അവരുടെ വരവ് കുറഞ്ഞു, നമ്മുടെ പോക്ക് കൂടി; ഒരേയൊരു കാരണം മാത്രം
തിരുവനന്തപുരം: വിദേശ വിനോദസഞ്ചാരികളുടെ ഇഷ്ടപ്പെട്ട സ്ഥലമാണ് കാലങ്ങളായി ദൈവത്തിന്റെ സ്വന്തം നാട്. കൊവിഡ് 19 മഹാമാരി കാരണമുണ്ടായ യാത്രാവിലക്ക് മാറ്റി നിര്‍ത്തിയാല്‍ സഞ്ചാരികള്‍ ബാക്കി സമയങ്ങളില്‍ കേരളത്തിലേക്ക് എത്തുന്നത് കുറവായിരുന്നുമില്ല. എന്നാല്‍ കഴിഞ്ഞ മൂന്ന് നാല് മാസങ്ങളില്‍ കാര്യങ്ങള്‍ തലകീഴായി മറിഞ്ഞിരിക്കുകയാണ്.
കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള വിദേശ വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞിരിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇക്കാലയളവില്‍ വിദേശത്തേക്ക് യാത്ര ചെയ്ത മലയാളികളുടെ എണ്ണത്തില്‍ 20 ശതമാനത്തിന് മുകളിലാണ് വര്‍ദ്ധനവ്. കാരണമായതാകട്ടെ കനത്ത ചൂടും.
കേരളത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് നിലനിന്നിരുന്ന പശ്ചാത്തലത്തില്‍ കേരളത്തിലേക്ക് വരാന്‍ വിമാനടിക്കറ്റ് ഉള്‍പ്പെടെ ബുക്ക് ചെയ്ത വിദേശ വിനോദ സഞ്ചാരികള്‍ യാത്ര റദ്ദാക്കിയിരുന്നു. വിദേശികള്‍ മാത്രമല്ല വേനലവധിക്കാലത്ത് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് എത്താറുള്ള ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലും കുറവ് സംഭവിച്ചിട്ടുണ്ട്.
കനത്ത വേനലിന് പുറമേ വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതും ആഭ്യന്തര സഞ്ചാരികളുടെ എണ്ണം കുറയുന്നതിന് കാരണമായി. ചൂട് സഹിക്കാന്‍ വയ്യാതായപ്പോള്‍ മലയാളികള്‍ പോലും ഹൈറേഞ്ച് ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഊട്ടി പോലുള്ള സ്ഥലങ്ങളെ ആശ്രയിക്കുകയായിരുന്നു.
കേരളത്തില്‍നിന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍, ബാലി, അസര്‍ബൈജാന്‍, ശ്രീലങ്ക, തായ്‌ലാന്‍ഡ്, വിയറ്റ്നാം, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കുള്ള മലയാളികളുടെ യാത്ര കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനത്തോളമാണ് വര്‍ധിച്ചത്. നൈറ്റ് ലൈഫ് ആസ്വദിക്കാന്‍ ശ്രീലങ്കയിലേക്കും മലയാളികള്‍ കൂടുതല്‍ പോകുന്നുണ്ട്.
ചൂട് കാലത്ത് മലയാളികളുടെ വാട്ടര്‍തീം പാര്‍ക്ക് സന്ദര്‍ശനവും സാധാരണയേക്കാള്‍ കൂടുതലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.