കോഴിക്കോട് പനി ബാധിച്ച് പെൺകുട്ടി മരിച്ചു, വെസ്റ്റ്നൈൽ കാരണമെന്ന് സംശയം

Saturday 18 May 2024 11:02 AM IST

കോഴിക്കോട്: ബേപ്പൂർ സ്വദേശിയായ പെൺകുട്ടി മരിച്ചത് വെസ്റ്റ്നൈൽ പനി ബാധിച്ചെന്ന് സംശയം. മേയ് 13ന് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് പെൺകുട്ടി മരിച്ചത്. പുനെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാഫലം വന്നാൽ മാത്രമേ സ്ഥിരീകരിക്കാനാവൂ. കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ മുൻപ് തന്നെ വെസ്റ്റ്‌നൈൽ പനി റിപ്പോർട്ട് ചെയ്തിരുന്നു.‌

മുൻപ് അഞ്ച് കേസുകളാണ് കോഴിക്കോടുണ്ടായിരുന്നത്. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ മൂന്നുകേസുകളും നന്മണ്ടയിലും കൂടരഞ്ഞിയിലും ഓരോ കേസ് വീതവുമാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തൃശൂരും പാലക്കാട്ടും പനി വന്ന് ഒരാൾ വീതം മരിച്ചിരുന്നു. ഇത് പകർച്ച വ്യാധിയല്ല. ക്യൂലക്സ് കൊതുകുകളാണ് വെസ്റ്റ്നൈൽ പരത്തുന്നത്.

അതേസമയം, ഉഷ്ണ തരംഗവും തുടർന്നുള്ള വേനൽ മഴയും കാരണം വിവിധതരം പകർച്ചപ്പനികൾ ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ എല്ലാ വകുപ്പുകളും ഏകോപിച്ച് പ്രവർത്തിക്കണമെന്ന് കഴിഞ്ഞ ദിവസം മന്ത്രി വീണാ ജോർജ് നിർദ്ദേശിച്ചു. ജില്ലകളുടെ ഉന്നതതല യോഗത്തിലാണ് മന്ത്രി നിർദ്ദേശം നൽകിയത്.

ശുചീകരണ പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൃത്യമായി നടത്തണം. പൊതുതാമസ ഇടങ്ങൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് ശുചീകരണമുറപ്പാക്കണം. കിണറുകൾ, കുടിവെള്ള സ്രോതസുകൾ എന്നിവ ശുചീകരിക്കണം. ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കും. സ്‌കൂളുകളിലെ വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കണം. ചികിത്സാ പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണം. ആശുപത്രികളിൽ പ്രത്യേക ഫീവർ ക്ലിനിക്കുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

ഐസൊലേഷൻ കിടക്കകൾ മാറ്റിവയ്ക്കണം. ആശുപത്രികൾ മരുന്നുകളുടെ സ്റ്റോക്ക് വിലയിരുത്തി ലഭ്യത ഉറപ്പാക്കണം. സ്റ്റോക്ക് 30 ശതമാനത്തിന് താഴെയാകുന്നതിന് മുമ്പേ കൃത്യമായി അറിയിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി.

കേരള പൊതുജനാരോഗ്യ നിയമം പാലിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കും. പൊതു ജല സ്രോതസുകൾ ശുദ്ധമായി സൂക്ഷിക്കുക എന്നത് ഉത്തരവാദപ്പെട്ടവരുടെ ചുമതലയാണ്. അതിനാൽ അവർ കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യണം. സെക്കൻഡറി ഇൻഫക്ഷൻ വരാതിരിക്കാൻ മഞ്ഞപ്പിത്തം ബാധിച്ചവർ ആറാഴ്ച വിശ്രമിക്കണം. അവബോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും നിർദ്ദേശം നൽകി. പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് കാമ്പയിൻ സംഘടിപ്പിക്കണം. പഞ്ചായത്തുകളിൽ മൈക്ക് അനൗൺസ്‌മെന്റ് ഉൾപ്പെടെ നടത്തണം.

പകർച്ചവ്യാധികൾക്കെതിരെ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും യോഗങ്ങൾ ചേർന്ന് ജാഗ്രതാ നിർദ്ദേശം നൽകി പ്രതിരോധം ശക്തമാക്കിയിരുന്നു. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) തുടങ്ങിയ രോഗങ്ങളാണ് കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. ഇനി മഴക്കാലും കൂടി വരുന്നതിനാൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണമെന്നും മന്ത്രി നിർദ്ദേശം നൽകി.

Advertisement
Advertisement