ന്യുനമർദ്ദ പാത്തി; സംസ്ഥാനത്ത് നാളെ മുതൽ അതിതീവ്ര മഴയ്ക്ക് സാദ്ധ്യത

Saturday 18 May 2024 7:00 PM IST

തിരുവനന്തപുരം: നാളെ മുതൽ മെയ് 21 വരെ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ തമിഴ്‌നാടിന് മുകളിലായി ചക്രവാത ചുഴി നിലനിൽക്കുകയാണ്. തെക്കൻ ഛത്തീസ്‌ഗഡിൽ നിന്ന് തെക്കൻ കർണാടക വരെ ന്യൂനമർദ്ദപാത്തി രൂപപ്പെട്ടിരിക്കുന്നു. മറ്റൊരു ന്യൂനമർദ്ദപാത്തി മറാത്തവാഡയിൽ നിന്ന് തെക്കൻ തമിഴ്‌നാട് വഴി ചക്രവാത ചുഴിയിലേക്കു നീണ്ടുനിൽക്കുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുമെന്നാണ് പ്രവചനം.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ മെയ്‌ 22 ഓടെ സീസണിലെ ആദ്യ ന്യുനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വടക്ക് കിഴക്കൻ ദിശയിൽ സഞ്ചരിച്ചു മദ്ധ്യ ബംഗാൾ ഉൾകടലിൽ തീവ്രന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മെയ്‌ 18 മുതൽ 22 വരെ ശക്തമായ പടിഞ്ഞാറൻ / തെക്ക് പടിഞ്ഞാറൻ കാറ്റ് കേരളത്തിന്‌ മുകളിൽ ശക്തമാകാൻ സാദ്ധ്യതയുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത ഏഴ് ദിവസം ഇടി / മിന്നൽ / കാറ്റ് ( 49-50 km/hr) കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മെയ്‌ 19, 20, 21 തീയതികളിൽ അതിതീവ്രമായ മഴയ്ക്കും, മെയ്‌ 18 മുതൽ 22 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ / അതി ശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ട്.

അതേസമയം, കനത്ത മഴയിൽ പത്തനംതിട്ട ജില്ലയിൽ നാളെയും മറ്റന്നാളും റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ യാത്രാ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലയിലാണ് രാത്രി യാത്രയിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. നാളെ മുതൽ മേയ് 23വരെ രാത്രി ഏഴുമണിക്കുശേഷം മലയോര മേഖലകളിൽ യാത്ര ചെയ്യാൻ പാടില്ലെന്നാണ് അധിക‌ൃതരുടെ നിർദേശം.

പത്തനംതിട്ടയ്ക്ക് പുറമെ കോട്ടയം, ഇടുക്കി ജില്ലകളിലും നാളെയും മറ്റെന്നാളും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലനിൽക്കുന്നു.

ഓറഞ്ച് അലർട്ട്

19-05-2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം

20-05-2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം

21-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്

22-05-2024: പത്തനംതിട്ട, കോട്ടയം, ഇടുക്കി

മഞ്ഞ അലർട്ട്

18-05-2024 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്

19-05-2024 : തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

20-05-2024 : തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

21-05-2024 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

22-05-2024 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

Advertisement
Advertisement