വേണ്ടത് 15,000 കോടി,പാതിവഴിയിൽ മുടന്തി ജല ജീവൻ പദ്ധതി

Friday 17 May 2024 3:49 AM IST

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധികാരണം 15,000 കോടിയോളം രൂപ കണ്ടെത്താനാകാത്തതും ജലസംഭരണികളടക്കം സ്ഥാപിക്കാൻ സ്ഥലം കണ്ടെത്താൻ കഴിയാത്തതുമൂലം ഗ്രാമീണ വീടുകളിൽ ശുദ്ധജലം ഉറപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതി

സംസ്ഥാനത്ത് പാതിവഴിയിൽ മുടന്തുന്നു. 1500 കരാറുകാർക്ക് രണ്ടുവർഷത്തെ കുടിശികയായ 3100 കോടി നൽകാനുമുണ്ട്. അടുത്തമാസം മുതൽ പണികൾ നിറുത്തിവയ്ക്കുമെന്നാണ് കരാറുകാരുടെ മുന്നറിയിപ്പ്.

2020 ഒക്ടോബറിൽ തുടങ്ങിയ പദ്ധതിയിൽ ഇതുവരെ 40 ശതമാനം മാത്രമാണ് പൂർത്തിയായത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന 44,000 കോടിയുടെ പദ്ധതിയിൽ ഇതുവരെ ചെലവിട്ടത് 9,011 കോടിയാണ്. ഇതിൽ 4,​635 കോടി കേന്ദ്രവിഹിതവും 4,376 കോടി സംസ്ഥാന വിഹിതവും. ശേഷിക്കുന്ന 34,​989 കോടിയിൽ സംസ്ഥാന വിഹിതം 15,000 കോടിയോളം വരും. ഇത് അനുവദിച്ചാലേ കേന്ദ്ര വിഹിതം കിട്ടൂ. നിലവിലെ സാമ്പത്തിക സ്ഥിതിയിൽ ഈ തുക കണ്ടെത്തുക സംസ്ഥാനത്തിന് കടുത്ത വെല്ലുവിളിയാണ്.

രാജ്യത്ത് 2019ലാണ് പദ്ധതി തുടങ്ങിയതെങ്കിലും കേരളത്തിൽ ആരംഭിക്കാൻ ഒരു വർഷം വൈകി. കേന്ദ്ര മാനദണ്ഡപ്രകാരം കഴിഞ്ഞമാർച്ചിൽ പദ്ധതിയുടെ കാലാവധി കഴിഞ്ഞു.

എന്നാൽ, വൈകി തുടങ്ങിയതിനാൽ 2025ൽ പൂർത്തിയാക്കിയാൽ മതിയെന്നാണ് ജല അതോറിട്ടി പറയുന്നത്. സമയം നീട്ടിനൽകണമെന്ന അപേക്ഷയിൽ കേന്ദ്രം ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

ഏറ്റെടുക്കേണ്ടത് 51.84 ഏക്കർ

ജലസംഭരണികളും ശുദ്ധീകരണ ശാലകളും സ്ഥാപിക്കുന്നതിനുള്ള ഭൂമി ലഭിക്കാത്തതിനാൽ പലയിടത്തും പൈപ്പിട്ടതല്ലാതെ തുടർനടപടി കാര്യമായി നടന്നില്ല. തദ്ദേശ സ്ഥാപനങ്ങളാണ് ജല അതോറിട്ടിക്ക് ഭൂമിയേറ്റെടുത്തു നൽകേണ്ടത്. 138 സ്ഥലങ്ങളിലായി 51.84 ഏക്കർ ഭൂമിയാണ് ഇനി ഏറ്റെടുക്കേണ്ടത്. ഏറ്റെടുത്ത സ്ഥലങ്ങളിൽ ട്രീറ്റ്മെന്റ് പ്ളാന്റുകളുടെയും പൈപ്പ് ലൈനുകളുടെയും പണികൾ പാതിവഴിയിലാണ്.

''കുടിശിക നൽകാത്തതിനാൽ ജൂൺ മുതൽ ജോലികൾ നിറുത്തിവയ്ക്കും

-വർഗീസ് കണ്ണമ്പള്ളി,

പ്രസിഡന്റ്, ഗവ.

കോൺട്രാക്ടേഴ്സ് അസോ.

69,​92,​537


പദ്ധതിയിലുൾപ്പെട്ട

ഗ്രാമീണ വീടുകൾ

36,​86,003


ഇതുവരെ കണക്ഷൻ

നൽകിയത്

33,06,534


ഇനി നൽകാനുള്ളത്

പദ്ധതിവിഹിതം

(ശതമാനത്തിൽ)​

കേന്ദ്രം.....................45

സംസ്ഥാനം.............30

പഞ്ചായത്തുകൾ...15

ഗുണഭോക്താവ്... 10

Advertisement
Advertisement