ഇനിയൊരു കുട്ടിയ്ക്കും ഇങ്ങനെ സംഭവിക്കരുത്

Sunday 19 May 2024 12:04 AM IST
കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ കുരുന്ന് പിന്നീട് ശസ്ത്രക്രിയ ചെയ്ത വിരൽ ഉയർത്തികാട്ടുന്നു

''ശസ്ത്രക്രിയ കഴിഞ്ഞ കുഞ്ഞിനെ കണ്ടപ്പോൾ ഞാൻ ഞെട്ടി. വായിൽ നിന്ന് ചോര വരുന്നു, പഞ്ഞിയുണ്ട്. കൈവിരലിന് ശസ്ത്രക്രിയ ചെയ്യാൻ പോയ കുട്ടിയുടെ വായിൽ നിന്ന് എങ്ങനെ ചോരവരുന്നു. എന്തുപറ്റി എന്റെ മോൾക്ക്? നാവിലാണ് ശസ്ത്രക്രിയ നടത്തിയതെന്ന നഴ്സിന്റെ മറുപടി കേട്ട് തരിച്ചു നിൽക്കാനേ കഴിഞ്ഞുള്ളൂ." ഗവ. മെഡിക്കൽ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ കൈവിരലിന് ചികിത്സ തേടിയെത്തിയ നാലു വയസുകാരിയ്ക്ക് നാവിന് ശസ്ത്രക്രിയ നടത്തിയത് ഓർക്കുമ്പോൾ തന്നെ പേടിയാണ് കുഞ്ഞിന്റെ അമ്മ നിഹാലയ്ക്ക്. ഇനിയൊരു കുട്ടിയ്ക്കും ഇങ്ങനെ സംഭവിക്കരുതേ എന്ന പ്രാർത്ഥനയാണ് . ഡോക്ടർക്ക് അബദ്ധം പറ്റിയെന്ന് സമ്മതിക്കുമ്പോഴും കുഞ്ഞിന് നാവിന് അസുഖം ഉണ്ടെന്ന് വരുത്താനുള്ള ശ്രമമായിരുന്നു ആശുപത്രിയിൽ നടന്നത്.

കുഞ്ഞിന്റെ ഇടതു കെെവിരലിലെ ആറാമത്തെ വിരൽ എടുത്തുകളയാനായി ഈ മാസം എട്ടിനാണ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ എത്തിയത്. മെഡിസിൻ ഒ.പിയിൽ കാണിച്ചപ്പോൾ സർജറി ഡിപ്പാർട്ട്മെന്റിലേക്ക് റഫർ ചെയ്തു. സ്കാനിംഗും മറ്റ് പരിശോധനകൾക്കുമായി 15 ന് എത്തണമെന്ന് നി‌ർദ്ദേശിച്ചു. ഇതനുസരിച്ച് സ്കാനിംഗ് ചെയ്തു. 16 ന് ശസ്ത്രക്രിയ നിശ്ചയിച്ചതിനാൽ രാവിലെ ആറിന് തന്നെ ആശുപത്രിയിലെത്തി. ഒമ്പതുമണിയോടെ ശസ്ത്രക്രിയക്കായി കൊണ്ടുപോയി. അര മണിക്കൂർ കഴിഞ്ഞ് വാർഡിലെത്തിച്ചപ്പോഴാണ് വായയിൽ നിന്ന് ചോര വരുന്നത് കണ്ടത്. നഴ്‌സുമാരോട് അന്വേഷിച്ചപ്പോൾ രണ്ട് മണിക്കൂർ നിരീക്ഷണത്തിൽ കഴിയണമെന്നും നാവിനാണ് ശസ്ത്രക്രിയ ചെയ്തതെന്നും പറഞ്ഞു. അവരോട് വിരലിന്റെ ശസ്ത്രക്രിയയ്ക്കാണ് വന്നതെന്ന് പറഞ്ഞപ്പോൾ ചിരിച്ചു കൊണ്ട് വേഗം ഓപ്പറേഷൻ തിയറ്ററിലേക്ക് പോകാൻ പറഞ്ഞു. ഓപ്പറേഷൻ തിയറ്ററിലെത്തി ഡോക്ടറോട് അന്വേഷിച്ചപ്പോൾ തെറ്റു പറ്റിയെന്ന് പറഞ്ഞ് പറഞ്ഞയക്കുകയായിരുന്നു.

പത്ത് മിനിട്ട് കഴിഞ്ഞപ്പോൾ തിരികെ വിളിച്ച് കുഞ്ഞിന്റെ വിരലിന് ശസ്ത്രക്രിയ ചെയ്യുകയുമായിരുന്നു.

തെറ്റിനെ ന്യായീകരിക്കുന്നു

അവയവം മാറി ശസ്ത്രക്രിയ ചെയ്തിട്ടും തെറ്റ് അംഗീകരിക്കാതെ നിസാരവത്കരിക്കുകയായിരുന്നു ആശുപത്രി അധികൃതർ.

കുട്ടിയുടെ നാവിന് പ്രശ്‌നമുള്ളതുകൊണ്ടാണ് ശസ്ത്രക്രിയ നടത്തിയതെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിന് എങ്ങനെ ഉണ്ടെന്നറിയാൻ ഡോക്ടർ ശ്രമിച്ചിട്ടു പോലുമില്ല. തങ്ങളുടെ ഭാഗത്ത് നിന്ന് തെറ്റു പറ്റിയാൽ ഇങ്ങനെയാണോ ഡോക്ടർമാർ പ്രതികരിക്കേണ്ടത്?പരാതി പറയാൻ പോയെങ്കിലും സൂപ്രണ്ട് അതുൺ പ്രീതും നിസാരവത്കരിക്കുകയായിരുന്നു. ഇത് സ്വാഭാവികമാണെന്നും കുഞ്ഞിന് നാവിന് അസുഖം ഉണ്ടായിരുന്നെന്നുമായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം. തെറ്റ് പറ്റിയതാണെന്ന് ഡോക്ടർ പറഞ്ഞപ്പോൾ എഴുതിത്തരണമെന്ന് കുട്ടിയുടെ രക്ഷിതാക്കൾ ആവശ്യപ്പെട്ടപ്പോൾ കുടുക്കാനാണോ നിങ്ങളുടെ ശ്രമമെന്നായിരുന്നു ഡോക്ടറുടെ ചോദ്യം. എഴുതി തരാതെ പോകില്ലെന്ന് പറഞ്ഞതോടെയാണ് കുറിപ്പടിയിൽ എഴുതിയത്. സംഭവം വിവാദമായതോടെയാണ് ആരോഗ്യമന്ത്രി റിപ്പോർട്ട് തേടുകയും ഡോ. ബിജോൺ ജോൺസണെ സസ്‌പെൻഡ് ചെയ്യുകയും ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തത്.

Advertisement
Advertisement