കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്‌മാരകം; ഉദ്ഘാടനം ചെയ്യുന്നത് എംവി ഗോവിന്ദൻ

Saturday 18 May 2024 11:37 AM IST

കണ്ണൂർ: ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്‌മാരകം പണിത് സിപിഎം. പാനൂർ ചെറ്റക്കണ്ടിയിലെ ഷൈജു, സുബീഷ് എന്നിവർക്കാണ് ജനങ്ങളിൽ നിന്ന് പണം പിരിച്ച് സിപിഎം സ്‌മാരകം പണിതത്. 2015 ജൂൺ ആറിനാണ് ബോംബ് നിർ‌മാണത്തിനിടെ ഇരുവരും കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട സമയത്ത് പാർട്ടി തള്ളിപ്പറഞ്ഞവർക്കാണ് ഇപ്പോൾ സ്‌മാരകം പണിതിരിക്കുന്നത്. മേയ് 22ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സ്‌മാരക മന്ദിരം ഉദ്‌ഘാടനം ചെയ്യുന്നത്. സഖാക്കളായ ഷൈജു, സുബീഷ് രക്തസാക്ഷി സ്‌മാരക മന്ദിരം ഉദ്‌ഘാടനം എന്നാണ് പോസ്റ്ററുകളിൽ പറയുന്നത്.

കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഈസ്റ്റ് ചെറ്റക്കണ്ടിയിൽ ഒരു കുന്നിൻമുകളിലുള്ള ആളൊഴിഞ്ഞ പറമ്പിലാണ് ബോംബ് നിർമാണം നടന്നത്. ഇതിനിടെ ബോംബ് പൊട്ടിത്തെറിച്ച് ഇരുവരും കൊല്ലപ്പെടുകയായിരുന്നു. നാലുപേർക്ക് അന്ന് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് എതിരാളികൾ രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുകയാണെന്നുമാണ് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയത്. എന്നാൽ ഇരുവരുടെയും മൃതദേഹങ്ങൾ ഏറ്റുവാങ്ങിയത് അന്ന് കണ്ണൂരിലെ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനായിരുന്നു. പാർട്ടിയുടെ ഭൂമിയിലായിരുന്നു മൃതദേഹങ്ങൾ സംസ്‌കരിച്ചതും.

2016 ഫെബ്രുവരിയിലാണ് സ്‌മാരകം പണിയാനുള്ള പണം ജനങ്ങളിൽ നിന്ന് സമാഹരിച്ചുതുടങ്ങിയത്. എല്ലാവർഷവും ജൂൺ ആറിന് ഇരുവരുടെയും രക്തസാക്ഷി ദിനമായി ആചരിക്കുകയും ചെയ്യുന്നുണ്ട്. പാനൂർ സ്‌ഫോടനത്തിൽ സിപിഎം വിവാദത്തിലായതിന് പിന്നാലെയാണ് ഇപ്പോൾ കണ്ണൂരിൽ ബോംബ് നിർമാണത്തിൽ കൊല്ലപ്പെവർക്ക് സ്‌മാരകം പണിതിരിക്കുന്നത്.

പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ മരിച്ച ഷെറിന്റെ വീട്ടിൽ സിപിഎം പാനൂർ ഏരിയാകമ്മിറ്റി അംഗം സുധീർകുമാറും പൊയിലൂർ എൽസി അംഗം എ. അശോകനുമെത്തിയതാണ് വിവാദമായത്. ഷെറിനും പരിക്കേറ്റ വിനീഷും നേരത്തേ സിപിഎം പ്രവർത്തകരെ മർദ്ദിച്ചവരാണെന്നും ഇവരെ പാർട്ടി തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കമുള്ള നേതാക്കൾ പറഞ്ഞതിനു പിന്നാലെയാണ് പ്രാദേശിക നേതാക്കൾ സന്ദർശിച്ചത്.

ഷെറിന്റെ വീട്ടിൽ പാർട്ടി നേതാക്കൾ എത്തുന്ന ദൃശ്യങ്ങൾ പുറത്തായതിനെക്കുറിച്ച് സിപിഎം അന്വേഷണം തുടങ്ങുകയും ചെയ്തിരുന്നു. പാർട്ടിയിലെ പ്രാദേശിക വിഭാഗീയതയാണ് ദൃശ്യങ്ങൾ പുറത്തുപോകാൻ കാരണമെന്നായിരുന്നു വിലയിരുത്തൽ.

പാനൂർ സ്‌ഫോടനക്കേസിൽ ഉൾപ്പെട്ടവരുടെ വീടുകളിൽ സിപിഎം നേതാക്കൾ സന്ദർശിച്ചെങ്കിൽ അത് പരിശോധിക്കണമെന്നായിരുന്നു സിപിഎം നേതാവ് കെ കെ ശൈലജ പ്രതികരിച്ചത്. പാർട്ടിയുമായി ഒരു ബന്ധവും ഇല്ലാത്തവരാണ് കേസിൽ ഉൾപ്പെട്ടവർ. സി പി എമ്മിനെതിരെ ആരോപണം ഉന്നയിക്കുന്നത് ദുരുദ്ദേശ്യപരമാണെന്നും ശൈലജ ആരോപിച്ചിരുന്നു.