ഉമൈബയുടെ മരണം: അന്വേഷണം തുടങ്ങി

Saturday 18 May 2024 1:17 AM IST

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പുന്നപ്ര സ്വദേശി ഉമൈബയുടെ (70)​ മരണം ചികിത്സാപിഴവാണെന്ന ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം തുടങ്ങി. ഡയറക്ടർ ഒഫ് മെഡിക്കൽ എഡ്യൂക്കേഷന്റെ (ഡി.എം.ഇ) നേതൃത്വത്തിലുള്ള സംഘവും ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പിന്റെ അന്വേഷണ സംഘവും ഇന്നലെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി മൊഴിയെടുത്തു. ഡി.എം.ഇ ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം കോളേജ് പ്രിൻസിപ്പൽ ഡോ. മറിയം വർക്കി, ആശുപത്രി സൂപ്രണ്ട് ഡോ. അബ്ദുൾ സലാം, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സുരേഷ് രാഘവൻ എന്നിവരിൽ നിന്നാണ് മൊഴിയെടുത്തത്. ആരോഗ്യവകുപ്പിന്റെ അന്വേഷണസംഘം ഉമൈബയുടെ ബന്ധുക്കളുടെ മൊഴിയാണെടുത്തത്. യൂണിറ്റ് എച്ച്.ഒ.ഡി ഡോ.അമ്പിളി, ചികിത്സിച്ച പി.ജി.ഡോക്ടർമാർ, ഹൗസ് സർജന്മാർ, നഴ്സിംഗ് സ്റ്റാഫ്, ജീവനക്കാർ എന്നിവരുടെ മൊഴിയും സംഘം രേഖപ്പെടുത്തി.