തൃക്കരിപ്പൂരിൽ 19കാരൻ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കോളേജ് ഹോസ്റ്റലിൽ

Friday 17 May 2024 4:39 PM IST

കാസർകോട്: ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃത്തരിപ്പൂർ ഇകെ നായനാർ പോളിടെക്‌നിക് കോളേജ് ഹോസ്റ്റലിലാണ് സംഭവം. കാസർകോട് ഭീമനടി സ്വദേശി അഭിജിത്ത് ഗംഗാധരൻ (19) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെയാണ് അഭിജിത്തിനെ ഹോസ്റ്റലിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസുകാർ സ്ഥലത്തെത്തി. മൃതദേഹം ഇൻക്വസ്റ്റ് നടപടിക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

കോളേജിലെ ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായിരുന്നു അഭിജിത്ത്. ഇവരുടെ പരീക്ഷ നടന്നുകൊണ്ടിരിക്കുന്ന സമയമാണ് ഇപ്പോൾ. അഭിജിത്തിന്റെ കൈവശം മറ്റൊരു വിദ്യാർത്ഥിയുടെ ഹാൾടിക്കറ്റ് ഉണ്ടായിരുന്നു. ഇന്ന് രാവിലെ ഈ ഹോൾടിക്കറ്റ് വാങ്ങാനായി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിലെത്തി. എന്നാൽ, ഏറെനേരം വാതിലിൽ തട്ടി വിളിച്ചെങ്കിലും അഭിജിത്ത് തുറന്നില്ല.

ഇതോടെ മൊബൈൽ ഫോണിൽ വിളിച്ച് നോക്കിയപ്പോൾ സ്വിച്ച് ഓഫ് ചെയ്‌ത നിലയിലായിരുന്നു. തുടർന്ന് വിദ്യാർത്ഥികൾ മുറിയുടെ ജനൽ തുറന്ന് നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിനിൽക്കുന്ന നിലയിൽ അഭിജിത്തിനെ കണ്ടെത്തിയത്. ഇവർ ഉടൻതന്നെ പൊലീസിനെ വിളിച്ച് വിവരമറിയിച്ചു. വിവരമറിഞ്ഞ് നാട്ടുകാരും കോളേജ് ഹോസ്റ്രലിലേക്ക് എത്തിയിരുന്നു.

പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിന്റെ നടുക്കം മാറുന്നതിന് മുമ്പാണ് മറ്റൊരു വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ എന്ന നിലയിലായിരുന്നു സിദ്ധാർത്ഥിന്റെ മരണ വിവരം ആദ്യം പുറത്തുവന്നിരുന്നത്. എന്നാൽ, പിന്നീടാണ് കൊലപാതകമാണ് എന്ന സംശയത്തിലേക്ക് നീങ്ങിയത്.