ഹിറ്റായി കെ.എസ്.ആർ.ടി.സി ജനത സർവീസ്... ജനകീയം 'ജനത', വരുമാനം അരക്കോടി

Friday 17 May 2024 12:22 AM IST

ഏവർക്കും ആശ്രയിക്കാവുന്ന എ.സി സർവീസ്

കൊല്ലം: സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ എ.സി ബസിൽ യാത്ര ചെയ്യാൻ കെ.എസ്.ആർ.ടി.സി ആരംഭിച്ച ജനത സർവീസി​ന്റെ ഒൻപത് മാസത്തെ കളക്ഷൻ 53.64 ലക്ഷം രൂപ. 98,986 പേരാണ് യാത്ര ചെയ്തത്.

കഴിഞ്ഞ സെപ്തംബർ 18നാണ് കൊല്ലം- തിരുവനന്തപുരം ജില്ലകളെ ബന്ധിപ്പിച്ച് പരീക്ഷണാടിസ്ഥാനത്തിൽ ജനതസർവീസ് ആരംഭിച്ചത്. സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ സ്‌റ്റോപ്പുകളാണ് ജനത ബസുകൾക്കും. കൊല്ലം യൂണിറ്റിൽ നിന്ന് രണ്ടും കൊട്ടാരക്കര യൂണിറ്റിൽ നിന്ന് ഒന്നും ഉൾപ്പെടെ മൂന്ന് എ.സി ലോ ഫ്‌ളോർ ബസുകൾ ജനത സർവീസിന് നൽകി​യി​ട്ടുണ്ട്. ബസ് പുറപ്പെടുന്നത് മുതൽ സീറ്റുകളുടെ ലഭ്യത, തിരക്ക് ഉൾപ്പെടെയുള്ള വിവരങ്ങൾ ഇതുവരെ 350 അംഗങ്ങളുള്ള വാട്‌സാപ്പ് ഗ്രൂപ്പിൽ ലഭിക്കും.

കെ.എസ്.ആർ.ടി.സി എ.സി ബസുകളുടെ പതിവ് നിറത്തിൽ നിന്ന് വ്യത്യസ്തമായി മുൻവശത്തും പിന്നിലും നീലനിറമാണ് ജനത ബസിനുള്ളത്. ലോഗോയും പതിച്ചിട്ടുണ്ട്. കിലോമീറ്ററിന് 55 പൈസയാണ് നി​രക്ക്. 20 രൂപയാണ് മി​നി​മം ചാർജ്. കൊല്ലം- തിരുവനന്തപുരം യാത്രയ്ക്ക് 184 രൂപ. രണ്ട് മണിക്കൂറിനുള്ളിൽ ലക്ഷ്യസ്ഥാനത്തെത്തും. തിരുവനന്തപുരത്തേക്ക് പോകുന്ന വിദ്യാർത്ഥികൾ, സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ, ആർ.സി.സിയിലേക്കും മെഡി. ആശുപത്രിയിലേക്കും പോകുന്നവർ ഉൾപ്പെടെയുള്ളവരാണ് കൂടുതലയും ജനത സർവീസിനെ ആശ്രയിക്കുന്നത്.

നിലവിൽ സ്‌കൂളുകളും കോളേജുകളും അവധിയായതിനാൽ യാത്രക്കാരായ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവുണ്ട്. കൊല്ലം യൂണിറ്റിൽ നിന്ന് പുറപ്പെടുന്ന സർവീസുകളിലാണ് യാത്രക്കാർ കൂടുതൽ. ഓരോ സ്‌റ്റോപ്പിലും ബസിന്റെ കുറഞ്ഞ നിരക്ക് കണ്ടക്ടർ വിളിച്ച് പറഞ്ഞാണ് യാത്രക്കാരെ ആകർഷിക്കുന്നത്.


സർവീസ് സമയം

കൊല്ലത്ത് നിന്ന് 7.15ന് ആദ്യ ബസ് പുറപ്പെടും. വൈകിട്ട് 5ന് തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്കും. രണ്ടാമത്തെ ബസ് 7.40ന് കൊല്ലം സ്റ്റാൻഡിൽ നിന്ന് പുറപ്പെടും. കൊട്ടാരക്കരയിൽ നിന്ന് രാവിലെ 7.15നാണ് പുറപ്പെടുന്നത്. വൈകിട്ട് 5.20ന് തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് തിരിക്കും.

.........................................................

മി​കച്ച വരുമാനം (2023 സെപ്തംബർ 18 മുതൽ 2024 മെയ് 13 വരെ)

കൊല്ലം യൂണി​റ്റ്

ആകെ കളക്ഷൻ: 51,91,053

ആകെ യാത്രക്കാർ: 97,029


കൊട്ടാരക്കര യൂണിറ്റ്

ആകെ കളക്ഷൻ: 1,73,609

ആകെ യാത്രക്കാർ: 1,957

Advertisement
Advertisement