തൊഴിൽ സാദ്ധ്യതയിൽ മുന്നിൽ നഴ്‌സിംഗ്

Sunday 19 May 2024 12:01 AM IST

ഇന്റർനാഷണൽ കൗൺസിൽ ഫോർ നഴ്‌സസിന്റെയും, ഫ്ലോറൻസ് നൈറ്റിംഗേൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും പഠനങ്ങൾ വ്യക്തമാക്കുന്നത്

നഴ്‌സിംഗിന് സാദ്ധ്യതകൾ വർദ്ധിച്ചുവരുന്നതായാണ്. ലോകത്ത് എല്ലാ രാജ്യങ്ങളിലും നഴ്സിംഗ് ബിരുദധാരികൾക്ക് അവസരങ്ങളുണ്ട്. ബി. എസ്‌സി നഴ്‌സിംഗിനാണ് അവസരങ്ങളേറെയും. പ്ലസ് ടു ബയോളജി ഗ്രൂപ്പെടുത്ത വിദ്യാർത്ഥികൾക്ക് പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ ബി. എസ്‌സി നഴ്സിംഗിന് അപേക്ഷിക്കാം. സാദ്ധ്യതകൾ വിലയിരുത്തി കൂടുതലായി ആൺകുട്ടികളും, പെൺകുട്ടികളും നഴ്സിംഗിന് താല്പര്യപ്പെടുന്നുണ്ട്. ദേശീയതലത്തിൽ നഴ്സിംഗിന് നീറ്റ് പരീക്ഷ സ്‌കോറുകൾ ആവശ്യമാണ്. മിലിട്ടറി നഴ്സിംഗ് കോളേജുകൾ, കേന്ദ്ര സർവകലാശാലയുടെ കീഴിലുള്ള നഴ്സിംഗ് കോളേജുകൾ, ജിപ്മെർ പുതുച്ചേരിയുടെ കീഴിലുള്ള നഴ്സിംഗ് കോളേജുകൾ എന്നിവിടങ്ങളിൽ ബി.എസ് സി നഴ്‌സിംഗിനായി നീറ്റ് സ്കോർ വിലയിരുത്തും. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, കസ്തൂർബ ഹോസ്പിറ്റൽ, സെന്റ് സ്റ്റീഫൻസ്, സഫ്ദർജംഗ്, ഫ്ലോറെൻസ് നൈറ്റിംഗേൽ ഇൻസ്റ്റിറ്റ്യൂട്ട്, എ.എഫ്.എം.സി യുടെ കീഴിലുള്ള ആറ് നഴ്സിംഗ് കോളേജുകൾ എന്നിവിടങ്ങളിൽ ബി.എസ് സി നഴ്സിംഗ് പ്രവേശനം നീറ്റ് റാങ്ക് വഴിയാണ്. ജിപ്മെറിൽ അലൈഡ് ഹെൽത്ത് സയൻസ് കോഴ്സ് പ്രവേശനവും നീറ്റ് വഴിയാണ്. നഴ്സിംഗിന് അപേക്ഷിക്കുമ്പോൾ നഴ്സിംഗ് കൗൺസിൽ ഒഫ് ഇന്ത്യയുടെ അംഗീകാരമുള്ള നഴ്സിംഗ് സ്കൂളുകൾ മാത്രമേ തിരഞ്ഞെടുക്കാവൂ. നഴ്സിംഗ് പൂർത്തിയാക്കിയവർക്ക് രാജ്യത്തിനകത്തും, വിദേശ രാജ്യങ്ങളിലും മികച്ച തൊഴിലവസരങ്ങൾ ലഭിക്കും. സർക്കാർ, സ്വകാര്യ മേഖലകളിൽ അവസരങ്ങളേറെയുണ്ട്. സംസ്ഥാന സർക്കാർ40 ഓളം നഴ്സിംഗ് സ്കൂളുകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. നഴ്സിംഗ് അഡ്മിഷന്റെ കട്ട്ഓഫ് മാർക്ക് പ്ലസ് ടു വിനു 90 ശതമാനത്തിലധികമാണ്. ഏറെ ഉപരിപഠന സാധ്യതയുള്ള നഴ്സിംഗ് മേഖലയിൽ മികച്ച ബിരുദാനന്തര പ്രോഗ്രാമുകളുണ്ട്. വിദേശ രാജ്യങ്ങളിൽ ഉപരിപഠനത്തിനും തൊഴിലിനും ഐ.ഇ. എൽ.ടി.എസ് /ടോഫെൽ സ്‌കോറുകൾ ആവശ്യമാണ്. എന്നാൽ യൂറോപ്യൻ രാജ്യങ്ങളിൽ OET സ്‌കോറുകൾ മതിയാകും. ജർമനി വിദ്യാർത്ഥികളെ നഴ്സിംഗ് പഠിക്കാൻ കൂടുതലായി പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കി വരുന്നു. ആകർഷകമായ വേതനം വിദേശത്തു തൊഴിൽ ചെയ്യാൻ നഴ്‌സുമാരെ പ്രേരിപ്പിച്ചു വരുന്നു. വിദ്യാർത്ഥികൾ പതിവായി ചോദിക്കുന്ന സംശയമാണ് വിദേശത്ത് നഴ്‌സായി പ്രാക്ടീസ് ചെയ്യാൻ വിദേശത്തു തന്നെ നഴ്സിംഗ് പഠിക്കണോ എന്ന്. നഴ്സിംഗിന്റെ പഠനച്ചെലവ് ഇന്ത്യയിൽ കുറവാണ്. അതിനാൽ ഇന്ത്യയിൽ നിന്നും പഠനം പൂർത്തിയാക്കി വിദേശത്ത് തൊഴിൽ ചെയ്യുന്നതാണ് നല്ലത്. അരലക്ഷത്തോളം വിദ്യാർത്ഥികളാണ് നഴ്സിംഗ് പഠിക്കാൻ പ്രതിവർഷം വിദേശ രാജ്യങ്ങളിലേക്കു പോകുന്നത്. നഴ്സിംഗ് പൂർത്തിയാക്കിയവർക്ക് ഇന്ത്യയിലും വിദേശത്തും മികച്ച ബിരുദാനന്തര പ്രോഗ്രാമുകളും, തൊഴിൽ നൈപുണ്യ പ്രോഗ്രാമുകളുമുണ്ട്. മെഡിക്കൽ, സർജിക്കൽ, പീഡിയാട്രിക്‌സ്, ഗൈനക്കോളജി, കമ്മ്യൂണിറ്റി മെഡിസിൻ, പബ്ലിക് ഹെൽത്ത് തുടങ്ങി നിരവധി മേഖലകളിൽ എം.എസ് സി പ്രോഗ്രാമുകളുണ്ട്. ഗൾഫ് രാജ്യങ്ങളിൽ നഴ്‌സുമാർക്ക് ഏറെ അവസരങ്ങളുണ്ട്. നിരവധി ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമുകളുമുണ്ട്. ഇവയെല്ലാം കൂടുതലായി പാരാമെഡിക്കൽ മേഖലയിലാണ്. സ്‌കിൽഡ് വർക്കർ വിഭാഗത്തിലും ഇവർക്ക് അവസരങ്ങളുണ്ട്. വിദേശ രാജ്യങ്ങളിൽ ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷ പൂർത്തിയാക്കി വിദേശ പഠനത്തിന് ശ്രമിക്കാം. തൊഴിലവസരങ്ങൾ കൂടുതലായതിനാൽ ഉപരിപഠനത്തിനെക്കാൾ തൊഴിലിനാണ് നഴ്സിംഗ് ബിരുദദാരികൾ താൽപര്യപ്പെടുന്നത്. നഴ്സിംഗ് ബിരുദം പൂർത്തിയാക്കിയവർക്ക് 35 ഓളം സ്പെഷ്യാലിറ്റി പ്രോഗ്രാമുകളുണ്ട്. ഫാമിലി നഴ്സിംഗ്, ജറെന്റോളോജി, വുമൺ ഹെൽത്ത്, ചീഫ് നഴ്സിംഗ് ഓഫീസർ, നഴ്‌സ്‌ അഡ്മിനിസ്ട്രേറ്റർ,നഴ്സ് അറ്റോണി,ഓങ്കോളജി നഴ്സ്, ഇൻഫെക്ഷൻ കണ്ട്രോൾ നഴ്‌സ്‌, മെന്റൽ ഹെൽത്ത് നഴ്സ് ഓർത്തോപീഡിക് നഴ്‌സ്‌, നഴ്സ് അഡ്വക്കേറ്റ്, പബ്ലിക് ഹെൽത്ത് നഴ്‌സ്‌,പീഡിയാട്രിക് നഴ്‌സ്‌, എൻഡോക്രൈനോളജി , കോസ്മെറ്റിക് , ഫോറൻസിക്, സ്കൂൾ നഴ്സസ് മുതലായവ വിദേശ രാജ്യങ്ങളിലുമുണ്ട്. കൊവിഡിന് ശേഷം നഴ്സിംഗിന്റെ സാദ്ധ്യതകളിൽ ലോകത്തെമ്പാടും വർദ്ധന ദൃശ്യമാണ്. നഴ്സിംഗ് തൊഴിലായി സ്വീകരിക്കാനാഗ്രഹിക്കുന്നവർക്ക് മികച്ച അർപ്പണ ബോധം, ആത്മാർത്ഥത എന്നിവ ആവശ്യമാണ്. താല്പര്യം, മനോഭാവം, അഭിരുചി, ലക്‌ഷ്യം എന്നിവ വിലയിരുത്തി മാത്രമേ നഴ്സിംഗിന് ചേരാവൂ!

Advertisement
Advertisement