മാമ്പഴ ഉത്പാദനം കുറഞ്ഞു, വരുമാനവും; പ്രതീക്ഷ കൈവിടാതെ മാംഗോസിറ്റി

Sunday 19 May 2024 12:37 PM IST

പാലക്കാട്: മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ സീസണിൽ മാങ്ങ ഉത്പാദനം കുറഞ്ഞതോടെ കായ്ഫലം കുറഞ്ഞ മാവുകൾ മുറിച്ച് പകരം പുതിയ മാവിൻ തൈകൾ നടാനൊരുങ്ങി മാംഗോസിറ്റിയിലെ കർഷകർ. ഇത്തവണ മൂന്നു തവണ മാമ്പൂവിട്ടെങ്കിലും രണ്ടുതവണയും പൂക്കൾ കരിഞ്ഞുണങ്ങിയത് മാങ്ങ കർഷകർക്ക് തിരിച്ചടിയായിരുന്നു.

മുതലമട വലിയചള്ളയിലെ കർഷകർ തങ്ങളുടെ കൃഷിയിടത്തി പൂവിടാത്തതും കുറഞ്ഞ വിളവു നൽകുന്നതുമായ നിരവധി മാവുകൾ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മുറിച്ചുനീക്കി. മുതലമടയുടെ പലഭാഗങ്ങളിലായി മാന്തോപ്പുകളിൽ 30 വർഷത്തിലേറെ പഴക്കമുള്ള മാവുകൾ കർഷകർ മുറിച്ചു മാറ്റുന്നുണ്ട്. ചിലരെങ്കിലും മറ്റു വിളകളിലേക്കു മാറണമെന്ന ചിന്തയിലാണ്. എന്നാൽ ഭൂരിഭാഗം പേരും വീണ്ടും ഹൈബ്രിഡ് മാവിൻ തൈകൾ നട്ടു വളർത്താനാണു ലക്ഷ്യമിടുന്നത്.

കഴിഞ്ഞ വർഷങ്ങളിൽ വെള്ളാരംകടവു ഭാഗത്തു 30 വർഷത്തിലേറെ പ്രായമായ മാവുകൾ മുറിച്ചു മാറ്റിയിരുന്നു. അന്ന് എണ്ണൂറോളം മാവുകളാണു മുറിച്ചു നീക്കിയത്. മുതലമടയിലെ മാങ്ങകൾക്ക് ഇപ്പോഴും രാജ്യത്തും വിദേശത്തും ഏറെ ആവശ്യക്കാരുണ്ട് എന്നതിനാൽ മാവു കൃഷിയിൽ മുതലമടയിലെ കർഷകർ പ്രതീക്ഷ കൈവിട്ടിട്ടില്ല. കാലാവസ്ഥയിൽ ഉണ്ടായ വ്യതിയാനവും കീടങ്ങളുടെ ആക്രമണവും കാരണം ഉത്പാദനം കുറഞ്ഞതോടെ കർഷകരും പാട്ടക്കർഷകരും തൊഴിലാളികളും ഒരു പോലെ പ്രതിസന്ധിയിലാണ്. കൃഷി വകുപ്പിന്റെ ഇടപെടലും കർഷകർ പ്രതീക്ഷിക്കുന്നുണ്ട്.

മാമ്പഴ ഉത്പാദനം കുറഞ്ഞിട്ട് ഏഴു വർഷത്തോളമായി

പട്ടാളപ്പുഴു, ഇലപ്പേൻ തുടങ്ങിയ കീടങ്ങളുടെ രൂക്ഷമായ ആക്രമണത്തെ തുടർന്നു കഴിഞ്ഞ ഏഴേ വർഷത്തോളമായി മാമ്പഴ ഉത്പാദനം വളരെ കുറവാണ്. എന്നാൽ തോട്ടം പരിപാലനത്തിനുള്ള ചെലവിൽ യാതൊരു കുറവുമില്ല. ബാങ്കുകളിൽ നിന്നു വായ്പയെടുത്താണു പലരും തോട്ടം പരിപാലിക്കുന്നത്.

Advertisement
Advertisement