അക്ഷര മുത്തശിയായി ചെങ്ങമനാട് വാണികളേബരം വായനശാല

Saturday 18 May 2024 12:59 AM IST
ഞായറാഴ്ച ശതാബ്ദി ആഘോഷ സമാപനം ആഘോഷിക്കുന്ന ചെങ്ങമനാട് വാണികളേബരം വായനശാല.

നെടുമ്പശേരി: അക്ഷരലോകത്ത് നൂറ്റാണ്ടിന്റെ ഇതിഹാസമായ ചെങ്ങമനാട് വാണികളേബരം വായനശാലയുടെ ഒരു വർഷം നീണ്ടുനിന്ന ശതാബ്ദിയാഘോഷം സമാപനഘട്ടത്തിലായി.

ഗ്രന്ഥശാല സംഘത്തിന് കീഴിലെ 55-ാമത് വായനശാലയായി 1924ലാണ് വാണികളേബരം വായനശാല രജിസ്റ്റർ ചെയ്തത്. വായനശാല സ്ഥാപകർ വാങ്ങിയ 11 സെന്റ് സ്ഥലത്ത് രണ്ട് കെട്ടിടങ്ങളാണുള്ളത്. ഓട് മേഞ്ഞ പഴമയുടെ പ്രതീകമായ കെട്ടിടത്തിലാണ് എട്ട് പതിറ്റണ്ടോളം വായനശാല പ്രവർത്തിച്ചത്. 2003ലാണ് ആധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടത്തിടത്തിലേക്ക് പ്രവർത്തനം മാറ്റിയത്. പഴയ കെട്ടിടം യോഗങ്ങൾ ചേരുന്നതിനും കലാ, വിജ്ഞാന മത്സരങ്ങൾ നടത്തുന്നതിനുമാണ് ഉപയോഗിക്കുന്നത്.

മഹാകവി വള്ളത്തോൾ, മഹാകവി ജി. ശങ്കരക്കുറുപ്പ്, വയലാർ രാമവർമ്മ, പി.എൻ. പണിക്കർ, കുറ്റിപ്പുഴ കൃഷ്ണപിള്ള, എൻ.കെ. ദേശം, മന്നത്ത് പത്മനാഭൻ, എസ്.പി പിള്ള തുടങ്ങിയ മലയാള സാഹിത്യ തറവാട്ടിലെ നിരവധി പ്രമുഖർ വായനശാല സന്ദർശിച്ചിട്ടുണ്ട്. വായന മരവിച്ച കാലഘട്ടത്തിലും വാണികളേബരം വായനശാല നാടിന്റെ നിറവാണ്.

തിരുവിതാംകൂർ ചരിത്രം, വിശ്വവിജ്ഞാന കോശങ്ങളുടെ 10 വാള്യങ്ങൾ, ശബ്ദ താരാവലി അടക്കം അനേകം അത്യപൂർവ പുസ്തകങ്ങളും, വിഖ്യാത നോവലുകളടക്കമുള്ള ഗ്രന്ഥങ്ങളും വായനശാലയിലുണ്ട്. 1800ൽപരം പുസ്തകങ്ങളും 2000ത്തോളം അംഗങ്ങളുമുള്ള വാണികളേബരം വായനശാല സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച് നിരവധി പുരസ്‌കാരങ്ങളും അംഗീകാരവും നേടിയിട്ടുണ്ട്.

ശതാബ്ദിയാഘോഷ സമാപനം നാളെ മുതൽ

എട്ട് ദിവസത്തെ ആഘോഷ പരിപാടിയിൽ വിളംബര ജാഥ, ഡോക്യുമെന്ററി - സിനിമ പ്രദർശനങ്ങൾ, രചന മത്സരങ്ങൾ, കവിയരങ്ങ്, കാർഷിക സെമിനാർ, കായിക മത്സരങ്ങൾ, കവിത പാരായണം, നാടൻ പാട്ട്, തിരുവാതിര കളി, കൈകൊട്ടിക്കളി മത്സരം തുടങ്ങിയവ അരങ്ങേറും.

2023 മെയ് 26നാണ് ശതാബ്ദിയാഘോഷം ആരംഭിച്ചത്. സമാപന സമ്മേളനം 26ന് വൈകിട്ട് 4.30ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. പ്രഫ. എം.കെ. സാനു മുഖ്യാതിഥിയായിരിക്കും. അൻവർസാദത്ത് എം.എൽ.എ മുൻകാല ഗ്രന്ഥശാല പ്രവർത്തകരെ ആദരിക്കും. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞിക്കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.

Advertisement
Advertisement