ജില്ലാ സ്റ്റേഡിയം നിർമ്മാണം: വെള്ളക്കെട്ട് ഒഴിവാക്കാൻ മൈതാനം ഉയർത്തും

Friday 17 May 2024 11:36 PM IST

പത്തനംതിട്ട: ജില്ലാ സ്റ്റേഡിയം ഉന്നത നിലവാരത്തിൽ പുനർനിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് വേഗത കൂടി. തടസങ്ങളുണ്ടാകാതെ പണികൾ മുന്നോട്ടുകൊണ്ടുപോകാൻ മന്ത്രി വീണാജോർജിന്റെ അദ്ധ്യക്ഷതയിൽ മാസത്തിൽ മൂന്ന് തവണ അവലോകന യോഗം ചേരും.

ചെറിയ മഴപെയ്താൽ പോലും ഉണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കുകയെന്നതാണ് നിർമ്മാണത്തിലെ പ്രധാന വെല്ലുവിളി. ഇത് പരിഹരിക്കാൻ മൈതാന മദ്ധ്യത്തിൽ ഒന്നര മീറ്റർ വരെയും അതിരുകളിൽ അറുപത് സെന്റിമീറ്റർ വരെയും ഉയർത്തും. മദ്ധ്യഭാഗത്ത് നിന്ന് അതിരുകളിലേക്ക് ചരിവുണ്ടാക്കി വെള്ളം ഒാടകളിലും തോട്ടിലുമെത്തിക്കും. ചരിവുണ്ടാക്കിയില്ലെങ്കിൽ വെള്ളം കെട്ടിനിന്ന് സിന്തറ്റിക് ട്രാക്ക് നശിക്കും. 2018ലെ പ്രളയത്തിൽ സ്റ്റേഡയം മുങ്ങി റോഡിലേക്ക് വെള്ളം ഒഴുകിയത് ഒാടയും തോടും ശാസ്ത്രീയമായി നിർമ്മിക്കാത്തതിനാലാണെന്ന് സ്റ്റേഡിയം നിർമ്മാണത്തിന്റെ ചുമതലയുള്ള സ്പോർട്സ് കേരള ഫൗണ്ടേഷനിലെ എൻജിനീയർമാർ വിലയിരുത്തി. ഇത് പരിഹരിക്കാൻ സ്റ്റേഡിയത്തിനുള്ള വശങ്ങളിലായുള്ള തോടുകൾ ആഴംകൂട്ടി കരിങ്കൽ സംരക്ഷണ ഭിത്തി നിർമ്മിക്കും. സ്റ്റേഡിയത്തിനുള്ളിലെ വെള്ളം അഴൂർ ഭാഗത്തെ വലിയ തോട്ടിലേക്ക് എത്തിക്കും.

സ്വിമ്മിംഗ് പൂൾ മുതൽ സിന്തറ്റിക് ട്രാക്ക് വരെ

പൊലീസ് സ്റ്റേഷൻ റോഡിനോട് ചേർന്ന ഭാഗത്ത് 12 ഏക്കർ സ്ഥലം മണ്ണിട്ട് ഉയർത്തുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. സ്വിമ്മിംഗ് പൂളും ഇൻഡോർ സ്റ്റേഡിയവും ഇവിടെയാണ് നിർമ്മിക്കുന്നത്. എട്ടുവരി സിന്തറ്റിക് ട്രാക്ക്, ഫുട്‌ബാൾ ടർഫ്, പവലിയൻ ബിൽഡിംഗ്, ഹോസ്റ്റൽ ബിൽഡിംഗ് എന്നിവയാണ് മറ്റ് നിർമ്മാണങ്ങൾ. സ്പോർട്സ് കേരള ഫൗണ്ടേഷന്റെയും സ്പോർട്സ് കൗൺസിലിന്റെയും മേൽനോട്ടത്തിൽ ഉൗരാളുങ്കൽ സൊസൈറ്റിയാണ് സ്റ്റേഡിയം നിർമ്മാണത്തിനുള്ള കിഫ്ബി പദ്ധതി നടപ്പാക്കുന്നത്.

ചെലവ് 47.93 കോടി

12 ഏക്കർ നികത്താൻ 21000 ടൺ മണ്ണ്

--------------------------

സ്റ്റേഡിയം നിർമ്മാണം വേഗത്തിലാക്കാൻ മന്ത്രി വീണാജോർജിന്റെ അദ്ധ്യക്ഷതയിൽ അവലോകന യോഗങ്ങൾ ചേരും. കരാർ കാലാവധിക്കുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

കെ. അനിൽകുമാർ, സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ്.

Advertisement
Advertisement