സഞ്ജുവിന്റെ ടീം തോറ്റാല്‍ ഹൈദരാബാദിന് രണ്ടാം സ്ഥാനം, പഞ്ചാബ് കിംഗ്‌സിനെ നാല് വിക്കറ്റിന് വീഴ്ത്തി

Sunday 19 May 2024 7:32 PM IST

ഹൈദരാബാദ്: ലീഗ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെ തോല്‍പ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. 215 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റുകളും അഞ്ച് പന്തുകളും ബാക്കി നില്‍ക്കെയാണ് ഹൈദരാബാദ് മറകടന്നത്. ലീഗ് ഘട്ടത്തിലെ തങ്ങളുടെ 14 മത്സരങ്ങളും പൂര്‍ത്തിയാക്കിയ ഹൈദരാബാദ് 17 പോയിന്റുകളുമായി രണ്ടാം സ്ഥാനത്താണ്. ഇന്ന് രാത്രി നടക്കുന്ന രാജസ്ഥാന്‍ - കൊല്‍ക്കത്ത മത്സരത്തില്‍ രാജസ്ഥാന്‍ തോറ്റാല്‍ ഹൈദരാബാദിന് രണ്ടാം സ്ഥാനം നിലനിര്‍ത്താം.

സ്‌കോര്‍: പഞ്ചാബ് കിംഗ്‌സ് 214-5 (20), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 215-6 (19.1)

കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഹൈദരാബാദ് ഇന്നിംഗ്‌സിന്റെ ആദ്യ പന്തില്‍ തന്നെ ട്രാവിസ് ഹെഡ് 0(1) അര്‍ഷ്ദീപിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആയി പുറത്തായി. തകര്‍പ്പന്‍ ഫോം തുടരുന്ന അഭിഷേക് ശര്‍മ്മ 66(28), രാഹുല്‍ തൃപാതി 33(18) സഖ്യം അവരെ മുന്നോട്ട് നയിച്ചപ്പോള്‍ അഞ്ചോവറില്‍ സ്‌കോര്‍ 72. പിന്നീട് നിതീഷ് കുമാര്‍ റെഡ്ഡി 37(25), ഹെയ്ന്റിച്ച് ക്ലാസന്‍ 42(26) എന്നിവരുടെ മികവില്‍ എസ്ആര്‍എച്ച് ജയത്തിലേക്ക് എത്തുകയായിരുന്നു. അബ്ദുള്‍ സമദ് 11*(8), സന്‍വീര്‍ സിംഗ് 6*(4) എന്നിവര്‍ പുറത്താകാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്‌സിന് വേണ്ടി അഥര്‍വ ടെയ്ഡ് 46(27), പ്രഭ്‌സിംറാന്‍ സിംഗ് 71(45) സഖ്യം ഒന്നാം വിക്കറ്റില്‍ 9.1 ഓവറില്‍ 97 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. മൂന്നാമനായി എത്തിയ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ റൈലി റുസോവ് 49(24) റണ്‍സ് നേടി. സശാങ്ക് സിംഗ് 2(4) റണ്‍സ് നേടി പുറത്തായപ്പോള്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മ 32(15) റണ്‍സ് നേടി ടീം സ്‌കോര്‍ 200 കടത്തി. ഹൈദരാബാദിന് വേണ്ടി ടി. നടരാജന്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, ശ്രീലങ്കന്‍ താരം വിജയകാന്ത് വ്യാസ്‌കാന്ത് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.