എന്നിടം പദ്ധതിയുമായി കുടുംബശ്രീ, 100 കി.മീ നീളത്തിൽ ഗ്രീൻ ബെൽറ്റ്

Friday 17 May 2024 12:40 AM IST

പത്തനംതിട്ട : സ്ത്രീകൾക്ക് ഒത്തുചേരുന്നതിനും പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങൾ നടത്തുന്നതിനും വാർഡുകളിൽ എന്നിടം പദ്ധതിയുമായി കുടുംബശ്രീ. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പൊതുയിടങ്ങൾ വൃത്തിയാക്കുകയും സൗന്ദര്യവൽക്കരണം നടത്തുകയും ചെയ്യും. ജില്ലയിലെ 920 വാർഡുകളിലും കുറഞ്ഞത് 100 മീറ്റർ സ്ഥലത്ത് കുടുംബശ്രീ എ.ഡി.എസുകൾ മുഖേന ഇലച്ചെടികളും പൂച്ചെടികളും നട്ടുപ്പിടിപ്പിക്കും. ഇതിലൂടെ ജില്ലയിൽ 100 കീലോമീറ്റർ നീളമുള്ള ഗ്രീൻ ബെൽറ്റ് സൃഷ്ടിക്കുകയാണ് ലക്ഷ്യം.

പാതയോരങ്ങൾ കണ്ടെത്തി വഴിയോര പൂന്തോട്ടം ഒരുക്കും. സ്ത്രീകളുടെയും കുട്ടികളുടേയും കലാപരിപാടികൾ, സാഹിത്യ ക്യാമ്പ്, സിനിമ പ്രദർശനം, ഫുഡ് ഫെസ്റ്റ്, ബാലസഭ, കാർഷിക പ്രദർശനം, ജെൻഡർ പ്രവർത്തനങ്ങൾ, വിപണന മേള തുടങ്ങിയവയും സംഘടിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലുള്ള ഘടക സ്ഥാപനങ്ങളുടെ മുറികൾ, വായനശാല, സാംസ്‌കാരിക നിലയങ്ങൾ, ക്ലബുകൾ തുടങ്ങിയവ ആസ്ഥാനമന്ദിരമായി ഉപയോഗിക്കും.

കുടുംബശ്രീ മൈൻഡ് ബ്ലോവേഴ്‌സ് പദ്ധതി

കുട്ടികൾക്ക് അറിവ്, സർഗാത്മകത, സംരംഭകത്വം എന്നിവയിൽ നൂതന ആശയങ്ങൾ ഉൾക്കൊള്ളുന്നതിനുള്ള മൈൻഡ്‌ സെറ്റ് സൃഷ്ടിക്കാനായി കുടുംബശ്രീ ആവിഷ്‌കരിച്ച പദ്ധതിയാണ് കുടുംബശ്രീ മൈൻഡ് ബ്ലോവേഴ്‌സ് പദ്ധതി. കുടുംബശ്രീ ദേശീയ ഗ്രാമീണ ഉപജീവനമിഷൻ, ഉദ്യം ലേർണിംഗ് ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ശുചിത്വോത്സവം 2.0

കുട്ടികളിലൂടെ കുടുംബങ്ങളിലേക്ക്, കുടുംബങ്ങളിൽ നിന്ന് സമൂഹങ്ങളിലേക്കും ശുചിത്വ സുന്ദര കേരളം എന്ന ആശയം പ്രചരിപ്പിക്കുന്നതിനും കുട്ടികൾക്ക്
കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ സഹായത്തോടെ നടപ്പിലാക്കുന്ന അവബോധ പരിശീലന പരിപാടിയാണ് ശുചിത്വോത്സവം 2.0.

എന്നിടം കേന്ദ്രങ്ങൾ വിജ്ഞാനവും തൊഴിലും നേടാനുള്ള ഇടങ്ങളുമാവും.

അയൽക്കൂട്ട അംഗങ്ങളുടെയും ഓക്‌സിലറിഗ്രൂപ്പ് അംഗങ്ങളുടെയും സർഗവാസനകൾ പരിപോഷിപ്പിക്കുന്നതിനൊപ്പം തൊഴിൽ ആവശ്യമായവർക്കുള്ള പിന്തുണകേന്ദ്രങ്ങളായും എന്നിടം മാറും.

കുടുംബശ്രീ അധികൃതർ

ഉദ്ഘാടനം ഇന്ന്

എന്നിടം കൾച്ചറൽ ആൻഡ് റിക്രിയേഷൻ സെന്ററിന്റെയും റോഡ് സൗന്ദര്യവത്കരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം കുടുംബശ്രീ ദിനമായ ഇന്ന് നടക്കും. രാവിലെ 9.30ന് പ്രമാടം സി.ഡി.എസിലെ ജവഹർ ലൈബ്രറി ഹാളിൽ ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. കുടുംബശ്രീ 26ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് എന്നിടം പദ്ധതി നടപ്പാക്കുന്നത്.

Advertisement
Advertisement