ആശുപത്രികളിൽ പ്രത്യേക ഫീവർ ക്ലിനിക്കുകൾ ആരംഭിക്കും

Saturday 18 May 2024 1:50 AM IST

തിരുവനന്തപുരം: ഉഷ്ണ തരംഗവും തുടർന്നുള്ള വേനൽ മഴയും കാരണം വിവിധതരം പകർച്ചപ്പനികൾ ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ എല്ലാ വകുപ്പുകളും ഏകോപിച്ച് പ്രവർത്തിക്കണമെന്ന് മന്ത്രി വീണാ ജോർജ്. ജില്ലകളുടെ ഉന്നതതല യോഗത്തിലാണ് മന്ത്രിയുടെ നിർദേശം.

ആശുപത്രികളിൽ പ്രത്യേക ഫീവർ ക്ലിനിക്കുകൾ ആരംഭിക്കും. ഐസൊലേഷൻ കിടക്കകൾ മാറ്റിവയ്ക്കണം. ആശുപത്രികൾ മരുന്നുകളുടെ സ്റ്റോക്ക് വിലയിരുത്തി ലഭ്യത ഉറപ്പാക്കണം. സ്റ്റോക്ക് 30 ശതമാനത്തിന് താഴെയാകുന്നതിന് മുമ്പേ കൃത്യമായി അറിയിക്കണമെന്നും മന്ത്രി നിർദേശം നൽകി. ശുചീകരണ പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തണം. ചികിത്സാ പ്രോട്ടോകോൾ കൃത്യമായി പാലിക്കണം. പൊതുജനാരോഗ്യ നിയമം പാലിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കും. സെക്കൻഡറി ഇൻഫക്ഷൻ വരാതിരിക്കാൻ മഞ്ഞപ്പിത്തം ബാധിച്ചവർ ആറാഴ്ച വിശ്രമിക്കണം. പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് കാമ്പയിൻ സംഘടിപ്പിക്കണം.
മലിനജലം കലർന്ന മഴവെള്ളത്തിൽ ഇറങ്ങുന്നവരും മണ്ണുമായി ഇടപെട്ടവരിലും എലിപ്പനി മരണം ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ ചെടിച്ചട്ടികളിൽ മണ്ണ് ഇടുന്നവർ പോലും ഡോക്സിസൈക്ലിൻ കഴിക്കണമെന്നും നിർദ്ദേശം നൽകി.