വർക്കലയിൽ ബസ് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് ഗുരുതര പരിക്ക്, ഏഴ് യാത്രക്കാർ ആശുപത്രിയിൽ

Saturday 18 May 2024 5:30 PM IST

തിരുവനന്തപുരം: വർക്കലയിൽ ബസ് അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്ക്. സ്വകാരൃ ബസ് നിയന്ത്രണം വിട്ടുമറിഞ്ഞാണ് അപകടമുണ്ടായത്. വെള്ളല്ലൂർ കേശവപുരം എൽ പി സ്‌കൂളിന് സമീപത്തായാണ് സംഭവം.

ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടമുണ്ടായത്. വർക്കല- കല്ലറ റൂട്ടിലോടുന്ന ഉണ്ണികൃഷ്ണൻ എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത് ഇറക്കത്തിൽ ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണംവിട്ട് ബസ് മറിയുകയായിരുന്നുവെന്നാണ് വിവരം. ഇരുപതോളം യാത്രക്കാർ ബസിലുണ്ടായിരുന്നു. ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഏഴ് യാത്രക്കാരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. മഴയായിരുന്നതിനാൽ റോഡിൽ വഴുക്കലുണ്ടായിരുന്നുവെന്നും ഇതാണ് അപകടത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു.

ഇതിനിടെ പാലക്കാട് പിക്കപ്പ് വാൻ വീടിന്റെ പുറത്തേയ്ക്ക് മറിഞ്ഞ് അപകടമുണ്ടായി. മണ്ണാർക്കാട് ചൂരിയോട് പാലത്തിന് സമീപത്തായാണ് അപകടമുണ്ടായത്. ഇന്നുവൈകിട്ടായിരുന്നു സംഭവം. പാലത്തിൽവച്ച് നിയന്ത്രണംവിട്ട പിക്കപ്പ് വാൻ പ്രദേശവാസിയായ അബ്ദുവിന്റെ വീടിന് മുകളിലേയ്ക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ വീടിന്റെ മേൽക്കൂര തകർന്നു. വീടിനുപുറത്ത് താമസക്കാർ ഇല്ലായിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. തമിഴ്‌നാട് സ്വദേശിയായ ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം, ഹരിയാനയിലെ നൂഹിൽ തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ച് എട്ട് പേർ മരിച്ചു. അപകടത്തിൽ 24 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 1.30ഓടെയാണ് ബസിന് തീപിടിച്ചത്. 60 ഓളം യാത്രക്കാർ ബസിനുള്ളിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം.