കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയയിൽ പിഴവ്; കൈയ്ക്ക് പൊട്ടലുളള യുവാവിന് കമ്പി മാറിയിട്ടെന്ന് പരാതി
കോഴിക്കോട്: മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയയിൽ പിഴവ്. കൈയ്ക്ക് പൊട്ടൽ സംഭവിച്ച 24കാരനായ അജിത്തിന് കമ്പി മാറിയിട്ടെന്നാണ് പരാതി. ശസ്ത്രക്രിയ്ക്ക് ശേഷം യുവാവിന് വേദന ശക്തമായപ്പോഴാണ് പിഴവ് മനസിലായത്. സംഭവം പുറത്തുവന്നതോടെ രാത്രി വീണ്ടും ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടർ പറഞ്ഞതായി അജിത്തിന്റെ അമ്മ പറഞ്ഞു. നിരസിച്ചപ്പോൾ ഡോക്ടർ ദേഷ്യപ്പെട്ടതായി അജിത്തും വ്യക്തമാക്കി.
വാഹനാപകടത്തെ തുടർന്നാണ് അജിത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്ക് വേണ്ടി ഒരാഴ്ചയോളമാണ് യുവാവ് ആശുപത്രിയിൽ കഴിഞ്ഞത്. പൊട്ടലുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും ശസ്ത്രക്രിയ ഒരാഴ്ച നീട്ടുകയായിരുന്നു. മറ്റൊരു രോഗിയുടെ കമ്പിയാണ് ഡോക്ടർ അജിത്തിന്റെ കൈയിലിട്ടത്. ശസ്ത്രക്രിയയ്ക്കായി വാങ്ങി കൊടുത്ത കമ്പിയല്ല മകന് ഇട്ടതെന്ന് യുവാവിന്റെ അമ്മ പറഞ്ഞു. കൈ വേദന അസഹനീയമായപ്പോൾ അജിത്തിന് അനസ്തേഷ്യ നൽകി. 3000 രൂപയുടെ ശസ്ത്രക്രിയ ഉപകരണങ്ങൾ തങ്ങൾ വാങ്ങി നൽകിയെങ്കിലും അതൊന്നും ഡോക്ടർ ഉപയോഗിച്ചിട്ടില്ലെന്നും അജിത്തിന്റെ അമ്മ പറയുന്നു.
അതേസമയം, കഴിഞ്ഞ വ്യാഴാഴ്ചയും കോഴിക്കോട് മെഡിക്കൽ കോളേജിൽ സമാനസംഭവം നടന്നിരുന്നു. മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയ്ക്കായി എത്തിയ നാലുവയസുകാരിക്കാണ് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചത്. നാല് വയസുകാരിക്ക് വിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയെന്ന കുടുബത്തിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അസോസിയേറ്റ് പ്രൊഫസർ ഡോ. ബിജോൺ ജോൺസണ് എതിരെയാണ് കേസെടുത്തത്. സംഭവത്തിൽ ഡോ. ബിജോണ്‍ ജോണ്‍സണെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു.
സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമർപ്പിക്കാൻ മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. വിശദമായ അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കാനും മന്ത്രി നിർദ്ദേശം നൽകിയിരുന്നു. ചികിത്സാപ്പിഴവ് വരുത്തിയ ഡോക്ടർക്കെതിരെ നടപടിയെടുക്കുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് നേരത്തെ അറിയിച്ചിരുന്നു.
കൈയിലെ ആറാംവിരൽ നീക്കം ചെയ്യാനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കുട്ടിയുടെ നാവിനായിരുന്നു ഓപ്പറേഷൻ നടത്തിയത്. ചെറുവണ്ണൂർ മധുരബസാർ സ്വദേശിനിക്കാണ് ദുരനുഭവം ഉണ്ടായത്. അതേസമയം സംഭവത്തിൽ ഡോക്ടറെ ന്യായീകരിച്ച് കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) രംഗത്തെത്തിയിരുന്നു. ഡോക്ടറെ സസ്പെൻഡ് ചെയ്ത നടപടി നിർഭാഗ്യകരമെന്ന് മെഡിക്കൽ കോളേജ് അദ്ധ്യാപകരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ കുറ്റപ്പെടുത്തി.
വസ്തുതകൾ അന്വേഷിക്കാതെയും കൃത്യമായ അന്വേഷണം നടത്താതെയും ധൃതി പിടിച്ച് നടത്തിയ സസ്പെൻഷൻ നിർഭാഗ്യകരമാണ്. ഇത്തരം നടപടികൾ പ്രതികൂലമായ സാഹചര്യങ്ങളിലും സ്തുത്യർഹമായ സേവനം നൽകുന്ന മെഡിക്കൽ കോളേജ് അദ്ധ്യാപകരുടെ ആത്മവീര്യം തകർക്കുമെന്നും കെ.ജി.എം.സി.ടി.എ പ്രസ്താവനയിൽ അറിയിച്ചു.നാലുവയസുകാരിയുടെ നാക്കിന്റെ അറ്റം മുറിച്ച് എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും സംഘടന വിശദീകരിച്ചു.