ഫലം കാണാതെ ബോധവത്കരണം കുറയാതെ 'സ്ത്രീധന ക്രൂരത'

Sunday 19 May 2024 12:51 AM IST

കൊച്ചി: സ്ത്രീധന പീഡനത്തിനെതിരായ ബോധവത്കരണ പരിപാടികൾ സർക്കാർ ഊർജിതമായി നടത്തുമ്പോഴും ഇത്തരം കേസുകളുടെ എണ്ണത്തിൽ ഓരോ വർഷവുമുണ്ടാകുന്നത് ഗണ്യമായ വർദ്ധന. ഈ വർഷം മാർച്ച് വരെ മാത്രം രജിസ്റ്റർ ചെയ്തത് 1092 കേസുകൾ. ഒരു മരണവുമുണ്ട്.

സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെങ്കിലും അതിനാരും വില കൽപ്പിക്കുന്നില്ല എന്നതിന്റെ ഉദാഹരണമാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ പറവൂർ സ്വദേശിനിയായ നവവധുവിന് ഏൽക്കേണ്ടിവന്ന ക്രൂരപീഡനം.

പൊലീസിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ എട്ട് വർഷത്തിനിടെ സ്ത്രീധന പീഡനത്തിന്റെ പേരിൽ 97 പേർ ജീവനൊടുക്കി. ഭർത്താവിൽ നിന്നും ബന്ധുക്കളിൽ നിന്നും ശാരീരികമായും മാനസികമായും പീഡനം ഏൽക്കേണ്ടി വന്നത് മൂന്ന് വർഷത്തിനിടെ 12000ലേറെ സ്ത്രീകൾക്കാണ്. സ്ത്രീകൾക്കെതിരായ മറ്റ് അതിക്രമങ്ങളും ഓരോ വർഷവും വർദ്ധിക്കുന്നതായാണ് പൊലീസിന്റെ കണക്ക്.

കേസുകൾ കൂടുതൽ ഗ്രാമങ്ങളിൽ
എറണാകുളം ജില്ലയിൽ സ്ത്രീധന പീഡനക്കേസുകൾ അധികവും ഗ്രാമങ്ങളിലാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. റൂറൽ പൊലീസിന് കീഴിൽ അഞ്ച് വർഷത്തിനിടെ 1211 കേസുകൾ രജിസ്റ്റ‌ർ ചെയ്തു. 2019ൽ 110കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നതെങ്കിൽ കഴിഞ്ഞവർഷം മൂന്നിരട്ടിയായി - 342 കേസ്. അതേസമയം കൊച്ചി നഗരത്തിൽ കേസുകൾ കുറഞ്ഞു. 2021ൽ 169 കേസ് രജിസ്റ്റർ ചെയ്തിടത്ത് കഴിഞ്ഞവർഷം പത്തെണ്ണം മാത്രം.

 വർഷം - കേസുകൾ
2016-3455
2017- 2856
2018-2046
2019 - 2970
2020- 2707
2021 -4997
2022 -4998
2023 -4711

 വർഷം- മരണം


2016- 25
2017- 12
2018-17
2019 -8
2020-7
2021 -9
2022 -11
2023 -8

മറ്റൊരു പെൺകുട്ടിക്കും ഈ അവസ്ഥ ഉണ്ടാകരുത്. ഇതാണ് പരാതിയുമായി മുന്നോട്ടുവരാൻ കാരണം

പന്തീരങ്കാവ് കേസിലെ

പെൺകുട്ടിയുടെ പിതാവ്

Advertisement
Advertisement