അടങ്ങി നിൽക്കാതെ പകർച്ച വ്യാധികൾ

Sunday 19 May 2024 12:48 AM IST

ജില്ലയിൽ ഈ മാസം 75 പേർക്ക് ഡെങ്കിപ്പനി, 14 പേർക്ക് എലിപ്പനി, ഒരാൾക്ക് ഷിഗല്ല

കൊല്ലം: പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടും ജില്ലയിൽ ഈ മാസം 17 വരെ 75 പേർക്ക് ഡെങ്കിപ്പനിയും 14 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 134 പേർക്ക് ഡെങ്കിപ്പനിയും 6 പേർക്ക് എലിപ്പനിയും സംശയിക്കുന്നു. പൂയപ്പള്ളിയിൽ ഒരാൾക്ക് ഷിഗല്ലയും ബാധിച്ചിട്ടുണ്ട്.

18 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വൈറൽ പനി ബാധിതരുടെ എണ്ണവും ദിനംപ്രതി വർദ്ധിക്കുകയാണ്. മഴ കൂടുന്തോറും കൊതുകുജന്യരോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലമ്പനി തുടങ്ങിയവ വർദ്ധിക്കാനുള്ള സാഹചര്യവുമുണ്ടാകും. ആഹാരവും കുടിവെള്ളവും മലിനമാവുന്നത് വഴി ജലജന്യരോഗങ്ങളായ മഞ്ഞപ്പിത്തം, വയറിളക്കം, ഛർദ്ദി, ടൈഫോയ്ഡ്, എലിപ്പനി, വൈറൽ ഫീവർ എന്നിവ പടരും. മഴ ശക്തമാവുമ്പോൾ വെള്ളക്കെട്ടുകൾ രൂപപ്പെട്ടാൽ പകർച്ചവ്യാധികൾ വീണ്ടും പടർന്നു പിടിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല. രോഗ ലക്ഷണം കണ്ടുതുടങ്ങുമ്പോൾ തന്നെ ഡോക്ടറെ സമീപിച്ച് ചികിത്സ സ്വീകരിക്കണം.

തുരത്തണം കൊതുകിനെ

 കൊതുകുകളെ ഉറവിടത്തിൽ തന്നെ നശിപ്പിക്കണം

 മാലിന്യ നിർമാർജ്ജനം വളരെ പ്രധാനം

 വീട്ടുപരിസരവും പൊതുസ്ഥലവും ഒരുപോലെ സൂക്ഷിക്കണം

 എല്ലാ ഞായറാഴ്ചകളിലും വീടുകളിൽ ഡ്രൈഡേ ആചരിക്കണം

 വലിച്ചെറിഞ്ഞ പാത്രങ്ങൾ, ചിരട്ടകൾ, ടയർ, മുട്ടത്തോട്, പൂച്ചട്ടികൾ, ഫ്രിഡ്ജിന് പിന്നിൽ കെട്ടിക്കിടക്കുന്ന വെള്ളം എന്നിവ വൃത്തിയാക്കണം

 പാളകളിലും ചിരട്ടകളിലും വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം

ഉറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കണം

 വെള്ളം സൂക്ഷിക്കുന്ന സംഭരണികൾ അടച്ചുവയ്ക്കണം, കിണർ ക്ലോറിനേറ്റ് ചെയ്യണം

പനിയുള്ളവർ കൊതുകുകടി ഏൽക്കാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കണം

വേണം ജാഗ്രത

 തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കുക

 കടകളിൽ നിന്നുള്ള വെള്ളം, ജ്യൂസ് ഒഴിവാക്കുക

 തുറന്നു വച്ച ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക

 മഴക്കാലത്ത് ഹോട്ടൽ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക

 സോപ്പിട്ട് കൈ നന്നായി കഴുകിയ ശേഷം മാത്രം ആഹാരം കഴിക്കുക

 നനഞ്ഞതും ഇറുകിയതുമായ വസ്ത്രങ്ങൾ ഉപയോഗിക്കരുത്

മലിനജലത്തിൽ മുഖം കഴുകുകയോ കുളിക്കുകയോ കളിക്കുകയോ ചെയ്യരുത്

Advertisement
Advertisement