സംസ്ഥാനത്ത് ഗുണ്ടാവേട്ടയിൽ 5000 പേർ അകത്തായി

Sunday 19 May 2024 12:00 AM IST

തിരുവനന്തപുരം: ഗുണ്ട, ലഹരി മാഫിയകൾക്കെതിരായ പൊലീസിന്റെ ഓപ്പറേഷൻ ആഗ്, ഓപ്പറേഷൻ ഡി-ഹണ്ട് എന്നിവവഴി 5000ത്തിലേറെ പേർ അറസ്റ്റിലായി. ജില്ല പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ 14മുതൽ തുടരുന്ന റെയ്ഡ് 10ദിവസം നീളും. സ്ഥിരം ക്രിമിനലുകളായ 2000പേരെ കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്. ഗുണ്ടകൾ, ലഹരിയിടപാടുകാർ, അക്രമികൾ, സ്ഥിരംകുറ്റവാളികൾ, വാറണ്ട് പ്രതികൾ എന്നിവരാണ് അറസ്റ്റിലായത്. ഗുണ്ടകളും ലഹരിമാഫിയയുമായുള്ള ബന്ധം പൊളിക്കാനാണ് രണ്ട് ഓപ്പറേഷനുകൾ ഒരുമിച്ച് നടത്തുന്നത്. കേരളകൗമുദി കഴിഞ്ഞ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച 'ഗുണ്ടകൾക്കു മീതെ പറക്കാതെ പൊലീസ് ' റിപ്പോർട്ടിനെ തുടർന്നാണ് നടപടികൾ.

ഗുണ്ടാലിസ്റ്റിലുള്ളവരുടെ വീടുകളിൽ പൊലീസ് റെയ്ഡ് നടത്തി. മുൻപ് ഗുണ്ട, ലഹരിക്കേസുകളിൽ ശിക്ഷിക്കപ്പെട്ടവരെയും നാടുകടത്തപ്പെട്ടവരെയും പിടികൂടി പ്രവർത്തനങ്ങൾ പരിശോധിക്കുന്നുണ്ട്. ഗുണ്ടാക്കേസുകളിൽ ശിക്ഷിക്കപ്പെട്ടെങ്കിലും ജാമ്യം നേടി പുറത്തിറങ്ങി വീണ്ടും കേസുകളിൽ പെട്ടവരെയും കരുതൽ തടങ്കലിലാക്കും. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ ചുമതലയുള്ള എച്ച്. വെങ്കടേശാണ് ഓപ്പറേഷനുകളുടെ ഏകോപനം.

നഗരങ്ങളിൽ ജാഗ്രത: ഡി.ജി.പി

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ ഗുണ്ട, മാഫിയ സംഘങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് പൊലീസ് മേധാവി കഴിഞ്ഞദിവസം നടന്ന ഓൺലൈൻ യോഗത്തിൽ ജില്ല പൊലീസ് മേധാവിമാരോട് നിർദ്ദേശിച്ചു. പരാതികളില്ലെങ്കിലും വിവരമറിഞ്ഞാലുടൻ നടപടികളുണ്ടാവണം.

സൈബർ കേസുകളിലെ അന്വേഷണം നടപടികളും വേഗത്തിലാക്കണമെന്ന് ഇന്നലെ ഓൺലൈനായി ചേർന്ന എസ്.പിമാരുടെ യോഗത്തിൽ എ.ഡി.ജി.പി എച്ച്. വെങ്കടേശ് നിർദ്ദേശിച്ചു. സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിനാൽ കാര്യക്ഷമമായ അന്വേഷണം വേണം.

Advertisement
Advertisement