ക്ഷേത്ര പരിസരത്തെത്തിയത് ഉഗ്രവിഷമുള്ള കൂറ്റൻ പാമ്പ്; വയറ്റിനകത്തെന്തോ ഉണ്ടെന്ന് നാട്ടുകാർ, ഊഹം തെറ്റിയില്ല

Friday 17 May 2024 12:44 PM IST

തിരുവനന്തപുരം ജില്ലയിലെ കടക്കാവൂരിലേക്ക് പോകുന്ന വഴി ആലംകോട് ശ്രീ ദുർഗാ ഭഗവതി ക്ഷേത്രത്തിനോട് ചേർന്ന സ്ഥലത്ത് ഒരു വലിയ അണലിയെ കണ്ടു എന്ന് പറഞ്ഞാണ് വാവ സുരേഷിനെ വിളിച്ചത്.

മഴയത്ത് ഇടിഞ്ഞു വീണ ക്ഷേത്ര മതിൽ പണിയാൻ മണ്ണും കല്ലും മാറ്റുന്നതിന് ഇടയിലാണ് പാമ്പിനെ കണ്ടത്. വലിയ അണലിയാണെന്നും അതിന്റെ വയർ വീർത്തിരിക്കുകയാണെന്നും പാമ്പിനെ കണ്ടവർ വാവ സുരേഷിനോട് പറഞ്ഞു.

സ്ഥലത്ത് എത്തിയ വാവ സുരേഷ് ചുറ്റും പരിശോധിച്ചു. ഇങ്ങനെയുള്ളയിടങ്ങളിലാണ് അണലി പ്രസവിക്കുകയെന്ന് സ്ഥലത്തെത്തിയ വാവ പറഞ്ഞു. കൈ കൊണ്ട് കരിങ്കല്ലുകൾ മാറ്റുക പ്രയാസമാണ്. അതിനാൽ അവിടെ പണിക്ക് കൊണ്ടുവന്ന എക്സ്കവേറ്റർ
ഉപയോഗിച്ച് കല്ലുകൾ മാറ്റി തുടങ്ങി. എവിടെ നിന്നൊക്കെയുള്ള കല്ലുകളാണ് മാറ്റേണ്ടതെന്ന് വാവ നിർദേശം നൽകി. അതുപ്രകാരമാണ് ഡ്രൈവർ കല്ലുകൾ മാറ്റിയത്.

മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ അണലിയെ വാവ സുരേഷ് പിടികൂടി. നാട്ടുകാർ പറഞ്ഞതുപോലെ പാമ്പിന്റെ വയറ്റിൽ എന്തോ ഉണ്ടെന്നും എന്നാൽ ആഹാരമല്ലെന്നും അതിന്റെ കുഞ്ഞുങ്ങളാണെന്നും വാവ വ്യക്തമാക്കി. പാമ്പ് പ്രസവിക്കാറായതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതുവെ ഈ സമയത്ത് അണലികൾ ഏറെ അപകടകാരികളാണെന്ന് വാവ സുരേഷ് പറഞ്ഞു. വളരെ സാഹസികമായിട്ടാണ് ഇത്തവണ വാവ പാമ്പിനെ പിടികൂടിയത്, കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...