തേ​ക്ക​ടി മേ​ഖ​ല​യി​ലെ യാത്രാ ക്ലേശത്തിന് വേണം പട്ടികവർഗ വകുപ്പിന്റെ വാഹനം

Sunday 19 May 2024 12:47 AM IST

പറമ്പിക്കുളം: തേക്കടി മേഖലയിലേക്ക് പട്ടികവർഗ വകുപ്പിന്റെ വാഹനം അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ദിവസത്തിൽ ഒരു തവണയെങ്കിലും മുതലമട -തേക്കടി റൂട്ടിൽ പട്ടികവർഗ വകുപ്പിന്റെ ജീപ്പ് സർവീസ് നടത്തണമെന്നാണ് ആദിവാസികൾ ആവശ്യം. നിലവിൽ ഒരാൾക്ക് 700 രൂപയിലധികം നൽകിയാണ് തേക്കടിയിൽ നിന്ന് തമിഴ്നാട്ടിലെ സേതുമടയിലേക്ക് സ്വകാര്യ വാഹനങ്ങളിലെത്തുന്നത്. ഇവിടെ നിന്നാണ് ബസിൽ ആനമല, അബ്രാംപാളയം, ഗോവിന്ദാപുരം വഴി മുതലമട പഞ്ചായത്ത്, വില്ലേജ് ഉൾപ്പെടെ സർക്കാർ ഓഫീസുകളിൽ എത്തിച്ചേരുന്നത്.

തകർന്ന റോഡിൽ ബസ് സർവീസ് പ്രായോഗികമല്ല, ഈ സാഹചര്യത്തിൽ പട്ടികവർഗ വകുപ്പ് മുൻകൈയെടുത്ത് ഒരു ജീപ്പ് അനുവദിക്കണമെന്നാണ് ഊരുനിവാസികൾ പറയുന്നത്. ഒരു ദിവസം ഒരു സർവീസ് നടത്തിയാൽ ചെറിയ തുകയ്ക്ക് അത്യാവശ്യ കാര്യങ്ങൾക്ക് സഞ്ചരിക്കാനും രോഗികളെ കൊണ്ടുപോകാനും അത് സഹായകമാകും.

കോളനിക്കാർക്കായി സർവീസ് നടത്താത്തപ്പോൾ ഔദ്യോഗിക കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്താം എന്നാണ് നിർദ്ദേശം. വരുമാനം കുറഞ്ഞ സാഹചര്യത്തിൽ വൻതുക നൽകി നാട്ടിലെത്തുവാൻ പ്രയാസം അനുഭവിക്കുകയാണ്. ജോലികൾ കുറഞ്ഞതും വനംവകുപ്പിന്റെ തൊഴിലുകൾ ആദിവാസികൾക്ക് ലഭിക്കാത്തതും നിലവിൽ സാമ്പത്തിക പ്രയാസത്തിന് കാരണമായിട്ടുണ്ട്. ഇത്തരം സാഹചര്യത്തിൽ പഞ്ചായത്ത്, വില്ലേജ്, ആശുപത്രി തുടങ്ങിയവയുമായി ബന്ധപ്പെടാൻ തേക്കടി മേഖലയിലെ ആറ് കോളനിവാസികൾക്ക് യാത്രാസൗകര്യം ഒരുക്കാൻ പട്ടിക വർഗ വകുപ്പ് തയാറാവണമെന്നാണ് ഊരുമൂപ്പന്മാരുടെ ആവശ്യം.

Advertisement
Advertisement