ട്രെയിനിൽ ടി.ടി.ഇയെ കൈയേറ്റം ചെയ്ത രണ്ടുപേർ അറസ്റ്റിൽ

Friday 17 May 2024 2:37 AM IST

കൊച്ചി: ട്രെയിനിൽ ടി.ടി.ഇയെ കൈയേറ്റംചെയ്ത രണ്ട് യാത്രക്കാരെ റെയിൽവേ പൊലീസ് അറസ്റ്റുചെയ്തു. മലപ്പുറം വെളിയങ്കോട് മൂസാന്റകത്ത് ആഷിഫ് എം.എച്ച് (28), അശ്വിൻ എന്നിവരാണ് അറസ്റ്റിലായത്. ബംഗളൂരു - കന്യാകുമാരി എക്‌സ്‌പ്രസിൽ ഇന്നലെ പുലർച്ചെ ആറോടെ വടക്കാഞ്ചേരി സ്റ്റേഷനിലായിരുന്നു സംഭവം. ജനറൽ ടിക്കറ്റുമായി സ്ളീപ്പർകോച്ചിൽ വന്ന ആഷിഫിനോട് ഫൈനടയ്ക്കാൻ ടി.ടി.ഇ മനോജ് കെ. വർമ്മ ആവശ്യപ്പെട്ടു. തുക അടയ്ക്കാതെ തർക്കിച്ച് ടി.ടി.ഇയെ ട്രെയിനിനകത്തേയ്ക്ക് ഇരുവരും ചേർന്ന് തള്ളിയിടുകയായിരുന്നു.

എറണാകുളം ടൗൺസ്റ്റേഷനിൽവച്ചാണ് അറസ്റ്റുചെയ്തത്. ആഷിഫിന്റെ പക്കൽനിന്ന് കഞ്ചാവും കണ്ടെടുത്തെന്ന് പൊലീസ് പറഞ്ഞു. ചികിത്സതേടിയ ടി.ടി.ഇ മൊഴിനൽകിയശേഷം തുടർനടപടി സ്വീകരിക്കുമെന്ന് റെയിൽവേ പൊലീസ് പറഞ്ഞു.