എളമക്കര സ്കൂളിൽ ഒരുക്കം തകൃതി

Saturday 18 May 2024 12:59 AM IST

കൊച്ചി: സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവത്തിന് വേദിയാകാനൊരുങ്ങി എളമക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ. ജൂൺ മൂന്നിന് തിങ്കളാഴ്ച മുഖ്യമന്ത്രി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. പ്രവേശനോത്സവത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി എച്ച്.എം പി.വി. ബിന്ദു പറഞ്ഞു.

സ്കൂൾ പരിസരം വൃത്തിയാക്കി പന്തലിടുന്ന പ്രവ‌ർത്തനങ്ങളാണിപ്പോൾ നടക്കുന്നത്. സ്കൂൾ പെയിന്റിംഗും പൂർത്തിയാവാറായി. സ്കൂളിന് മുൻവശത്താണ് പന്തലിടുന്നത്. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സ്ഥലം സന്ദർ‌ശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. 20ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സംഘാടക സമിതിയോഗം ചേർന്ന് പരിപാടികൾ നിശ്ചയിക്കും.

രാവിലെ 8.30 ഓടെയാവും ഉദ്ഘാടന പരിപാടികൾ നടക്കാൻ സാദ്ധ്യത. സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞ ശേഷമാണ് ജില്ലാതലത്തിലും സ്കൂൾ തലങ്ങളിലും പ്രവേശനോത്സവങ്ങൾ നടക്കുക. എല്ലാവർഷത്തേയും പോലെ വിപുലമായ രീതിയിലാവും ഇത്തവണയും പ്രവേശനോത്സവം സംഘടിപ്പിക്കുക. ആദ്യാക്ഷരം കുറിക്കുന്ന കുട്ടികൾക്ക് സമ്മാനവും മറ്റ് പരിപാടികളുമുണ്ടാകും.

ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. മന്ത്രി പി. രാജീവ്, മേയ‌ർ എം. അനിൽകുമാർ, ജില്ലാ കളക്ടർ, എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, പി.ടി.എ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.

ജില്ലയിലെ പ്രവേശനോത്സവം ആഘോഷമാക്കാനാണ് തീരുമാനം. 20ന് സംഘാടക സമിതി യോഗം ചേർന്ന ശേഷം പരിപാടികൾ നിശ്ചയിക്കും

ഹണി ജി. അലക്സാണ്ടർ

ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ട‌ർ

Advertisement
Advertisement