധ്യം ഉറപ്പിക്കാൻ കോടതിക്ക് ബോണ്ട് കെട്ടിവയ്പ്പിക്കാം. സാധാരണ കള്ളപ്പണക്കേസുകളിലെ ജാമ്യത്തിന് 'ഇരട്ടവ്യവസ്ഥകളുണ്ട്'. പബ്ലിക് പ്രോസിക്യൂട്ടറെ നിർബന്ധമായും കേൾക്കണമെന്നാണ് ആദ്യത്തെ വ്യവസ്ഥ. പ്രതി കുറ്രം ചെയ്‌തിട്ടില്ലെന്നും മോചിപ്പിച്ചാൽ സമാനകുറ്റം ആവർത്തിക്കില്ലെന്നും ബോദ്ധ്യപ്പെട്ടാൽ ജാമ്യം അനുവദിക്കാമെന്നാണ് രണ്ടാമത്തെ വ്യവസ്ഥ. ഇവിടെ ജാമ്യമായല്ല, ഒരുറപ്പായാണ് ബോണ്ട് വയ്‌പ്പിക്കുന്നത്. പ്രതി ഹാജരായില്ലെങ്കിൽ ആദ്യം ജാമ്യമുള്ള വാറന്റും, തുടർന്നും വീഴ്ച്ചവരുത്തിയാൽ ജാമ്യമില്ലാ വാറന്റും വിചാരണക്കോടതിക്ക് ഉത്തരവിടാം.

Advertisement
Advertisement