പ്ളാസ്റ്റിക് ചാക്കിലൊരുക്കാം ലൈഫ് ജാക്കറ്റ്

Friday 17 May 2024 2:42 AM IST

ആലപ്പുഴ: വെറുതേ വലിച്ചെറിയുന്ന പ്ളാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് ചാക്കും ഉപയോഗിച്ച് നിസാര ചെലവിൽ നിർമ്മിക്കാവുന്ന ലൈഫ് ജാക്കറ്ര് അവതരിപ്പിച്ച് ആലപ്പുഴ ആസ്ഥാനമായുള്ള പരിസ്ഥിതി സംഘടന. വെള്ളപ്പൊക്കത്തിലോ ബോട്ട് യാത്രയിലോ അടക്കം രക്ഷാകവചമായി ഉപയോഗിക്കാം. പ്ളാസ്റ്റിക് ചാക്ക് ജാക്കറ്റ് രൂപത്തിൽ വെട്ടിയെടുത്ത് അറകൾ തുന്നി അതിൽ കുപ്പികൾ നിറച്ചാണ് നിർമ്മാണം. നിലവിൽ ഉപയോഗിക്കുന്ന ലൈഫ് ജാക്കറ്റുകളോട് കിടപിടിക്കും. അരിച്ചാക്ക് ഉൾപ്പെടെ നിർമ്മാണത്തിന് ഉപയോഗിക്കാം.

അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ ഇക്കോളജി ആൻഡ് എൻവയൺമെന്റ് (എ ട്രീ) എന്ന പരിസ്ഥിതി സംഘടന ഇത് കുട്ടനാട്ടുകാർക്കിടയിൽ പ്രചരിപ്പിച്ചു തുടങ്ങി. യുണൈറ്റഡ് നേഷന്റെ ആഗോള പ്ലാസ്റ്റിക് ചലഞ്ചിന്റെ ഭാഗമായി വേൾഡ് വൈൽഡ് ലൈഫ് ഫണ്ടുമായി സഹകരിച്ചാണിത്. 26 വനിതകൾക്ക് നിർമ്മാണത്തിൽ പരിശീലനം നൽകി.

110 കിലോ ഭാരമുള്ളവർക്കുവരെ ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ ലാർജ്, മീഡിയം, സ്മോൾ സൈസിലാണ് നിർമ്മാണം. സ്മോൾ സൈസ് നിർമ്മിക്കാൻ ഒരു ലിറ്ററിന്റെ 6 പ്ലാസ്റ്റിക് കുപ്പികളും ഒരു ചാക്കുമാണ് വേണ്ടത്. മീഡിയത്തിന് എട്ടു കുപ്പികളും രണ്ട് ചാക്കും. ലാർജ് സൈസിന് 10 കുപ്പികളും രണ്ടു ചാക്കും.

ഒമ്പതാം ക്ലാസുകാരിയുടെ ആശയം

പ്രളയമുണ്ടായപ്പോൾ അസാമിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥി അനുശ്വേതയുടെ മനസിലുദിച്ച ആശയമാണ് പ്ലാസ്റ്റിക് ലൈഫ് ജാക്കറ്റ്. ആദ്യം സ്കൂൾ പ്രോജക്ടിന്റെ ഭാഗമായി നിർമ്മിച്ചു. 2022ൽ സിൽച്ചർ ഗ്രാമത്തിലെ പ്രളയകാലത്ത് രക്ഷാപ്രവർത്തകർക്ക് സൗജന്യമായി 200 ജാക്കറ്റുകൾ നിർമ്മിച്ചു നൽകി. 2022ലെ ഇന്ത്യ ഇന്റർനാഷണൽ ഇന്നവേഷൻ ആൻഡ് ഇൻവെൻഷൻ എക്സ്പോയിൽ ദേശീയ പുരസ്കാരം നേടി. അനുശ്വേത നേരിട്ടെത്തിയാണ് കുട്ടനാട്ടിലെ വനിതകൾക്ക് ജാക്കറ്റ് നിർമ്മാണത്തിൽ പരിശീലനം നൽകിയത്.

150 രൂപ

ഒരു ജാക്കറ്റിന്റെ ചെലവ്

''ദുരന്ത നിവാരണ അതോറിട്ടിയുടെയോ ഏതെങ്കിലും ഏജൻസികളുടെയോ പിന്തുണ ലഭിച്ചാൽ സ്ത്രീകൾക്ക് സ്വയം തൊഴിൽ സംരംഭമായി പദ്ധതി വിപുലമാക്കാം

- ടി.ഡി.ജോജോ,

പ്രോജക്ട് കോ ഓർഡിനേറ്റർ, എട്രീ