മെഡിക്കൽ കോളേജിൽ രോഗിക്ക് കമ്പി മാറിയിട്ടെന്ന ആരോപണം; അടിസ്ഥാന രഹിതമെന്ന് ഓർത്തോ വിഭാഗം മേധാവി

Sunday 19 May 2024 3:40 PM IST

കോഴിക്കോട്: കെെയ്ക്ക് പൊട്ടൽ സംഭവിച്ച രോഗിക്ക് കമ്പി മാറിയിട്ടെന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ഓർത്തോപീഡിക്‌സ് വിഭാഗം മേധാവി ഡോക്ടർ ജേക്കബ് മാത്യു. സാധാരണ ഇത്തരം ഒടിവുമായെത്തുന്ന രോഗികൾക്ക് നൽകുന്ന സ്റ്റാൻഡേർഡ് ചികിത്സയും സർജറിയുമാണ് ഇവിടെ നടത്തിയിട്ടുള്ളതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. കൈയ്ക്ക് പൊട്ടൽ സംഭവിച്ച 24കാരനായ അജിത്തിന് കമ്പി മാറിയിട്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്ടർ ജേക്കബ് മാത്യു പ്രതികരിച്ചത്.

'കെെയിലെ മുട്ടിന് താഴെ ഒടിവുണ്ടായതിനാലാണ് വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം ശസ്ത്രക്രിയ നടത്തി പ്ലേറ്റ് ഇട്ടത്. ആ ഒടിവിന് താഴെയുള്ള ജോയിന്റ് ഇളകിയതിനാൽ അത് ഉറപ്പിക്കാനായി മറ്റൊരു കമ്പി കൂടി ഇട്ടു. തൊലിപ്പുറത്തുനിന്ന് എല്ലിനോട് ചേർന്നാണ് താൽക്കാലികമായി നാല് ആഴ്ചയ്ക്ക് വേണ്ടി ഈ കമ്പി ഇട്ടത്. ഈ കമ്പി പിന്നീട് മാറ്റും. ആദ്യമിട്ട പ്ലേറ്റ് അവിടെ തുടരും. അല്ലാതെ കമ്പി മാറിയതല്ല. മറ്റു രോഗികൾക്കും സാധാരണ എങ്ങനെയാണോ ചെയ്യുന്നത് അതാണ് ഈ രോഗിക്കും ചെയ്തത്. ശസ്ത്രക്രിയ വിജയമാണ്. ഈ മാസം ഇതേ മെഡിക്കൽ കോളജിൽ ഇത്തരത്തിലുള്ള ഒടിവിനുള്ള ശസ്ത്രക്രിയകൾ നടത്തിയ മറ്റ് രോഗികളുടെ എക്‌സ്റേകളും ഇതിന് തെളിവാണ്. വസ്തുതകൾ അറിയാതെ മെഡിക്കൽ കോളേജിനെ മോശമായി ചിത്രീകരിക്കുന്ന തെറ്റിദ്ധാരണ പരത്തുന്ന ആരോപണങ്ങൾ നടത്തരുത്', അദ്ദേഹം ആവശ്യപ്പെട്ടു.

വാഹനാപകടത്തെ തുടർന്നാണ് കോതിപ്പാലെ സ്വദേശി അജിത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്ക് വേണ്ടി ഒരാഴ്ചയോളമാണ് യുവാവ് ആശുപത്രിയിൽ കഴിഞ്ഞത്. പൊട്ടലുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും ശസ്ത്രക്രിയ ഒരാഴ്ച നീട്ടി. ശസ്ത്രക്രിയ്ക്ക് ശേഷം യുവാവിന് വേദന ശക്തമായി. രാത്രി വീണ്ടും ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടർ പറഞ്ഞതായി അജിത്തിന്റെ അമ്മ പറഞ്ഞു. നിരസിച്ചപ്പോൾ ഡോക്ടർ ദേഷ്യപ്പെട്ടതായി അജിത്തും വ്യക്തമാക്കി.

മറ്റൊരു രോഗിയുടെ കമ്പിയാണ് അജിത്തിന്റെ കൈയിലിട്ടതെന്നും ആരോപണമുണ്ട്. ശസ്ത്രക്രിയയ്ക്കായി വാങ്ങി കൊടുത്ത കമ്പിയല്ല മകന് ഇട്ടതെന്ന് യുവാവിന്റെ അമ്മ പറഞ്ഞു. കൈ വേദന അസഹനീയമായപ്പോൾ അജിത്തിന് അനസ്തേഷ്യ നൽകി. 3000 രൂപയുടെ ശസ്ത്രക്രിയ ഉപകരണങ്ങൾ തങ്ങൾ വാങ്ങി നൽകിയെങ്കിലും അതൊന്നും ഡോക്ടർ ഉപയോഗിച്ചിട്ടില്ലെന്നും അജിത്തിന്റെ അമ്മ പറയുന്നു. പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് കേസ് എടുത്തിട്ടുണ്ട്.

Advertisement
Advertisement