സ്ത്രീത്വത്തെ അപമാനിച്ചു, വ്യക്തിഹത്യ നടത്തി; ശോഭാ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു
ആലപ്പുഴ : ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ദല്ലാൾ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ് സ്റ്റേഷനിൽ വൈകിട്ടോടെയാണ് നന്ദകുമാർ ചോദ്യം ചെയ്യലിന് ഹാജരായത്. സ്ത്രീത്വത്തെ അപമാനിക്കൽ, വ്യക്തിഹത്യ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് നന്ദകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം ശോഭാ സുരേന്ദ്രനെതിരായ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നതായി നന്ദകുമാർ പറഞ്ഞു.
വോട്ടെടുപ്പിന് ദിവസങ്ങൾക്ക് മുൻപാണ് ആലപ്പുഴ.യിലെ ബി.ജെ.പി സ്ഥാനാർത്ഥിയായ ശോഭാ സുരേന്ദ്രനെതിരെ ആരോപണവുമായി ടി.ജി.നന്ദകുമാർ രംഗത്ത് വന്നത്. ശോഭാ സുരേന്ദ്രൻ തട്ടിപ്പുകാരിയാണെന്നും ഭൂമിയിടപാടുമായി ബന്ധപ്പട്ട് തനിക്ക് തിരികെ നൽകാനുള്ള 10 ലക്ഷം രൂപ ആവശ്യപ്പെട്ടിട്ടും മടക്കി നൽകിയില്ലെന്നും നന്ദകുമാർ പറഞ്ഞിരുന്നു. വാർത്താ സമ്മേളനത്തിലായിരുന്നു നന്ദകുമാറിന്റെ ആരോപണങ്ങൾ. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് അഡ്വാൻസ് തുകയായി നൽകിയ പത്ത് ലക്ഷം തിരികെ നൽകാനാണ് ആവശ്യപ്പെട്ടത്. ശോഭാ സുരേന്ദ്രന്റെ ഭൂമിയെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് അന്വേഷിച്ചപ്പോൾ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളിൽ പ്രശ്നം ഉണ്ടായിരുന്നുമെന്ന് മനസിലായി. തുടർന്ന് പണം തിരികെയാവശ്യപ്പെട്ടിട്ടും ശോഭ നൽകിയില്ലെന്നായിരുന്നു നന്ദകുമാർ പറഞ്ഞത്.
അഥേസമയം പത്ത് ലക്ഷം രൂപ വാങ്ങിയെന്ന് ശോഭാ സുരേന്ദ്രനും സമ്മതിച്ചിരുന്നു, ഭൂമിയിടപാടിന്റെ അഡ്വാൻസായാണ് തുക വാങ്ങിയതെന്നാണ് ശോഭയുടെ വിശദീകരണം. ഭൂമി വാങ്ങാമെന്ന് പറഞ്ഞ് വഞ്ചിച്ചത് കൊണ്ടാണ് താൻ അഡ്വാൻസ് തുക തിരികെ നൽകാത്തത്. എന്റെ ഭൂമി ആർക്കും ഇത് വരെ വിറ്റിട്ടില്ല. നന്ദകുമാറിന് താൻ ഭൂമി മാത്രമേ നൽകൂവെന്നും ശോഭ പറഞ്ഞിരുന്നു.