കനത്ത മഴയിൽ പളളി സെമിത്തേരിയുടെ ചുറ്റുമതിൽ തകർന്ന് മൃതദേഹം പുറത്തേക്ക് വന്നു; സംഭവം പത്തനംതിട്ടയിൽ

Sunday 19 May 2024 11:46 AM IST

പത്തനംതിട്ട:കനത്ത മഴയെ തുടർന്ന് പളളി സെമിത്തേരിയുടെ കല്ലറ പൊളിഞ്ഞ് മൃതദേഹം പെട്ടിയോടെ പുറത്തുവന്നു. പുറമറ്റം കവുങ്ങും പ്രയാർ മാർത്തോമ പള്ളിയുടെ സെമിത്തേരി മതിലാണ് തകർന്നത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. ശവപ്പെട്ടി പിന്നീട് മറ്റൊരിടത്തേക്ക് മാറ്റി. മതിൽ തകർന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നു. എന്നാൽ കല്ലറ തകർന്നെന്ന് സമ്മതിച്ച പളളി അധികൃതർ ശവപ്പെട്ടി പുറത്തുവന്നെന്ന വിവരം നിഷേധിക്കുകയായിരുന്നു.

അതേസമയം, ജില്ലയിൽ അതിശക്തമായ മഴയിൽ ഗവി മൂഴിയാറിന് സമീപം മണ്ണിടിഞ്ഞു. കുമളിയിൽ നിന്ന് പത്തനംതിട്ടയ്ക്ക് പോയ കെഎസ്ആർടിസി ബസ് വഴിയിൽ കുടുങ്ങി. ഇതോടെ മണ്ണ് നീക്കാനുളള ശ്രമത്തിലാണ് നാട്ടുകാരും പൊലീസും. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മൂഴിയാറിൽ മണ്ണിടിഞ്ഞത്. വലിയ തോതിലുള്ള മണ്ണിടിച്ചിലല്ലെങ്കിലും വാഹന​ങ്ങൾ കടന്നുപോകുന്നതിന് തടസം ഉണ്ടായിട്ടുണ്ട്.

കനത്ത മഴയെതുടർന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പത്തനംതിട്ടയിൽ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിൽ അതിശക്തമായ മഴ ലഭിക്കുമെന്നും ജാഗ്രത വേണമെന്നുമാണ് നി‍ർദ്ദേശം. റെഡ‍് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പത്തനംതിട്ടയിൽ വിപുലമായ മുന്നൊരുക്കങ്ങളാണ് നടത്തി വരുന്നത്. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവ‍ർത്തിക്കാനുളള സ്ഥലങ്ങൾ കണ്ടെത്തി മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള മേഖലയിലെ ആളുകളെ ആവശ്യമെങ്കിൽ മാറ്റിപ്പാർപ്പിക്കും. 44 ഇടങ്ങളിൽ പ്രകൃതിദുരന്ത സാദ്ധ്യതയെന്നാണ് വിലയിരുത്തൽ.

കടലാക്രമണ സാദ്ധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനം പാടില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇന്നും നാളെയും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ 24 മണിക്കൂറിൽ 204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കും. തെക്കൻ തമിഴ്‌നാടിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിനൊപ്പം തെക്കൻ ഛത്തീസ്‌ഗഢിൽ നിന്ന് തെക്കൻ കർണാടക വരെയും മറാത്തവാഡയിൽ നിന്ന് തെക്കൻ തമിഴ്‌നാട് വഴി ചക്രവാതച്ചുഴിയിലേക്കും നീളുന്ന രണ്ട് ന്യൂനമർദ്ദപാത്തികളും കാരണമാണ് മഴ ശക്തമാകുന്നത്.

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മേയ്‌ 22ന് സീസണിലെ ആദ്യ ന്യൂനമർദ്ദം രൂപപ്പെടാനും സാദ്ധ്യതയുണ്ട്. അതേസമയം 22ന് ആൻഡമാനിലെത്തേണ്ട തെക്കുപടിഞ്ഞാറൻ കാലവർഷം ഇന്ന് എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മേയ് 31ന് കാലവർഷം കേരള തീരത്തെത്തും.

കഴിഞ്ഞ ദിവസം രാത്രി പെയ്ത ശക്തമായ മഴ തിരുവനന്തപുരം നഗരത്തിലെ പലയിടങ്ങളെയും വെള്ളത്തിനടിയിലാക്കി. അട്ടക്കുളങ്ങര, മുക്കോലയ്ക്കൽ, ഉള്ളൂർ, ചാക്ക തുടങ്ങിയ വിവിധയിടങ്ങളിലാണ് വെള്ളം കയറിയത്. സ്മാർട്ട് റോഡ് നിർമാണത്തിനായി റോഡുകൾ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്.

ചാക്ക ജംഗ്ഷനിലെ വെള്ളക്കെട്ട് വിമാനത്താവളത്തിലേക്ക് വന്ന യാത്രക്കാരെയും ഏറെ വലച്ചു. ഇവിടത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ അടുത്തിടെ ലക്ഷങ്ങൾ മുടക്കി അധികൃതർ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നതാണ്. അതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇന്നത്തെ വെള്ളക്കെട്ട്. അട്ടക്കുളങ്ങരയിൽ വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറി എന്നും റിപ്പോർട്ടുണ്ട്. ജില്ലയിൽ പലയിടങ്ങളിലും മഴ ഇപ്പോഴും തുടരുകയാണ്.

ശക്തമായ മഴ കാരണം പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചിട്ടുണ്ട്. ജില്ലയിലെ മലയോര - കായലോര മേഖലകളിലേക്കുള്ള അവശ്യ സർവീസുകൾ ഒഴികെയുള്ള ഗതാഗതം, ക്വാറിയിംഗ്, മൈനിംഗ് പ്രവർത്തനങ്ങൾ എന്നിവ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചിട്ടുണ്ട്. കടലോര പ്രദേശങ്ങളിലേക്കുള്ള വിനോദ സഞ്ചാരം ഉൾപ്പെടെയുള്ളവയ്ക്കും നിരോധനമുണ്ട്.