ഓൺലൈൻ സേവനങ്ങൾ  അട്ടിമറിച്ച് കോഴമാഫിയ, പിന്നിൽ സ്വകാര്യ ഏജൻസിയും റിട്ടയേർഡ് ഉദ്യോഗസ്ഥരും

Sunday 19 May 2024 1:43 AM IST

തിരുവനന്തപുരം: ജനങ്ങൾക്ക് ഓൺലൈനിൽ ലഭിക്കേണ്ട സർക്കാർ സേവനങ്ങൾ കോഴമാഫിയ അട്ടിമറിക്കുന്നു. തദ്ദേശ, സ്വയംഭരണ വകുപ്പുകളിലാണ് വ്യാപകം. അവശ്യംവേണ്ട സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ നിരസിച്ചും അപേക്ഷകൾ നേരിട്ട് സമർപ്പിക്കണമെന്ന് ശഠിച്ചുമാണ് ഇതിനു കളമൊരുക്കുന്നതെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി. ഓൺലൈൻ സംവിധാനങ്ങൾ മനഃപൂർവം കേടാക്കിയാണ് പലപ്പോഴും ഇതിന് അവസരമൊരുക്കുന്നത്. സോഫ്റ്റ് വെയറുകൾ ഗുണനിലവാരമില്ലാത്തതാവുന്നതും കോഴമാഫിയയ്ക്ക് തണലാകുന്നു. എന്തിനും കോഴകിട്ടണം എന്ന നിലപാട് അവകാശംപോലെ കൊണ്ടുനടക്കുന്ന ഉദ്യോഗസ്ഥർക്ക് രാഷ്ട്രീയപിന്തുണകൂടി കിട്ടുന്നുണ്ട്. അതുകൊണ്ടാണ് നടപടികൾ ഉണ്ടാകാത്തതെന്നാണ് ആക്ഷേപം.

റവന്യൂവകുപ്പിൽ 21സേവന വെബ് പോർട്ടലുകളുണ്ട്. ഇവിടെ ഭൂമി തരംമാറ്റൽ,പട്ടയം,കൈവശാവകാശം, ആധാരപ്പകർപ്പ്,ലൊക്കേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയവയിലും തദ്ദേശവകുപ്പിൽ കെട്ടിടനർമ്മാണ പെർമിറ്റ്, നികുതി,​ നികുതി പുതുക്കൽ തുടങ്ങിയവയിലുമാണ് വലിയ തട്ടിപ്പ്.

വെബ് പോർട്ടലുകൾ വഴിയുള്ള സേവനങ്ങളിൽ ആവശ്യമുള്ള ഡേറ്റ നൽകുക എന്നല്ലാതെ മറ്റ് ഇടപെടലുകൾ എളുപ്പമല്ല. അതിനാൽ യഥാവിധിയുള്ള കാര്യങ്ങൾക്ക് കോഴ ആവശ്യപ്പെടാനാവില്ല. അതിനാലാണ് ഓൺലൈൻ സംവിധാനം അട്ടിമറിക്കുന്നത്. നിലവിൽ വിവിധ വകുപ്പുകളിലായി 900 സേവനങ്ങൾ ഓൺലൈനാണ്.

 പിന്നിൽ സ്വകാര്യ ഏജൻസിയും റിട്ട. ഉദ്യോഗസ്ഥരും

ഭൂമി തരംമാറ്റലിന് സ്വകാര്യഏജൻസികളും വിരമിച്ച ഉദ്യോഗസ്ഥരും ഉൾപ്പെട്ട മാഫിയയുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ഭക്ഷ്യസുരക്ഷാവകുപ്പിലെ വമ്പൻ അഴിമതികളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

1666 വില്ലേജ് ഓഫീസുകളിലും എല്ലാ സേവനവും ഓൺലൈനായിട്ടില്ല. തദ്ദേശവകുപ്പിൽ ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേർണൻസ് മാനേജ്മെന്റ് സംവിധാനമുണ്ടെങ്കിലും സമ്പൂർണമല്ല. ഇതുകൂടി മുതലെടുത്താണ് മഫിയനീക്കം.

 ശിക്ഷ ഉണ്ടെങ്കിലും!

2012ൽ നിലവിൽവന്ന സേവനാവകാശ നിയമപ്രകാരം അപേക്ഷ കിട്ടിയാൽ മൂന്നു മുതൽ 15 ദിവസത്തിനുള്ളിൽ സേവനം ലഭ്യമാക്കണം. വൈകുന്ന ഓരോ ദിവസത്തിനും 500രൂപ ഉദ്യോഗസ്ഥർ പിഴനൽകണം. അഴിമതിനിരോധന നിയമപ്രകാരം മൂന്നു മുതൽ ഏഴുവർഷം വരെയാണ് തടവുശിക്ഷ. അഴിമതിമൂലമുണ്ടാകുന്ന നഷ്ടത്തിന് ആനുപാതികമായി പിഴയുമുണ്ട്.

ഓൺലൈൻ സേവന നി​ർദ്ദേശങ്ങൾ

1. പണമിടപാടുകൾ ഉൾപ്പെടെ എല്ലാം ഓൺലൈനാക്കണം.

2.സോഫ്‌റ്റ്‌വെയർ തകരാറുകൾ 24 മണിക്കൂറിനകം പരിഹരിക്കണം.

3.സേവനം യഥാസമയം ലഭിക്കുന്നുണ്ടെന്ന് ആഭ്യന്തരവിജിലൻസ് ഉറപ്പാക്കണം

4. അപേക്ഷകൾ നിരസിക്കുന്നത് ഓഫീസ്‌മേധാവി അറിയണം.

5.അനാവശ്യ കാലതാമസത്തിന് നടപടിയെടുക്കണം.

6. ഇടനിലക്കാരെ ഒഴിവാക്കണം.

 അഞ്ചു വർഷത്തിനിടെ കോഴക്കേസിൽ പ്രതികളായ ഉദ്യോഗസ്ഥർ- 1028

 ഏഴു വർഷത്തിനിടെ ശിക്ഷിക്കപ്പെട്ട ഉദ്യോഗസ്ഥർ- 234

Advertisement
Advertisement