രാജേഷിന്റെ മൃതദേഹം സംസ്കരിച്ചു, ഒടുവിൽ പ്രതികരിച്ച് എയർ ഇന്ത്യ

Friday 17 May 2024 2:15 AM IST

തിരുവനന്തപുരം: ഡിസംബറിൽ വരുമെന്ന് ഉറപ്പുനൽകി പടിയിറങ്ങിയ കരമന നെടുങ്കാടുള്ള വാടകവീട്ടിലേക്ക് ഇന്നലെ നമ്പി രാജേഷിന്റെ (40) ചേതനയറ്റ ശരീരമെത്തി. സ്വന്തമായൊരു വീടെന്ന സ്വപ്നവും ബാക്കി. മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ, പ്രിയതമൻ ജീവിച്ചിരുന്നപ്പോൾ അവസാനമായി കാണാനാവാത്ത ഭാര്യ അമൃതയുടെ നിലവിളിയിൽ ബന്ധുക്കൾ നിസഹായരായി.

ഈ മാസം 7നാണ് മസ്‌കറ്റിലെ ജോലിസ്ഥലത്ത് രാജേഷ് കുഴഞ്ഞുവീണത്. ഭർത്താവിനെ കാണാൻ അമൃതയും അമ്മ ചിത്രയും 8ന് രാവിലത്തെ എയർ ഇന്ത്യ എക്സ്‌പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സമരം കാരണം വിമാനങ്ങൾ റദ്ദാക്കിയത് അറിയുന്നത്. പിറ്റേന്നത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് കമ്പനി പറഞ്ഞെങ്കിലും നടന്നില്ല. ഭ‌ർത്താവിനെ പരിചരിക്കാനുള്ള അമൃതയുടെ യാത്ര അങ്ങനെ മുടങ്ങി. വിവരം അറിഞ്ഞ രാജേഷ്, ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിലും നാട്ടിലേക്ക് വരാമെന്ന് അറിയിച്ചിരുന്നു. നാളെ എത്താനിരിക്കയായിരുന്നു.13ന് അമൃതയെ തേടിയെത്തിയത് രാജേഷിന്റെ മരണവാർത്തയാണ്.

ഇന്നലെ രാവിലെ 7ന് മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു. എയർ ഇന്ത്യ ഓഫീസിന് മുന്നിലെ പ്രതിഷേധത്തിന് ശേഷം 11.15ഓടെ വീട്ടിലെത്തിച്ചു. മകൻ ശൈലേഷ്, രാജേഷിന്റെ സഹോദരൻ അരുണിന്റെ കൈപിടിച്ച് അന്ത്യകർമ്മങ്ങൾ ചെയ്തപ്പോൾ കണ്ടുനിന്നവർ തേങ്ങലടക്കി. മന്ത്രി വി.ശിവൻകുട്ടി വീട്ടിലെത്തി. 12.30ഓടെ തൈയ്ക്കാട് തമിഴ് സമുദായ ശ്മശാനത്തിൽ സംസ്കാരം നടന്നു. മൂത്തമകൾ അനിക ഇനി ഒന്നാം ക്ലാസിലാണ്. മകൻ ശൈലേഷ് എൽ.കെ.ജിയിലേക്കും. രാജേഷിന്റെ സ്വദേശം മധുരയിലാണ്. ഒൻപതുവർഷമായി മസ്‌കറ്റിലാണ്.

എയർ ഇന്ത്യ ഓഫീസിന് മുന്നിൽ പ്രതിഷേധം

അമൃതയുടെ അച്ഛൻ രവിയും ബന്ധുക്കളും ഈഞ്ചയ്ക്കലുള്ള എയർ ഇന്ത്യ സാറ്റ്സ് ഓഫീസിന് മുന്നിൽ നാലുമണിക്കൂറോളം മൃതദേഹം വച്ച് പ്രതിഷേധിച്ചു. ഒരുദ്യോഗസ്ഥൻ പോലും നോക്കിയില്ല. തമ്പാനൂർ സി.ഐ എത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. മൃതദേഹം സംസ്‌കരിച്ച ശേഷം എയർ ഇന്ത്യ കുടുംബവുമായി സംസാരിക്കാമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

'എയർ ഇന്ത്യയുടെ അനാസ്ഥ കാരണമാണ് മരണം. ഇതൊരു പ്രതിഷേധമാണ്; മൃതദേഹത്തോടുള്ള അനാദരവല്ല... കുടുംബത്തിന്റെ ഏക ആശ്രയമാണ് പോയത്. എയർ ഇന്ത്യ നീതി നൽകണം....' രവി പറ‌ഞ്ഞു. മരണം നടന്ന് ഇത്ര ദിവസമായിട്ടും എയർ ഇന്ത്യ അന്വേഷിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. 'അരികിൽ അമൃത ഉണ്ടായിരുന്നെങ്കിൽ രാജേഷ് മരിക്കില്ലായിരുന്നു...' രാജേഷിന്റെ സുഹൃത്തിന്റെ വാക്കുകൾ.

എയർഇന്ത്യ ബന്ധപ്പെട്ടു

ഇന്നലെ ഉച്ചതിരിഞ്ഞ് എയർ ഇന്ത്യ അധികൃതർ കുടുംബവുമായി ബന്ധപ്പെട്ടു. മെയിൽ വഴി ആവശ്യം അറിയിക്കണമെന്ന് പറഞ്ഞു. ഇപ്പോൾ മാനസികസംഘർഷത്തിൽ ആണെന്നും കുറച്ചു ദിവസം കഴിഞ്ഞ് ബന്ധപ്പെടാമെന്നും കുടുംബം അറിയിച്ചു.

ദൗർഭാഗ്യകരമായ സംഭവമാണ്. എയർ ഇന്ത്യ കുടുംബത്തോട് മറുപടി പറയണം.

മന്ത്രി വി.ശിവൻകുട്ടി.

ഉത്തരവാദിതത്തിൽ നിന്ന് എയർ ഇന്ത്യക്ക് ഒഴിയാനാവില്ല. ജീവിതത്തിലെ നിർണായകമായ യാത്രയാണ്

അമൃതയ്‌ക്ക് മുടങ്ങിയത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണം.

വി.ഡി.സതീശൻ, പ്രതിപക്ഷ നേതാവ്

Advertisement
Advertisement