‌'ഡ്രൈവിംഗ് സ്കൂളുകാരെ ഇളക്കി വിട്ട എല്ലാ ഉദ്യോഗസ്ഥരെയും നോക്കി വച്ചിട്ടുണ്ട്, വെറുതെ നടപടി വാങ്ങരുത്'

Sunday 19 May 2024 10:24 AM IST

കൊല്ലം: സംസ്ഥാനത്ത് നടപ്പിലാക്കിയ ‌ലൈസൻസ് പരിഷ്കരണത്തിനെതിരെ സമരം നടത്താൻ ഡ്രൈവിംഗ് സ്കൂളുകാരെ ഇളക്കിവിട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാർ. നല്ല ലൈസൻസ് സംവിധാനം കേരളത്തിൽ വേണമെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരുടെ വിവരങ്ങൾ പട്ടികയിലുണ്ടെന്നും അവരെ വേറെ കാര്യം പറഞ്ഞ് പിടിക്കുമെന്നും ഗണേശ് കുമാർ കൂട്ടിച്ചേർത്തു.

'വണ്ടി ഓടിക്കാനറിയുന്നവർ വാഹനമോടിച്ച് റോഡിലിറങ്ങിയാൽ മതി. എന്റെ നിലപാടിനൊപ്പം നിന്ന പൊതുജനങ്ങളുണ്ട്. ഡ്രൈവിംഗ് സ്കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട എല്ലാ ഉദ്യോഗസ്ഥരെയും കൈകാര്യം ചെയ്യും. ഉദ്യോഗസ്ഥരുടെ പട്ടികയുണ്ട്. ആളുകളെ എണ്ണിവച്ചിട്ടുണ്ട്. അവരെ വേറെ കാര്യം പറഞ്ഞ് പിടിക്കും.

അവസാനം ഡ്രൈവിംഗ് ടെസ്റ്റിനെതിരെ സമരം നടത്തിയ സ്കൂൾ ഉടമകൾ മന്ത്രി പറയുന്നതാണ് ശരിയെന്ന നിലയിലേക്കെത്തി. സമരക്കാരോട് ചർച്ച ചെയ്ത് സമവായത്തിലെത്തി. ഒരേസമയം കൂടുതൽ ഡ്രൈവിംഗ് ലൈസൻസ് പാസാക്കുന്നവരെ സ്ക്വാഡ് പരിശോധിക്കും. പത്ത് ലക്ഷം ലൈസൻസ് കെട്ടിക്കിടക്കുന്നുവെന്നത് ശരിയല്ല. രണ്ടുലക്ഷത്തി ഇരുപത്തിയാറായിരം ലൈസൻസ് മാത്രമാണ് ഇനി നൽകാനുള്ളത്.

റേഷൻ കാർഡ് പോലെ ലൈസൻസ് വാരിക്കൊടുക്കാൻ കഴിയില്ല. ഒറ്റ ദിവസം 126 ലൈസൻസും ഫിറ്റ്‌നെസും ടെസ്റ്റ്‌ ചെയ്ത ഉദ്യോഗസ്ഥർ മോട്ടോർ വാഹന വകുപ്പിലുണ്ട്. ഇത് വകുപ്പിന് നാണക്കേടാണ്. ഡ്രൈവിംഗ് പരിശീലനം കൂടാതെ കൈതെളിയാൻ സ്‌കൂളുകാർ അധിക തുക വാങ്ങുകയാണ്. ഇത് അംഗീകരിക്കാൻ കഴിയില്ല. കൈതെളിയാതെ വരുന്നവർക്ക് ലൈസൻസ് കൊടുക്കുന്ന ഉദ്യോഗസ്ഥരെ കൊണ്ട് കൈതെളിയും വരെ എഴുതിക്കും. എല്ലാത്തിനും മുകളിൽ ക്യാമറ പോലെ തന്റെ കണ്ണുകൾ ഉണ്ടാകും. വെറുതെ പിടിക്കപ്പെട്ട് നടപടി വാങ്ങരുത്'- ഗണേശ് കുമാർ വ്യക്തമാക്കി.

കഴിഞ്ഞ ബുധനാഴ്ചയാണ് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ‌ഡ്രൈവിംഗ് സ്കൂൾ സമരസമിതി നടത്തി വന്നിരുന്ന സമരം പിൻവലിച്ചത്. പരിഷ്കരണത്തിൽ ഗണേശ് കുമാറും മോട്ടോർ വാഹനവകുപ്പും തയ്യാറായതോടെയാണ് സമരം പിൻവലിക്കാൻ ഡ്രൈവിംഗ് സ്‌കൂൾ സമര സമിതി തീരുമാനിച്ചത്. മന്ത്രിയും ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലേതായിരുന്നു തീരുമാനം.

'ടെസ്റ്റ് വാഹനങ്ങളുടെ പഴക്കം 15 വർഷത്തിൽ നിന്ന് 18 വർഷമാക്കി ഉയർത്താൻ തീരുമാനിച്ചതായി ഗണേശ് കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഡ്രൈവിംഗ് പരിഷ്കരണ സർക്കുലർ പിൻവലിക്കില്ല. എന്നാൽ, സർക്കുലറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും. രണ്ട് ക്ലച്ചും ബ്രേക്കുമുള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാം. മറ്റൊരു സംവിധാനം ഒരുക്കുന്നതുവരെയായിരിക്കും ഈ ഇളവുകൾ. ക്വാളിറ്റിയുള്ള ലൈസൻസ് ഉറപ്പാക്കുകയാണ് ലക്ഷ്യം. ടെസ്റ്റ് വാഹനങ്ങളിലെ ക്യാമറ മോട്ടോർ വാഹന വകുപ്പ് വെക്കും.

പ്രതിദിന ടെസ്റ്റുകളുടെ എണ്ണത്തിൽ മാറ്റം വരുത്തി. ഒരു എംവിഐ മാത്രമുള്ള സ്ഥലത്ത് പ്രതിദിനം 40 ടെസ്റ്റുകളും രണ്ട് എംവിഐമാരുള്ള സ്ഥലത്ത് 80 ടെസ്റ്റുകളും പ്രതിദിനം നടത്തും. ഡ്രൈവിംഗ് സ്കൂൾ പരിശീലന ഫീസ് ഏകോപിപ്പിക്കാനും തീരുമാനിച്ചു. ഇത് പഠിക്കാൻ പുതിയ കമ്മീഷനെ നിയോഗിക്കും. പഴയതുപോലെ ആദ്യം എച്ച് ടെസ്റ്റും അതിനുശേഷം റോഡ‍് ടെസ്റ്റും നടത്തും. കെഎസ്ആർടിസി ‌‌ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കും'- മന്ത്രി അന്ന് വ്യക്തമാക്കിയിരുന്നു.

Advertisement
Advertisement