തീർത്ഥാടകർക്ക് വിശ്രമിക്കാൻ മൂന്നിടത്ത് പന്തലൊരുക്കും

Friday 17 May 2024 11:37 PM IST

പത്തനംതിട്ട: തീർത്ഥാടനകാലത്ത് വിരിവയ്ക്കാനും വിശ്രമിക്കാനും മതിയായ സൗകര്യമില്ലാത്തത് മൂലമുള്ള തീർത്ഥാടകരുടെ ബുദ്ധിമുട്ടിന് പരിഹാരമാകുന്നു. താത്കാലിക പന്തൽ നിർമ്മിക്കാൻ ദേവസ്വം ബോർഡ് പദ്ധതി ആവിഷ്കരിച്ചു. സന്നിധാനത്തും പമ്പയിലും നിലയ്ക്കലുമാണ് പന്തൽ നിർമ്മിക്കുന്നത്. ജർമ്മൻ സാങ്കതികവിദ്യ പ്രയോജനപ്പെടുത്തിയാണ് നിർമ്മാണം.

സന്നിധാനം

സന്നിധാനത്ത് വലിയ നടപ്പന്തൽ, താഴെ തിരുമുറ്റം, മാളികപ്പുറം നടപ്പന്തൽ, പാണ്ടിത്താവളം മാഗുണ്ടനിലയം എന്നിവിടങ്ങളിലാണ് സൗജന്യമായി തീർത്ഥാടകർക്ക് വിരിവച്ച് വിശ്രമിക്കാൻ നിലവിൽ സംവിധാനമുള്ളത്. ഇതിൽ സന്നിധാനം, മാളികപ്പുറം നടപ്പന്തലുകളുടെ ഒരുഭാഗത്ത് ദർശനത്തിനും അഭിഷേകത്തിനുമായി ക്യൂ സംവിധാനം ഒരുക്കിയിരിക്കുകയാണ്. ഇക്കാരണത്താൽ വളരെക്കുറച്ച് തീർത്ഥാടകർക്കുമാത്രമെ ഇവിടെ വിശ്രമിക്കാൻ കഴിയു. സന്നിധാനത്തുനിന്ന് പാണ്ടിത്താവളത്തിലേക്ക് പോകുന്നവഴിയുടെ പടിഞ്ഞാറുഭാഗത്തായി വിശ്രമിക്കാൻ തുറസായ സ്ഥലമാണ് ഇപ്പോഴുള്ളത്. ഇവിടെ പന്തലൊരുക്കാനാണ് പദ്ധതി. ആയിരത്തിലധികം തീർത്ഥാടകർക്ക് ഈ ഭാഗത്ത് വിശ്രമിക്കാൻ കഴിയുമെന്ന് കരുതുന്നു. സന്നിധാനം വലിയ നടപ്പന്തലിനോട് ചേർന്ന് കൊപ്രാക്കളത്തിന് പിൻഭാഗത്തായുള്ള ഫ്‌ളൈ ഓവറിന്റെ ഒരുഭാഗം വെറുതെകിടക്കുകയാണ്. ഇവിടെയുള്ള സിമന്റ് ടാങ്കുകൾ പൊളിച്ചുനീക്കി വിരിവയ്ക്കാൻ സൗകര്യമൊരുക്കും. എണ്ണൂറിലധികം പേർക്ക് വിശ്രമിക്കാൻ കഴിയുമെന്ന് കരുതുന്നു.

പമ്പ

2018ലെ പ്രളയകാലത്ത് പമ്പയിലെ നടപ്പന്തലുകളും വിരിവച്ച് വിശ്രമിക്കാൻ നിർമ്മിച്ച വലിയ ഷെഡും ഒലിച്ചുപോയതാണ് നിലവിലെ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം. കഴിഞ്ഞ തീർത്ഥാടന കാലത്ത് മണൽപ്പുറത്ത് മൂന്ന് നടപ്പന്തലുകൾ നിർമ്മിച്ചെങ്കിലും ഈ പന്തലിൽ ഉൾക്കൊള്ളാൻ കഴിയുന്നതിന്റെ ഇരട്ടി തീർത്ഥാടകരാണ് പലപ്പോഴും എത്തിയിരുന്നത്. ഇതിന് പരിഹാരമായി രണ്ട് നടപ്പന്തലുകളും വിരിവച്ച് വിശ്രമിക്കാൻ മൂന്ന് പന്തലുകളും കൂടി നിർമ്മിക്കാനാണ് പദ്ധതി. ഇതോടെ പമ്പയിൽ മൂവായിരം പേർക്ക് വിശ്രമിക്കാനും രണ്ടായിരം പേർക്ക് നടപ്പന്തലുകളിൽ മഴയും വെയിലുമേൽക്കാതെ ക്യൂ നിൽക്കാനും കഴിയും.

നിലയ്ക്കൽ

14 സീറ്റിൽ കൂടുതലുള്ള വലിയ വാഹനങ്ങളിലെത്തുന്ന തീർത്ഥാടകർ നിലയ്ക്കലിൽ വാഹനം പാർക്കുചെയ്ത ശേഷം കെ.എസ്.ആർ.ടി.സി ബസിൽ കയറിവേണം പമ്പയിലെത്താൻ. സന്നിധാനത്തും പമ്പയിലും തിരക്ക് വർദ്ധിക്കുമ്പോൾ തീർത്ഥാടകരെ നിയന്ത്രിച്ച് നിറുത്തുന്നതും നിലയ്ക്കലിലാണ്. എന്നാൽ തീർത്ഥാടകർക്ക് വിശ്രമിക്കാൻ ഇവിടെ മതിയായ സംവിധാനങ്ങളില്ല. നിലയ്ക്കൽ മഹാദേവ ക്ഷേത്രത്തിന് മുൻഭാഗത്തുള്ള നടപ്പന്തലിൽ പമരാവധി 500 പേർക്കേ വിശ്രമിക്കാനാകു. ഇതിന് പരിഹാരമായി പാർക്കിംഗ് ഗ്രൗണ്ടിനോട് ചേർന്ന് 3000 പേർക്ക് വിശ്രമിക്കാൻ കഴിയുന്ന തരത്തിൽ താത്കാലിക പന്തൽ നിർമ്മിക്കാനും പദ്ധതിയുണ്ട്.

Advertisement
Advertisement